എട്ടു വർഷം നീണ്ട പ്രണയത്തിനൊടുവിൽ കാമുകൻ മറ്റൊരാളെ വിവാഹം കഴിക്കാൻ തീരുമാനിച്ചതിൽ മനംനൊന്ത് മുംബൈയിൽ ഐടി പ്രൊഫഷണലായ യുവതി ആത്മഹത്യ ചെയ്തു.
ആന്ധ്രാപ്രദേശ് ഗുണ്ടൂർ സ്വദേശിനിയായ കീർത്തി (26) ആണ് മുംബൈയിലെ പേയിങ് ഗസ്റ്റിൽ ജീവനൊടുക്കിയത്. പ്രകാശം ജില്ലയിലെ പൊണ്ടൂർ ഗ്രാമവാസിയായ സായ് സുമന്തുമായി കീർത്തി കഴിഞ്ഞ എട്ടു വർഷമായി പ്രണയത്തിലായിരുന്നു.
എന്നാൽ, സുമന്തിന്റെ കുടുംബം മറ്റൊരു യുവതിയുമായി ഇദ്ദേഹത്തിന്റെ വിവാഹം നിശ്ചയിച്ചതോടെ കീർത്തി കടുത്ത മാനസിക സമ്മർദ്ദത്തിലാവുകയായിരുന്നു. മരണത്തിനു മുൻപ് കീർത്തി എഴുതിയ ആത്മഹത്യാക്കുറിപ്പിൽ നിർണ്ണായകമായ ആവശ്യങ്ങൾ ഉന്നയിച്ചിരുന്നു.
തന്റെ മരണാനന്തര ചടങ്ങുകൾ കാമുകന്റെ ജന്മനാട്ടിൽ വെച്ച് നടത്തണമെന്നും, തന്റെ ഭൗതികശരീരത്തിൽ താലി ചാർത്തണമെന്നും യുവതി കുറിപ്പിൽ ആവശ്യപ്പെട്ടിരുന്നു. മുംബൈയിൽ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം ബന്ധുക്കൾ മൃതദേഹം പ്രകാശം ജില്ലയിലെ പൊണ്ടൂരിലുള്ള സായ് സുമന്തിന്റെ വീട്ടിലെത്തിച്ചു.
തുടർന്ന് മൃതദേഹവുമായി വീട്ടുകാരും ബന്ധുക്കളും ചേർന്ന് അവിടെ പ്രതിഷേധം സംഘടിപ്പിച്ചു. വിവരമറിഞ്ഞ് തങ്കുതുരു പോലീസ് സ്ഥലത്തെത്തി സ്ഥിതിഗതികൾ ശാന്തമാക്കി.
തുടർന്ന് പോലീസ് സാന്നിധ്യത്തിലും നാട്ടുകാരുടെ സഹകരണത്തോടെയും കീർത്തിയുടെ അന്ത്യകർമ്മങ്ങൾ കാമുകന്റെ ഗ്രാമമായ പൊണ്ടൂരിൽ തന്നെ പൂർത്തിയാക്കി. (ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല.
മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്ലൈൻ നമ്പരുകൾ – 1056, 0471- 2552056)

