ലഹരി-മയക്കുമരുന്ന് കുറ്റകൃത്യങ്ങളെ ഫലപ്രദമായി നേരിടാൻ ലക്ഷ്യമിട്ട് കേരളത്തിൽ സ്റ്റേറ്റ് നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ പ്രവർത്തനങ്ങൾ ആരംഭിക്കാൻ അനുമതിയായി. സർക്കാരിന് അധിക സാമ്പത്തിക ബാധ്യത വരുത്താതെ, നിലവിലുള്ള വകുപ്പിലെ തസ്തികകൾ പുനർവിന്യസിച്ചും ഉദ്യോഗസ്ഥർക്ക് അധിക ചുമതലകൾ നൽകിയുമാണ് പുതിയ സംവിധാനം സജ്ജമാക്കുന്നത്.
എക്സൈസ് മന്ത്രി എം ലിജു ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ബ്യൂറോയുടെ സുഗമമായ പ്രവർത്തനത്തിനായി ആകെ 389 തസ്തികകളാണ് സർക്കാർ അനുവദിച്ചിരിക്കുന്നത്.
ഇതിൽ 367 എണ്ണം നിലവിലുള്ള തസ്തികകൾ പുനർവിന്യസിച്ചും 22 എണ്ണത്തിന് അധിക ചുമതലകൾ നൽകിയുമാണ് ക്രമീകരിച്ചിരിക്കുന്നത്. പ്രധാന സവിശേഷതകൾ:
എക്സൈസ് കമ്മീഷണർ ആയിരിക്കും സ്റ്റേറ്റ് നാർക്കോട്ടിക് കൺട്രോൾ ബ്യൂറോയുടെ തലവൻ.
തിരുവനന്തപുരത്തെ എക്സൈസ് കമ്മീഷണറേറ്റ് ആസ്ഥാനമാക്കിയാണ് ഇതിന്റെ പ്രവർത്തനം. സംസ്ഥാന തല സംവിധാനത്തിന് പുറമേ, എല്ലാ ജില്ലകളിലും പ്രത്യേകമായി ജില്ലാ ഓപ്പറേഷൻസ് യൂണിറ്റുകളും ജില്ലാ ഇന്റലിജൻസ് യൂണിറ്റുകളും പ്രവർത്തിക്കും.
പ്രവർത്തന മേഖലകൾ:
ബ്യൂറോയുടെ ഹെഡ്ക്വാർട്ടേഴ്സിൽ ഓപ്പറേഷൻസ് വിംഗ്, ഇന്റലിജൻസ് വിംഗ്, റിസർച്ച് ആൻഡ് അനാലിസിസ് വിംഗ്, സൈബർ ഇന്റലിജൻസ് ആൻഡ് സൈബർ ഓപ്പറേഷൻസ് വിംഗ് എന്നിങ്ങനെ വിവിധ വിഭാഗങ്ങളുണ്ടാകും. മയക്കുമരുന്ന് മാഫിയകളെ നിരീക്ഷിക്കുന്നതിനും ശാസ്ത്രീയ അന്വേഷണങ്ങൾ നടത്തുന്നതിനും ഈ സംവിധാനം സഹായിക്കും.
പ്രത്യേകിച്ച് സൈബർ നിരീക്ഷണം, ഡിജിറ്റൽ അന്വേഷണങ്ങൾ, സാങ്കേതിക വിവരശേഖരണം എന്നിവയ്ക്കായി പ്രത്യേക ഊന്നൽ നൽകും. കൂടാതെ, സൈബർ സുരക്ഷ, ഡിജിറ്റൽ ഫോറൻസിക്സ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് തുടങ്ങിയ മേഖലകളിൽ പ്രാവീണ്യമുള്ള വിദഗ്ധരെയും വിദ്യാർഥികളെയും ഉൾപ്പെടുത്തി ഒരു സന്നദ്ധ ശൃംഖല രൂപീകരിക്കാനും സർക്കാർ അനുമതി നൽകിയിട്ടുണ്ട്.
അടിയന്തരമായി ഉദ്യോഗസ്ഥരുടെ പുനർവിന്യാസം പൂർത്തിയാക്കി പ്രവർത്തനങ്ങൾ ആരംഭിക്കാൻ എക്സൈസ് കമ്മീഷണർക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. ലഹരിമുക്ത കേരളം എന്ന ലക്ഷ്യത്തിലേക്കുള്ള എക്സൈസ് വകുപ്പിന്റെ നിർണായക ചുവടുവെപ്പായാണ് ഈ മാറ്റത്തെ വിലയിരുത്തുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

