സംസ്ഥാനത്തെ മെഡിക്കൽ കോളേജ് ആശുപത്രികളിൽ ബാനറും കൊടിയും ഉപയോഗിച്ച് പൊതിച്ചോറ് വിതരണം ചെയ്യുന്നത് അനുവദിക്കില്ലെന്ന മന്ത്രിയുടെ പ്രസ്താവനയ്ക്കെതിരെ ഡിവൈഎഫ്ഐ രംഗത്ത്. പദ്ധതി അവസാനിപ്പിക്കാൻ തീരുമാനിച്ചിട്ടില്ലെന്ന് ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡൻറ് വി വസീഫ് വ്യക്തമാക്കി.
“ഞങ്ങൾ പൊതിച്ചോറ് പദ്ധതി നിർത്തലാക്കാൻ തീരുമാനിച്ചിട്ടില്ലെന്ന് വി വസീഫ് പറഞ്ഞു. ഭരണപക്ഷം ഞങ്ങളുടെ പദ്ധതി നിർത്തലാക്കുമെന്ന് പറയുന്നു.
എല്ലാം മുടക്കുക എന്നുള്ളതാണ് ഭരണപക്ഷത്തിന്റെ രീതി. തുടർന്നുകൊണ്ടേയിരിക്കുക എന്നുള്ളതാണ് ഞങ്ങളുടെ രീതിയെന്നും വസീഫ് പറഞ്ഞു.” ആശുപത്രികളിൽ സർക്കാർ സംവിധാനത്തിലൂടെ കമ്മ്യൂണിറ്റി കിച്ചണുകൾ ആരംഭിക്കുന്നതിനെ സ്വാഗതം ചെയ്യുന്നുവെന്നും, എന്നാൽ അത് പാവപ്പെട്ട
രോഗികൾക്ക് ഭക്ഷണം മുടങ്ങാത്ത രീതിയിൽ ആകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. “മെഡിക്കൽ കോളേജുകളിൽ കമ്മ്യൂണിറ്റി കിച്ചണുകൾ ഇല്ലാത്തതുകൊണ്ടാണ് ഈ പദ്ധതിയുമായി ഞങ്ങൾ മുന്നോട്ടുപോകുന്നത്.
കമ്മ്യൂണിറ്റി കിച്ചണുകൾ തുടങ്ങട്ടെ, ഭക്ഷണം മുടങ്ങാതിരുന്നാൽ മതി. കൊടിയും ബാനറും വെക്കുന്നതിൽ എന്താ പ്രശ്നം.
സർക്കാർ സംവിധാനം വരട്ടെ. എന്തിനാണ് ഞങ്ങളുടെ പദ്ധതിയെ തകർക്കാൻ നോക്കുന്നത്.
ഞങ്ങൾക്ക് മറ്റു താല്പര്യങ്ങൾ ഇല്ല, പൊതിച്ചോറ് മുടങ്ങരുത്. ഞങ്ങൾ കൊടിയുടെ നിറം നോക്കി അല്ല ഭക്ഷണം കൊടുക്കുന്നതെന്നും മറ്റുള്ളവരും ഇത് മാതൃകയാക്കട്ടെയെന്നും വസീഫ് പറഞ്ഞു.” സർക്കാരിന്റെ തീരുമാനം ദൗർഭാഗ്യകരമാണെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ് വിമർശിച്ചു.
“ദുഷ്ടബുദ്ധിയോടെയുള്ള നീക്കമാണ് സർക്കാരിന്റേത്. ആരൊക്കെ എതിർത്താലും ഡിവൈഎഫ്ഐയുടെ പൊതിച്ചോർ വിതരണം തുടരുമെന്നും വി കെ സനോജ് പറഞ്ഞു.” ആലപ്പുഴ മെഡിക്കൽ കോളേജിൽ വെച്ച് നടന്ന വാർത്താസമ്മേളനത്തിലാണ് ആരോഗ്യമന്ത്രി പുതിയ പദ്ധതിയെക്കുറിച്ച് പ്രഖ്യാപിച്ചത്.
ആശുപത്രി പരിസരങ്ങളിൽ ബാനറുകളും കൊടികളും ഉപയോഗിച്ചുള്ള ഭക്ഷണം വിതരണം അനുവദിക്കില്ലെന്നും, പകരം സർക്കാർ സംവിധാനത്തിൽ കമ്മ്യൂണിറ്റി കിച്ചണുകൾ ആരംഭിക്കുമെന്നും മന്ത്രി അറിയിച്ചു. ജി സുധാകരൻ നേരത്തെ പൊതിച്ചോറ് വിതരണത്തിനെതിരെ നടത്തിയ പരാമർശങ്ങൾ രാഷ്ട്രീയ ചർച്ചകൾക്ക് വഴിതുറന്നിരുന്നു.
എന്നാൽ, പിന്നീട് അദ്ദേഹം തന്റെ നിലപാടിൽ അയവ് വരുത്തുകയുണ്ടായി. ആശുപത്രികളിലെ സൗജന്യ ഭക്ഷണവിതരണവുമായി ബന്ധപ്പെട്ട് സർക്കാർ തലത്തിൽ കൂടുതൽ നടപടികൾ വരാനിരിക്കെയാണ് ഡിവൈഎഫ്ഐ കടുത്ത എതിർപ്പുമായി മുന്നോട്ടുപോകുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

