ഇന്ത്യൻ കറൻസി വിപണിയിൽ വലിയ മാറ്റങ്ങൾക്ക് വഴിയൊരുക്കിക്കൊണ്ട് പ്ലാസ്റ്റിക് അഥവാ പോളിമർ നോട്ടുകൾ അവതരിപ്പിക്കാൻ കേന്ദ്ര നീക്കം. നിലവിൽ പ്രചാരത്തിലുള്ള കടലാസ് നോട്ടുകൾക്ക് പകരം കൂടുതൽ ഈടുനിൽപ്പും സുരക്ഷയുമുള്ള പോളിമർ കറൻസികൾ കൊണ്ടുവരുന്നതിനായുള്ള പ്രാരംഭ നടപടികൾക്ക് തുടക്കമായി.
ഇതിന്റെ ഭാഗമായി പോളിമർ സബ്സ്ട്രേറ്റ് നിർമാണ യൂണിറ്റ് സ്ഥാപിക്കുന്നതിനായി ഭാരതീയ റിസർവ് ബാങ്ക് നോട്ട് മുദ്രൺ പ്രൈവറ്റ് ലിമിറ്റഡ് (ബിആർബിഎൻഎംപിഎൽ) ആഗോള താൽപര്യപത്രം (ഇഒഐ) ക്ഷണിച്ചു. തുടക്കമെന്ന നിലയിൽ 10, 20 രൂപയുടെ നോട്ടുകളായിരിക്കും ഇത്തരത്തിൽ പുറത്തിറക്കുകയെന്നാണ് സൂചനകൾ വ്യക്തമാക്കുന്നത്.
സാങ്കേതികമായ മുന്നൊരുക്കങ്ങൾ
കഴിഞ്ഞ മാസം കറൻസി മാറ്റത്തെക്കുറിച്ച് റിസർവ് ബാങ്ക് ഗവർണർ സഞ്ജയ് മൽഹോത്ര സംസാരിച്ചിരുന്നു. കടലാസ് നോട്ടുകൾക്ക് പകരമായി പോളിമർ കറൻസി എന്ന ആശയം ഗൗരവമായി പരിഗണനയിലുണ്ടെന്നും എന്നാൽ പദ്ധതി ഇപ്പോഴും പ്രാരംഭ ഘട്ടത്തിലാണെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.
ദീർഘകാലാടിസ്ഥാനത്തിൽ നോട്ടുകൾ കേടുവരുന്നത് തടയാനും അച്ചടി ചെലവ് കുറയ്ക്കാനും പ്ലാസ്റ്റിക് നോട്ടുകൾ സഹായിക്കുമെന്നാണ് വിലയിരുത്തൽ. 2014-ൽ 10 രൂപയുടെ 100 കോടി പ്ലാസ്റ്റിക് നോട്ടുകൾ അച്ചടിക്കാനുള്ള നീക്കം സാങ്കേതിക തടസ്സങ്ങൾ കാരണം പരാജയപ്പെട്ടിരുന്നുവെങ്കിലും, നിലവിൽ സാങ്കേതികമായി കൂടുതൽ മുന്നേറിയ സാഹചര്യത്തിൽ പദ്ധതി യാഥാർഥ്യമാക്കാൻ സാധിക്കുമെന്ന പ്രതീക്ഷയിലാണ് അധികൃതർ.
പ്ലാസ്റ്റിക് നോട്ടുകളുടെ പ്രത്യേകതകൾ
നിലവിൽ കോട്ടൺ അധിഷ്ഠിത പേപ്പർ ഉപയോഗിച്ചാണ് നോട്ടുകൾ അച്ചടിക്കുന്നത്. ഇവ മൂന്നോ നാലോ വർഷത്തിനുള്ളിൽ മുഷിയുകയോ വെള്ളവും പൊടിയും തട്ടി നശിക്കുകയോ ചെയ്യുന്നു.
എന്നാൽ പോളിമർ നോട്ടുകൾക്ക് ഈ പോരായ്മകളില്ല. ഇവ ഏറെക്കാലം ഈടുനിൽക്കുകയും കൈകാര്യം ചെയ്യാൻ എളുപ്പവുമാണ്.
2024-25 കാലയളവിൽ മാത്രം ഏകദേശം 2380 കോടി നോട്ടുകളാണ് മുഷിഞ്ഞതിനെ തുടർന്ന് റിസർവ് ബാങ്ക് പിൻവലിച്ചത്. മുൻവർഷത്തെ അപേക്ഷിച്ച് 12.3 ശതമാനത്തിന്റെ വർധനയാണിത്.
ഇവയിൽ ഭൂരിഭാഗവും 500 രൂപയുടെ നോട്ടുകളാണ്. സുരക്ഷയും ചെലവും
കള്ളനോട്ടുകൾ നിർമിക്കുന്നത് ദുഷ്കരമാക്കാൻ പോളിമർ നോട്ടുകൾ സഹായിക്കും.
ഉയർന്ന നിലവാരമുള്ള സുരക്ഷാ ഫീച്ചറുകളും പ്രത്യേക മഷികളും ഇതിൽ ഉൾക്കൊള്ളിക്കാൻ സാധിക്കും. കറൻസി അച്ചടിക്കായി പ്രതിവർഷം വൻതുകയാണ് റിസർവ് ബാങ്ക് ചെലവാക്കുന്നത്.
2024-25 സാമ്പത്തിക വർഷത്തിൽ ഇത് 6372.8 കോടി രൂപയായി ഉയർന്നു. പോളിമർ നോട്ടുകൾ അവതരിപ്പിക്കുന്നതോടെ ഈ അച്ചടി ചെലവിൽ ഗണ്യമായ കുറവുണ്ടാകുമെന്ന് കണക്കുകൂട്ടുന്നു.
ഡിജിറ്റൽ ഇടപാടുകൾ വർധിച്ചുവെങ്കിലും രാജ്യത്ത് കറൻസികളുടെ ആവശ്യകത ഒട്ടും കുറഞ്ഞിട്ടില്ല. മെയ് 15-ലെ കണക്കുപ്രകാരം രാജ്യത്ത് 42.86 ലക്ഷം കോടി രൂപയുടെ കറൻസിയാണ് പ്രചാരത്തിലുള്ളത്.
1988-ൽ ഓസ്ട്രേലിയയാണ് ലോകത്ത് ആദ്യമായി പോളിമർ കറൻസി ഉപയോഗത്തിൽ വരുത്തിയത്. നിലവിൽ കാനഡ, യു.കെ, ന്യൂസിലൻഡ്, സിംഗപ്പൂർ, മലേഷ്യ തുടങ്ങിയ 60-ഓളം രാജ്യങ്ങൾ ഇതിനകം തന്നെ ഈ രീതിയിലേക്ക് മാറിക്കഴിഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

