മാനന്തവാടി ഗവൺമെന്റ് മെഡിക്കൽ കോളേജ് സ്ഥാപിക്കുന്നതിനായി നേരത്തെ കണ്ടെത്തിയ അമ്പുകുത്തിയിലെ വനഭൂമി ഉപയോഗിക്കാൻ സാധിക്കാത്ത സാഹചര്യത്തിൽ, കുഴിനിലം പുത്തൻപുരയിലെ കെഎസ്ഇബി ഭൂമിയിൽ പദ്ധതിക്കായി സാധ്യതയേറുന്നു. മാനന്തവാടി നഗരസഭാ പരിധിയിലുള്ള 21.53 ഏക്കർ വിസ്തൃതിയുള്ള ഈ സ്ഥലം നിലവിൽ കെഎസ്ഇബിയുടെ ഉടമസ്ഥതയിലാണ്.
മാനന്തവാടി വില്ലേജിൽ സർവേ നമ്പർ 51/3-ൽ ഉൾപ്പെടുന്ന ഈ ഭൂമിയിൽ നിലവിൽ സോളാർ പ്ലാന്റും വൈദ്യുതി പോസ്റ്റ് നിർമ്മാണ യൂണിറ്റുമാണ് പ്രവർത്തിക്കുന്നത്. മെഡിക്കൽ കോളേജിന്റെ പുതിയ മാസ്റ്റർ പ്ലാൻ തയ്യാറാക്കുന്നതിന്റെ മുന്നോടിയായി, വ്യവസായ വകുപ്പിന് കീഴിലുള്ള ഇൻകൽ പ്രതിനിധികൾ അടങ്ങുന്ന വിദഗ്ധ സംഘം ഇന്നലെ കുഴിനിലത്തെ സ്ഥലം നേരിട്ടെത്തി പരിശോധിച്ചു.
ഇൻകൽ പ്രോജക്ട് ഡയറക്ടർ ടി.എം.ഷനിത, ഡപ്യൂട്ടി പ്രോജക്ട് മാനേജർമാരായ സി.എസ്.ആദർശ്, കെ.കൃഷ്ണ രാജ് എന്നിവർ പരിശോധനയ്ക്ക് നേതൃത്വം നൽകി. യുഡിഎഫ് ജില്ലാ കൺവീനർ എച്ച്.ബി.പ്രദീപ്, നഗരസഭാ കൗൺസിലർ വി.യു.ജോയി തുടങ്ങിയവരും ഉദ്യോഗസ്ഥർക്കൊപ്പമുണ്ടായിരുന്നു.
തുടർന്ന് സംഘം ഉഷ വിജയൻ എംഎൽഎയുമായി കൂടിക്കാഴ്ച നടത്തി. കഴിഞ്ഞദിവസം വയനാട് സന്ദർശനത്തിനെത്തിയ മന്ത്രി സണ്ണി ജോസഫ് കുഴിനിലത്തെ സ്ഥലം നേരിട്ട് സന്ദർശിച്ചിരുന്നു.
ഉഷ വിജയൻ എംഎൽഎയുമായി നടത്തിയ ചർച്ചയിൽ, ഈ ഭൂമി മെഡിക്കൽ കോളേജിനായി വിട്ടുനൽകുന്ന കാര്യത്തിൽ അനുകൂലമായ നിലപാടാണ് മന്ത്രി സ്വീകരിച്ചത്. റവന്യു, ആരോഗ്യ വകുപ്പ് മന്ത്രിമാരുമായി ഉഷ വിജയൻ എംഎൽഎയുടെ നേതൃത്വത്തിൽ ഇതിനകം ചർച്ചകൾ പൂർത്തിയായിട്ടുണ്ട്.
കെഎസ്ഇബി ബോർഡ് യോഗം ചേർന്ന് അന്തിമ തീരുമാനമെടുത്താൽ വേഗത്തിൽ തന്നെ സ്ഥലം കൈമാറ്റം സാധ്യമാകുമെന്ന് ഉഷ വിജയൻ എംഎൽഎ അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

