മുംബൈയിൽ സോഫ്റ്റ്വെയർ എൻജിനീയറായി ജോലി ചെയ്തിരുന്ന അദ്ദഗല്ല കീർത്തിയുടെ (24) മൃതദേഹവുമായി ബന്ധുക്കൾ ആന്ധ്രപ്രദേശിലെ പൊണ്ടുരു ഗ്രാമത്തിലുള്ള കാമുകന്റെ വീട്ടിലെത്തി. ഇതേത്തുടർന്ന് സായ് സുമന്തിന്റെ വീട്ടിൽ ഇരു കുടുംബങ്ങളും തമ്മിൽ കടുത്ത സംഘർഷം ഉടലെടുത്തു.
മൃതദേഹം സംസ്കരിക്കുന്നതിന് മുൻപായി സായ് സുമന്ത് യുവതിയുടെ മൃതദേഹത്തിൽ താലി ചാർത്തണമെന്ന് കീർത്തിയുടെ ബന്ധുക്കൾ ആവശ്യപ്പെട്ടതാണ് കാര്യങ്ങൾ വഷളാക്കിയത്. ആന്ധ്രപ്രദേശിലെ ഗുണ്ടൂർ സ്വദേശിയായ കീർത്തിയും സായ് സുമന്തും കഴിഞ്ഞ എട്ടുവർഷമായി പ്രണയത്തിലായിരുന്നു.
ഓൺലൈൻ വഴി പരിചയപ്പെട്ട ഇവർ വിവാഹം കഴിക്കാൻ തീരുമാനിച്ചിരുന്നെങ്കിലും, സായ് പിന്നീട് പിന്മാറിയെന്ന് കീർത്തിയുടെ ബന്ധുക്കൾ ആരോപിക്കുന്നു.
ഇതിലുള്ള മനോവിഷമത്തെ തുടർന്നാണ് കീർത്തി മുംബൈയിലെ ഹോസ്റ്റൽ മുറിയിൽ ആത്മഹത്യ ചെയ്തത്. തന്റെ കാമുകന്റെ ജന്മനാടായ പൊണ്ടുരുവിൽ വെച്ച് അന്ത്യകർമങ്ങൾ നടക്കണമെന്നതായിരുന്നു കീർത്തിയുടെ ആഗ്രഹം.
ഇതുകാരണമാണ് മുംബൈയിൽ നിന്ന് ബന്ധുക്കൾ മൃതദേഹവുമായി എത്തിയത്. എന്നാൽ, വിദേശത്ത് ജോലി ചെയ്യുന്ന സായ് സുമന്ത് ഈ സമയം വീട്ടിലുണ്ടായിരുന്നില്ല.
സായിയെ നാട്ടിലേക്ക് വിളിപ്പിക്കണമെന്നാവശ്യപ്പെട്ട് ബന്ധുക്കൾ തർക്കത്തിലേർപ്പെട്ടത് വലിയ സംഘർഷത്തിന് വഴിവെച്ചു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് ഇരു കുടുംബാംഗങ്ങളുമായും ചർച്ച നടത്തി സ്ഥിതിഗതികൾ ശാന്തമാക്കി.
മൃതദേഹവുമായി വീടിന് മുന്നിൽ ധർണ നടത്തിയവരുമായി നടത്തിയ ചർച്ചകൾക്കൊടുവിൽ, സായ് സുമന്തിന്റെ ഗ്രാമത്തിൽ വെച്ചുതന്നെ കീർത്തിയുടെ മൃതദേഹം സംസ്കരിക്കാൻ തീരുമാനമായി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

