ഇറാനിലെ ജനവാസ മേഖലകളിലേക്കും നിർണ്ണായകമായ അടിസ്ഥാന സൗകര്യങ്ങളിലേക്കും അമേരിക്ക നടത്തുന്ന ആക്രമണങ്ങൾ രൂക്ഷമായതോടെ, യുദ്ധം അവസാനിപ്പിക്കാൻ കർശന നിർദ്ദേശവുമായി ടെഹ്റാൻ രംഗത്തെത്തി. രണ്ടോ മൂന്നോ ദിവസത്തിനുള്ളിൽ യുദ്ധ നടപടികൾ അവസാനിപ്പിക്കണമെന്നും, അല്ലാത്തപക്ഷം സമ്പൂർണ്ണ വിനാശകരമായ പ്രതിരോധ നടപടികളിലേക്ക് കടക്കുമെന്നും ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർ (ഐആര്‍ജിസി) ഔദ്യോഗികമായി മുന്നറിയിപ്പ് നൽകി.
നിശ്ചിത സമയപരിധിക്കുള്ളിൽ യുദ്ധം അവസാനിച്ചില്ലെങ്കിൽ തുടർചർച്ചകൾക്കോ നിയന്ത്രിത സ്വഭാവമുള്ള തിരിച്ചടികൾക്കോ ഇനി സാധ്യതയുണ്ടാകില്ലെന്ന് ഐആര്‍ജിസി വ്യക്തമാക്കി. അമേരിക്കയെ ഇറാനിൽ നിന്ന് തുടച്ചു നീക്കുമെന്നും അതിർത്തികൾ തടസ്സമായി നിൽക്കില്ലെന്നും സംഘടന കൂട്ടിച്ചേർത്തു.
ഈ മുന്നറിയിപ്പിന് തൊട്ടുപിന്നാലെ, ഹോർമുസ് കടലിടുക്കിൽ തായ് കപ്പലിന് നേരെ നടന്ന ആക്രമണത്തിന്റെ ദൃശ്യങ്ങൾ ഇറാൻ പുറത്തുവിട്ടു. യുഎസ് സൈന്യം ഇറാന്റെ ഊർജ്ജ-വൈദ്യുതി മേഖലകളെ ലക്ഷ്യം വെച്ചാൽ, ചെങ്കടലിലെ എണ്ണക്കപ്പൽ പാതകൾ തടയാൻ യെമനിലെ ഹൂത്തി വിമതർക്ക് ഇറാൻ നിർദ്ദേശം നൽകിയതായി വിവരങ്ങളുണ്ട്.
ഇതിനിടയിൽ, യൂറോപ്പിൽ നിന്ന് അമേരിക്കൻ പോർവിമാനങ്ങൾ മിഡിൽ ഈസ്റ്റിലേക്ക് വിന്യസിക്കുന്ന നടപടികളും പുരോഗമിക്കുകയാണ്. യുഎസ് സെൻട്രൽ കമാൻഡ് ഹോർമുസ് കടലിടുക്കിലെ ഇറാൻ സൈനിക കേന്ദ്രങ്ങൾ കേന്ദ്രീകരിച്ച് കനത്ത വ്യോമാക്രമണങ്ങൾ തുടരുകയാണ്.
ആക്രമണത്തിൽ ഇറാന്റെ തന്ത്രപ്രധാനമായ രണ്ട് പാലങ്ങളും റെയിൽവേ ജംഗ്ഷനുകളും തകർന്നതായി റിപ്പോർട്ടുകളുണ്ട്. ഈ ആക്രമണങ്ങളിൽ സാധാരണക്കാർ കൊല്ലപ്പെട്ടതായി ഇറാനിലെ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
തകർന്ന പാലങ്ങളുടെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. തുടർച്ചയായ ആറാം രാത്രിയിലും യുഎസ് സൈന്യം നടത്തിയ ആക്രമണത്തിൽ എട്ട് പേർ കൊല്ലപ്പെടുകയും 20 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായാണ് അന്താരാഷ്ട്ര റിപ്പോർട്ടുകൾ.
അമേരിക്കൻ നടപടികൾക്ക് കനത്ത തിരിച്ചടി നൽകുമെന്ന് പ്രഖ്യാപിച്ച ഇറാൻ, ഗൾഫ് മേഖലയിലുള്ള യുഎസ് താവളങ്ങൾക്ക് നേരെ ഡ്രോൺ, മിസൈൽ ആക്രമണങ്ങൾ നടത്തി. സിറിയയിലെ യുഎസ് സ്പെഷ്യൽ ഓപ്പറേഷൻസ് കമാൻഡ് സെന്ററിന് നേരെയും ആക്രമണം ഉണ്ടായിട്ടുണ്ട്.
ഖത്തർ, കുവൈറ്റ്, ബഹ്റൈൻ എന്നിവിടങ്ങളിലെ യുഎസ് സൈനിക കേന്ദ്രങ്ങളും ഇറാനിയൻ ലക്ഷ്യസ്ഥാനങ്ങളുടെ പട്ടികയിലുള്ളതായാണ് സൂചന.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

