കൊച്ചിയിൽ ടാറ്റാ ഗ്രൂപ്പിന്റെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന കപ്പൽ നിർമ്മാണ പദ്ധതിയുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന അവകാശവാദങ്ങളിൽ ഔദ്യോഗിക വിശദീകരണവുമായി സർക്കാർ രംഗത്ത്. ടാറ്റായുടെ ഉപകമ്പനിയായ ആട്സൺ എഞ്ചിനിയറിംഗ് കൊച്ചിയിൽ ചെറിയ കപ്പലുകളുടെ നിർമ്മാണത്തിനും അറ്റകുറ്റപ്പണികൾക്കുമായി യൂണിറ്റ് സ്ഥാപിക്കുന്നതിനായി മുൻ ഇടതു സർക്കാർ കാലയളവിൽ നടന്ന നിക്ഷേപ സംഗമമായ ഇൻവെസ്റ്റ് കേരളയിൽ താത്പര്യപത്രം സമർപ്പിച്ചിരുന്നു.
തുടർനടപടികളുടെ ഭാഗമായി, ഈ വർഷം ഫെബ്രുവരി 12-ന് സംസ്ഥാന പൊതുമേഖലാ സ്ഥാപനമായ മലബാർ സിമന്റ്സ് ലിമിറ്റഡുമായി ചേർന്ന് പദ്ധതി നടപ്പിലാക്കുന്നതിനുള്ള ധാരണാപത്രത്തിൽ ആട്സൺ ഗ്രൂപ്പ് ഒപ്പുവെച്ചു. കൊച്ചി വെല്ലിംഗ്ടൺ ഐലൻറിൽ മലബാർ സിമന്റ്സിന് പാട്ടത്തിനുള്ള ഏഴ് ഏക്കർ ഭൂമിയിലാണ് ഈ സംരംഭം സജ്ജമാകുന്നത്.
300 കോടി രൂപ മുതൽമുടക്കിൽ 100 ടണ്ണിൽ താഴെയുള്ള കപ്പലുകളും ബോട്ടുകളും നിർമ്മിക്കുന്നതിനും അറ്റകുറ്റപ്പണികൾ നടത്തുന്നതിനുമുള്ള സൗകര്യങ്ങളാണ് ഇവിടെ ഒരുക്കുന്നത്. ബ്ലൂംബെർഗ് അഭിമുഖത്തിൽ മുഖ്യമന്ത്രി പരാമർശിച്ച 10,000 കോടി രൂപയുടെ പദ്ധതി എന്നത് ‘മിഷൻ സമുദ്ര’യുടെ ഭാഗമായി പ്രതീക്ഷിക്കുന്ന മൊത്തം നിക്ഷേപ സാധ്യതകളെയാണ് ഉദ്ദേശിച്ചതെന്ന് സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി.
ഈ ബൃഹദ് പദ്ധതിയുടെ ഭാഗമായാണ് ടാറ്റയുടെ ഉപകമ്പനിയുമായി കരാർ ഒപ്പിട്ടതെന്ന് അധികൃതർ അറിയിച്ചു. എങ്കിലും, മുൻ സർക്കാർ കാലത്ത് ആരംഭിച്ച പദ്ധതിയെ മിഷൻ സമുദ്രയുടെ ഫ്ലാഗ്ഷിപ്പ് പ്രോജക്റ്റായി അവതരിപ്പിച്ച് ക്രെഡിറ്റ് എടുക്കാൻ സർക്കാർ ശ്രമിക്കുന്നുവെന്നാരോപിച്ച് രാഷ്ട്രീയ കേന്ദ്രങ്ങളിൽ നിന്ന് വിമർശനം ഉയർന്നിട്ടുണ്ട്.
ഇടതുപക്ഷ ജനാധിപത്യ മുന്നണി ഭരണകാലത്ത് ആരംഭിച്ച പദ്ധതിയെ മിഷൻ സമുദ്രയിൽ ഉൾപ്പെടുത്തിയത് സംബന്ധിച്ച വിവാദം രാഷ്ട്രീയ വൃത്തങ്ങളിൽ ചൂടേറിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

