നിക്ഷേപകരിൽ നിന്ന് ലക്ഷങ്ങൾ തട്ടിയെടുത്തെന്ന പരാതിയിൽ ടാൽറോപ്പ് കമ്പനി ഡയറക്ടർ അറസ്റ്റിലായി. തിരുവനന്തപുരം പാങ്ങോട് സ്വദേശിയായ യഹ്യ ആണ് പൊലീസ് പിടിയിലായത്.
വില്ലേജ് പാർക്ക് എന്ന പദ്ധതിയുടെ മറവിൽ പത്ത് ലക്ഷം രൂപ തട്ടിയെടുത്തുവെന്ന് കാട്ടി പാങ്ങോട് സ്വദേശികളായ ദമ്പതികൾ നൽകിയ പരാതിയിലാണ് നടപടി. കേസുമായി ബന്ധപ്പെട്ട് അനസ്, സഫിർ നജുമുദീൻ, സോബിർ നജുമുദീൻ എന്നിവരെയും പ്രതിചേർത്തിട്ടുണ്ട്.
കല്ലറ, പാങ്ങോട് മേഖലകൾ കേന്ദ്രീകരിച്ച് കോടികളുടെ നിക്ഷേപ തട്ടിപ്പാണ് കമ്പനി നടത്തിയതെന്ന് പൊലീസ് സ്ഥിരീകരിച്ചു. അതേസമയം, കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനിയിൽ നിന്ന് മുന്നൂറിലേറെ ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിട്ട
സംഭവം വലിയ വിവാദങ്ങൾക്ക് വഴിവെച്ചിട്ടുണ്ട്. കമ്പനി നിലവിൽ നഷ്ടത്തിലാണെന്നും ജീവനക്കാരുടെ ശമ്പള കുടിശ്ശിക ഉടൻ തീർക്കാൻ സാധിക്കില്ലെന്നുമാണ് കമ്പനി സിഇഒ ജോൺസ് ജോസഫ് അറിയിച്ചത്.
ഈ വിഷയത്തിൽ തുടർനടപടികൾ കർശനമാക്കാൻ അധികൃതർ തീരുമാനിച്ചു. ഈ മാസം 25 ആം തീയതി ചേരുന്ന രണ്ടാമത്തെ യോഗത്തിൽ കമ്പനി ഉടമ സഫീർ നജുമുദ്ധീൻ നേരിട്ട് ഹാജരാകണമെന്ന് അഡീഷണൽ ലേബർ ഓഫീസർ നിർദ്ദേശം നൽകി.
വരാനിരിക്കുന്ന ചർച്ചയിലും ശമ്പള കുടിശ്ശിക നൽകുന്ന കാര്യത്തിൽ അന്തിമ തീരുമാനമായില്ലെങ്കിൽ നിയമപരമായ മാർഗങ്ങളിലൂടെ മുന്നോട്ട് പോകുമെന്നും, കോടതിയെ സമീപിച്ച് റവന്യൂ റിക്കവറി നടപടികൾ സ്വീകരിക്കുമെന്നും ലേബർ ഓഫീസർ വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

