ദില്ലി ജന്തർ മന്തറിൽ പരീക്ഷാ ക്രമക്കേടുകൾക്കെതിരെ സി ജെ പി നടത്തിവരുന്ന അനിശ്ചിതകാല സമരത്തിന് കോൺഗ്രസ് ഔദ്യോഗിക പിന്തുണ പ്രഖ്യാപിച്ചു. സമരപ്പന്തലിൽ നേരിട്ടെത്തിയ കോൺഗ്രസ് വക്താവ് പവൻ ഖേര ഐക്യദാർഢ്യം അറിയിക്കുകയും കേന്ദ്ര സർക്കാരിന്റെ നിലപാടുകളെ രൂക്ഷമായി വിമർശിക്കുകയും ചെയ്തു.
ജനാധിപത്യപരമായ പ്രതിഷേധങ്ങളെ അവഗണിക്കുന്ന കേന്ദ്ര സർക്കാരിന്റെ നടപടികൾക്കെതിരെ പ്രതിപക്ഷം ഒറ്റക്കെട്ടായി നിലയുറപ്പിക്കണമെന്ന് പവൻ ഖേര ആവശ്യപ്പെട്ടു. കോൺഗ്രസ് ഔദ്യോഗികമായി സമരത്തെ പിന്തുണയ്ക്കുന്നില്ലെന്ന വിമർശനങ്ങൾ ഉയർന്നുവരുന്നതിനിടെയാണ് പാർട്ടിയുടെ പ്രതിനിധി നേരിട്ടെത്തി പിന്തുണ വ്യക്തമാക്കിയത്.
നേരത്തെ ശശി തരൂർ വ്യക്തിപരമായി സമരത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ചിരുന്നു. അതേസമയം, നിരാഹാര സമരം തുടരുന്ന സോനം വാങ്ചുക്കിന്റെ ആരോഗ്യനിലയിൽ കാര്യമായ പുരോഗതിയില്ലെന്ന് അദ്ദേഹത്തെ പരിശോധിച്ച ആരോഗ്യ പ്രവർത്തകർ വ്യക്തമാക്കി.
സമരം ഇതേ രീതിയിൽ തുടർന്നാൽ ആന്തരികാവയവങ്ങളുടെ പ്രവർത്തനത്തെ ദോഷകരമായി ബാധിക്കാൻ സാധ്യതയുണ്ടെന്ന് ഡോക്ടർമാർ മുന്നറിയിപ്പ് നൽകുന്നുണ്ട്. ജന്തർ മന്തറിൽ തന്നെ വിദഗ്ധ ചികിത്സാ സംഘം സജ്ജമായി തുടരുന്നുണ്ട്.
ജൂലൈ 20-ന് സി ജെ പി പ്രഖ്യാപിച്ചിരിക്കുന്ന പാർലമെന്റ് മാർച്ചിലേക്ക് കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികളുടെ പിന്തുണ ഉറപ്പായതോടെ വരും ദിവസങ്ങളിൽ പ്രതിഷേധം കൂടുതൽ ശക്തമാകാനാണ് സാധ്യത. വിദ്യാർത്ഥികളുടെ ആവശ്യങ്ങൾക്കായി കോൺഗ്രസ് പ്രതിജ്ഞാബദ്ധമാണെന്നും ഇക്കാര്യത്തിൽ പാർട്ടി ശക്തമായി നിലയുറപ്പിക്കുമെന്നും പവൻ ഖേര കൂട്ടിച്ചേർത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

