തിരുവനന്തപുരം ജില്ലയിലെ വടശേരിക്കോണം സ്വദേശിയായ അനിൽകുമാറിനെയും മകനെയും അഞ്ചംഗ സംഘം ക്രൂരമായി മർദിച്ചതായി പരാതി. മകളെ വിവാഹം കഴിക്കണമെന്ന ആവശ്യവുമായി എത്തിയ സുധീഷ് എന്നയാൾക്ക് അനുകൂലമായ മറുപടി നൽകാത്തതിനെത്തുടർന്നാണ് ആസൂത്രിതമായ അക്രമം നടന്നത്.
വെള്ളല്ലൂരിലെ നിർമ്മാണത്തിലിരിക്കുന്ന ഒരു കെട്ടിടത്തിലേക്കാണ് പണിയുടെ ആവശ്യത്തിനായി പ്രതികൾ അനിൽകുമാറിനെ വിളിച്ചുവരുത്തിയത്. സുധീഷിന്റെ മുത്തച്ഛന്റെ ഉടമസ്ഥതയിലുള്ളതായിരുന്നു ഈ കെട്ടിടം.
സ്ഥലത്തെത്തിയ ഉടൻ തന്നെ അക്രമിസംഘം ഹെൽമെറ്റ് ഉപയോഗിച്ച് അനിൽകുമാറിനെ തലയ്ക്കടിച്ച് വീഴ്ത്തുകയായിരുന്നു. ശബ്ദം പുറത്തുകേൾക്കാതിരിക്കാൻ ഫൈബർ, ഗ്ലാസ് വാതിലുകൾ ഉപയോഗിച്ച് തയ്യാറാക്കിയ സൗണ്ട് പ്രൂഫ് മുറിക്കുള്ളിലാക്കി ചങ്ങലയിൽ ബന്ധിച്ചായിരുന്നു മർദനം.
ഹെൽമെറ്റ്, സ്ക്രൂഡ്രൈവർ, പ്ലെയർ എന്നിവ ഉപയോഗിച്ച് നടത്തിയ മർദനത്തിൽ ഇദ്ദേഹത്തിന്റെ കൈ ഒടിഞ്ഞു. കൂടാതെ, ശരീരത്തിൽ സ്ഫോടകവസ്തുക്കൾക്ക് സമാനമായ വസ്തുക്കൾ കെട്ടിവെച്ചതായും പരാതിയിൽ വ്യക്തമാക്കുന്നു.
തുടർന്ന് അച്ഛന് സുഖമില്ലെന്ന് പറഞ്ഞ് കബളിപ്പിച്ച് അനിൽകുമാറിന്റെ ഇരുപതുകാരനായ മകനെയും അക്രമികൾ വിളിച്ചുവരുത്തി മർദിച്ചു. കുടുംബത്തിലെ സ്ത്രീകളെയും എത്തിച്ചില്ലെങ്കിൽ അനിൽകുമാറിനെ കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയതോടെ, മകൻ അവിടെനിന്ന് രക്ഷപ്പെട്ട് വിവരം ജനപ്രതിനിധികളെയും തുടർന്ന് പൊലീസിനെയും അറിയിക്കുകയായിരുന്നു.
ഈ ക്രൂരതകൾ നിരീക്ഷിക്കുന്നതിനായി സിസിടിവി സംവിധാനവും അക്രമികൾ നേരത്തെ ഒരുക്കിയിരുന്നു. വിവരം ലഭിച്ചയുടൻ വർക്കല പൊലീസ് സ്ഥലത്തെത്തിയെങ്കിലും അപ്പോഴേക്കും പ്രതികൾ രക്ഷപ്പെട്ടിരുന്നു.
ചങ്ങലയിൽ ബന്ധിക്കപ്പെട്ട നിലയിൽ ഗുരുതരമായി പരിക്കേറ്റ അനിൽകുമാറിനെ ഉടൻ തന്നെ ആശുപത്രിയിലേക്ക് മാറ്റി.
സുധീഷ്, ഷംനാദ് എന്നിവരടക്കം അഞ്ച് പേർക്കെതിരെയാണ് കിളിമാനൂർ-വർക്കല പൊലീസ് കേസെടുത്തിരിക്കുന്നത്. ഒളിവിൽ പോയ പ്രതികൾക്കായി അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.
അലുമിനിയം ഫാബ്രിക്കേഷൻ ജോലികളിൽ പരിചയമുള്ളവർ പ്രതിപ്പട്ടികയിലുണ്ടെന്നും ഇവർ അക്രമം നടത്താൻ പ്രത്യേക ഒളിസങ്കേതം ഒരുക്കിയതായും പൊലീസ് സംശയിക്കുന്നു. സംഭവസ്ഥലത്തുനിന്ന് അക്രമത്തിന് ഉപയോഗിച്ച ആയുധങ്ങൾ കണ്ടെടുത്തു.
സിസിടിവി ദൃശ്യങ്ങളും മൊബൈൽ ലൊക്കേഷനും കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

