തട്ടിപ്പു കേസിലെ പ്രതിയെ പിടികൂടാനെത്തിയ പൊലീസുദ്യോഗസ്ഥർക്ക് നേരെ ആക്രമണം. പ്രതി ഓടിച്ച ജീപ്പ് പൊലീസ് ബൈക്കുകളിലേക്ക് ഇടിച്ചുകയറ്റുകയായിരുന്നു.
രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് പൊലീസുദ്യോഗസ്ഥർക്ക് പരിക്കേറ്റത്. വണ്ടന്നൂർ അംബേദ്കർ ഉന്നതിയിൽ താമസിക്കുന്ന ബാലരാമപുരം സ്വദേശി സനോജ് (26) ആണ് സംഭവത്തിൽ പിടിയിലായത്.
സംഭവം നടന്നത് ഇന്നലെ വൈകിട്ട് മൂന്നരയോടെയാണ്. നെയ്യാറ്റിൻകരയിൽ പണമിടപാട് സ്ഥാപനം നടത്തിവരികയായിരുന്ന സനോജിനെതിരെ വഞ്ചനാക്കുറ്റത്തിന് കേസുകൾ നിലവിലുണ്ട്.
ഇയാൾ വണ്ടന്നൂർ അംബേദ്കർ ഉന്നതിയിലുണ്ടെന്ന രഹസ്യവിവരത്തെത്തുടർന്ന് നെയ്യാറ്റിൻകര സ്റ്റേഷനിലെ ഉദ്യോഗസ്ഥർ സ്ഥലത്തെത്തുകയായിരുന്നു. പൊലീസ് ഉദ്യോഗസ്ഥരെ കണ്ടയുടൻ പ്രതി ജീപ്പ് മുന്നോട്ടെടുത്ത് ബൈക്കുകൾക്ക് നേരെ ഇടിച്ചുകയറ്റുകയായിരുന്നു.
ഇടിയുടെ ആഘാതത്തിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റത്. നെയ്യാറ്റിൻകര സ്റ്റേഷനിലെ പ്രിൻസിപ്പൽ എസ്.ഐ.
അക്ഷയ്കുമാർ, സിവിൽ പൊലീസ് ഓഫിസർമാരായ നിതിൻ സുകുമാരൻ, ആന്റണി മിരാൻഡ എന്നിവരെ പരിക്കേറ്റ നിലയിൽ നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ നിതിൻ സുകുമാരന്റെ കൈക്ക് പൊട്ടലേറ്റതായി സ്ഥിരീകരിച്ചിട്ടുണ്ട്.
പ്രതി ഓടിച്ച ജീപ്പിനടിയിൽ ഉദ്യോഗസ്ഥരുടെ സ്കൂട്ടർ അകപ്പെടുകയും ബൈക്കിന്റെ മുൻഭാഗം പൂർണ്ണമായും തകരുകയും ചെയ്തു. ജീപ്പിന്റെ ടയർ സമീപത്തെ ഓടയിൽ കുടുങ്ങിയതോടെയാണ് പ്രതി പൊലീസിന്റെ പിടിയിലായത്.
സനോജിനെതിരെ വധശ്രമത്തിനും ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിനും കേസെടുക്കുമെന്ന് മാറനല്ലൂർ പൊലീസ് അറിയിച്ചു. പ്രതി നാല് വഞ്ചനക്കേസുകളിൽ കൂടി പ്രതിയാണെന്ന് അന്വേഷണ സംഘം വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

