ഇന്ത്യയുടെ സാങ്കേതിക കുതിപ്പിന് കരുത്തുപകരുന്ന നിർണായക തീരുമാനവുമായി കേന്ദ്രമന്ത്രിസഭ. രാജ്യത്ത് ഇലക്ട്രോണിക് ചിപ്പുകളുടെയും മൊബൈൽ ഫോണുകളുടെയും ഉൽപാദനം ഗണ്യമായി വർധിപ്പിക്കുന്നതിനായി 1.9 ലക്ഷം കോടി രൂപയുടെ സമഗ്ര പദ്ധതികൾക്ക് കേന്ദ്രം പച്ചക്കൊടി കാണിച്ചു.
സെമികോൺ 2.0 പദ്ധതിക്കായി 1.27 ലക്ഷം കോടി രൂപയും, മൊബൈൽ ഫോൺ നിർമാണ പദ്ധതിക്കായി (എംപിഎംഎസ്) 62,500 കോടി രൂപയുമാണ് വകയിരുത്തിയിരിക്കുന്നത്. ഇന്ത്യ സെമികണ്ടക്ടർ മിഷന്റെ ആദ്യഘട്ടത്തിന്റെ തുടർച്ചയായാണ് ഈ പുതിയ പദ്ധതികൾ ആവിഷ്കരിച്ചിരിക്കുന്നത്.
ചിപ്പ് ഡിസൈൻ, ഫാബ്രിക്കേഷൻ സൗകര്യങ്ങൾ, ടെസ്റ്റിങ്, ഗവേഷണം തുടങ്ങിയ 6 പ്രധാന മേഖലകൾക്കാണ് പദ്ധതിയിൽ മുൻഗണന നൽകുന്നത്. പദ്ധതിയുടെ ലക്ഷ്യങ്ങളെക്കുറിച്ച് കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് വ്യക്തമാക്കിയത് ഇങ്ങനെയാണ്: “പദ്ധതിയുടെ അവസാനഘട്ടത്തിൽ തദ്ദേശീയ ചിപ്പുകളുടെ ഉൽപാദനത്തിൽ രാജ്യം സ്വയംപര്യാപ്തത കൈവരിക്കുമെന്ന് കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു.” പുതിയ പദ്ധതികൾ യാഥാർഥ്യമാകുന്നതോടെ ഏകദേശം 4 ലക്ഷം കോടി രൂപയുടെ നിക്ഷേപം രാജ്യത്തേക്ക് ഒഴുകിയെത്തുമെന്നും, 2 ലക്ഷം കോടി രൂപയുടെ സെമികണ്ടക്ടർ ഉൽപാദനം സാധ്യമാകുമെന്നുമാണ് സർക്കാർ കണക്കുകൂട്ടുന്നത്.
കൂടാതെ, ഉൽപാദനവുമായി ബന്ധിപ്പിച്ച ആനുകൂല്യങ്ങൾ (പിഎൽഐ) ലഭ്യമാക്കുന്നതാണ് 62,500 കോടി രൂപയുടെ മൊബൈൽ ഫോൺ നിർമാണ പദ്ധതി. സ്വദേശി കമ്പനികളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഉൽപന്ന രൂപകൽപനയിൽ നിക്ഷേപം നടത്തുന്ന ഇന്ത്യൻ സ്ഥാപനങ്ങൾക്ക് അധിക പിന്തുണയും സർക്കാർ ഉറപ്പാക്കുന്നുണ്ട്.
മൊത്തത്തിലുള്ള പദ്ധതിയിലൂടെ 39 ലക്ഷം കോടി രൂപയുടെ ഉൽപാദനം നടക്കുമെന്നാണ് ഔദ്യോഗിക വിലയിരുത്തൽ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

