എട്ടു ദിവസത്തെ ആശങ്കയ്ക്കൊടുവിൽ വാണിയംകുളം പനയൂർ സ്വദേശികളായ മൂന്നംഗ കുടുംബത്തെ കർണാടകയിലെ ചാമരാജ് നഗറിൽ നിന്ന് കണ്ടെത്തി. ബാബു ഭാസ്കർ (68), ഭാര്യ രമാദേവി (65), മകൻ വിഷ്ണു (32) എന്നിവരാണ് സുരക്ഷിതരായി കണ്ടെത്തിയത്.
ഇവർ വാടക വീട്ടിൽ താമസിച്ച് വരികയായിരുന്നു. പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കുമെന്ന് ഷൊർണൂർ പൊലീസ് അറിയിച്ചു.
സാമ്പത്തിക പ്രതിസന്ധിയാണ് നാടുവിടാൻ കാരണമെന്ന് ഇവർ പൊലീസിനോട് വ്യക്തമാക്കി. മൊബൈൽ ഫോണുകൾ സ്വിച്ച് ഓഫ് ചെയ്തതിനാൽ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം. ഒൻപതാം തീയതി പുലർച്ചെ സ്വന്തം പിക്കപ് വാഹനത്തിൽ യാത്ര തുടങ്ങിയ ഇവർ ചെർപ്പുളശ്ശേരി, മലപ്പുറം വഴിയാണ് കർണാടകയിലേക്ക് കടന്നത്.
ആദ്യം നാടുകാണി ചുരത്തിൽ വാഹനം ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത് അന്വേഷണത്തെ തെറ്റിദ്ധരിപ്പിച്ചിരുന്നു. എന്നാൽ, മാതാപിതാക്കളെ ചാമരാജ് നഗറിലെത്തിച്ച ശേഷം വിഷ്ണു തിരികെ വന്ന് വാഹനം ഉപേക്ഷിച്ച് ബസിൽ മടങ്ങുകയായിരുന്നുവെന്ന് വ്യക്തമായി.
വാഴത്തോട്ടത്തിലെ ഷെഡിൽ രണ്ട് ദിവസം
ചാമരാജ് നഗറിലെത്തിയ കുടുംബം ആദ്യത്തെ രണ്ടു ദിവസങ്ങൾ ഒരു വാഴത്തോട്ടത്തിലെ ഷെഡിലാണ് കഴിച്ചുകൂട്ടിയത്. തുടർന്ന് നാട്ടുകാരുടെ സഹായത്തോടെ വീട് വാടകയ്ക്കെടുക്കുകയായിരുന്നു.
പതിനായിരം രൂപ അഡ്വാൻസും മൂവായിരം രൂപ മാസവാടകയുമാണ് ഇവർ നൽകിയത്. പിക്കപ് വാഹനം വായ്പ നൽകിയ സ്ഥാപനം ഏറ്റെടുത്തോട്ടെ എന്ന് കരുതിയാണ് വഴിയിൽ ഉപേക്ഷിച്ചതെന്ന് വിഷ്ണു പൊലീസിനോട് പറഞ്ഞു.
40 ലക്ഷം രൂപയുടെ ബാധ്യത
ശർക്കര, ഉപ്പ് വിതരണ ബിസിനസ്സിലുണ്ടായ നഷ്ടം നികത്താൻ വായ്പകളെ ആശ്രയിച്ച കുടുംബത്തിന് ആകെ 40 ലക്ഷത്തിലധികം രൂപയുടെ ബാധ്യതയുണ്ടെന്ന് പൊലീസ് കണ്ടെത്തി. ഈ പ്രതിസന്ധിയാണ് ഇവരെ നാടുവിടാൻ പ്രേരിപ്പിച്ചത്.
അന്വേഷണ വഴിയിലെ നിർണായക നീക്കങ്ങൾ
മൊബൈൽ ടവർ ലൊക്കേഷൻ ലഭിക്കാതെ വന്നതോടെ പൊലീസ് മുന്നൂറിലധികം സിസിടിവി ദൃശ്യങ്ങളാണ് പരിശോധിച്ചത്. ഷൊർണൂർ ഡിവൈഎസ്പി ഷാജു കെ.ഏബ്രഹാമിന്റെ നിർദേശപ്രകാരം രണ്ട് സംഘങ്ങളായി തിരിഞ്ഞാണ് അന്വേഷണം നടത്തിയത്.
സർക്കിൾ ഇൻസ്പെക്ടർ പി.വിഷ്ണു, എഎസ്ഐ കെ.അനിൽകുമാർ, സിവിൽ പൊലീസ് ഓഫിസർമാരായ സന്ദീപ്, സുഭാഷ്, ഡാൻസാഫ് സ്ക്വാഡ്, എസ്ഐ കെ.പി.അശ്വിൻ, സീനിയർ സിവിൽ പൊലീസ് ഓഫിസർ സജീഷ്, സിവിൽ പൊലീസ് ഓഫിസർ സുജി ശേഖർ എന്നിവർ അന്വേഷണത്തിന് നേതൃത്വം നൽകി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

