കാര്‍ഡിഫ് സോഫിയ ഗാര്‍ഡന്‍സില്‍ നടക്കുന്ന ഇന്ത്യ-ഇംഗ്ലണ്ട് ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തില്‍ ആവേശകരമായ നിമിഷങ്ങള്‍. 234 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ട് എട്ട് ഓവറുകള്‍ പിന്നിടുമ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 39 റണ്‍സ് എന്ന നിലയിലാണ്.
ജോ റൂട്ട് (14), ഹാരി ബ്രൂക്ക് (15) എന്നിവരാണ് നിലവില്‍ ക്രീസിലുള്ളത്. ഇംഗ്ലീഷ് ഓപ്പണര്‍മാരായ ബെന്‍ ഡക്കറ്റ് (0), ജേക്കബ് ബേഥല്‍ (4) എന്നിവരുടെ വിക്കറ്റുകളാണ് ടീമിന് നഷ്ടമായത്.
ജസ്പ്രിത് ബുമ്ര, പ്രസിദ്ധ് കൃഷ്ണ എന്നിവരാണ് വിക്കറ്റുകള്‍ വീഴ്ത്തിയത്. വിക്കറ്റ് കീപ്പര്‍ ഇഷാന് കിഷന് രണ്ട് ക്യാച്ചുകളിലൂടെ ബൗളര്‍മാര്‍ക്ക് മികച്ച പിന്തുണ നല്കി.
നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ ഇന്ത്യ 44 ഓവറില്‍ എല്ലാവരും പുറത്താവുകയായിരുന്നു. ഇംഗ്ലീഷ് ബൗളിംഗ് നിരയുടെ കൃത്യതയാര്‍ന്ന പ്രകടനമാണ് ഇന്ത്യന്‍ ബാറ്റിംഗിനെ തകര്‍ത്തത്.
ജോഫ്ര ആര്‍ച്ചര്‍, ഗസ് അറ്റ്കിന്സണ് എന്നിവര്‍ മൂന്ന് വിക്കറ്റുകള്‍ വീതം വീഴ്ത്തിയപ്പോള്‍, സാകിബ് മഹ്മൂദ് രണ്ട് വിക്കറ്റുകള്‍ സ്വന്തമാക്കി. ഇന്ത്യന്‍ നിരയില്‍ ശ്രേയസ് അയ്യര്‍ (66), വിരാട് കോലി (65) എന്നിവര്‍ മാത്രമാണ് ഭേദപ്പെട്ട
പ്രകടനം കാഴ്ചവെച്ചത്. ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍ (31) പുറത്തായതോടെയാണ് തകര്‍ച്ചയുടെ തുടക്കം.
തുടര്‍ന്ന് ക്രീസിലൊന്നിച്ച രോഹിത് ശര്‍മ്മ – വിരാട് കോലി സഖ്യം 60 റണ്‍സ് കൂട്ടിച്ചേര്‍ത്തെങ്കിലും, 18-ാം ഓവറില്‍ രോഹിത്തിന്റെ വിക്കറ്റ് നഷ്ടമായി. തൊട്ടുപിന്നാലെ ഇഷാന് കിഷന് (1) കൂടി മടങ്ങിയതോടെ ഇന്ത്യ മൂന്നിന് 111 എന്ന നിലയിലേക്ക് വീണു.
ശേഷം കോലിയും ശ്രേയസും ചേര്‍ന്ന് 67 റണ്‍സ് കൂട്ടുകെട്ടുണ്ടാക്കി ടീമിനെ കരകയറ്റാന്‍ ശ്രമിച്ചെങ്കിലും, ജോഫ്ര ആര്‍ച്ചര്‍ കോലിയെ പുറത്താക്കിയതോടെ മത്സരം ഇംഗ്ലണ്ട് വരുതിയിലാക്കി. തുടര്‍ന്ന് മധ്യനിരയും വാലറ്റവും തകര്‍ന്നടിഞ്ഞു.
വാഷിംഗ്ടണ്‍ സുന്ദര്‍ (2), അക്സര്‍ പട്ടേല്‍ (1), ശിവം ദുബെ (0), ഗുര്‍നൂര്‍ ബ്രാര്‍ (7), പ്രസിദ്ധ് കൃഷ്ണ (0) എന്നിവര്‍ക്ക് കാര്യമായ സംഭാവന നല്കാന് കഴിഞ്ഞില്ല. വാലറ്റത്ത് ജസ്പ്രിത് ബുമ്ര (13 പന്തില്‍ 20) നടത്തിയ ചെറുത്തുനില്‍പ്പാണ് സ്കോര്‍ 200 കടത്താന്‍ സഹായിച്ചത്.
മൂന്ന് മത്സരങ്ങളുള്ള പരമ്പരയില്‍ നിലവില്‍ ഇന്ത്യ 1-0ത്തിന് മുന്നിലാണ്. ഇന്നത്തെ മത്സരം വിജയിച്ചാല്‍ ഇന്ത്യയ്ക്ക് പരമ്പര സ്വന്തമാക്കാം.
ടീം വിവരങ്ങള്‍:
ഇംഗ്ലണ്ട്: ബെന്‍ ഡക്കറ്റ്, ജേക്കബ് ബെഥേല്‍, ജോ റൂട്ട്, ഹാരി ബ്രൂക്ക് (ക്യാപ്റ്റന്‍), ജോസ് ബട്ലര് (വിക്കറ്റ് കീപ്പര്‍), സാം കറന്, വില്‍ ജാക്സ്, ഗസ് അറ്റ്കിന്സണ്, ജോഫ്ര ആര്‍ച്ചര്‍, ആദില്‍ റഷീദ്, സാഖിബ് മഹ്മൂദ്. ഇന്ത്യ: രോഹിത് ശര്‍മ്മ, ശുഭ്മാന്‍ ഗില്‍ (ക്യാപ്റ്റന്‍), വിരാട് കോലി, ഇഷാന് കിഷന് (വിക്കറ്റ് കീപ്പര്‍), ശ്രേയസ് അയ്യര്‍, വാഷിംഗ്ടണ്‍ സുന്ദര്‍, ശിവം ദുബെ, അക്സര്‍ പട്ടേല്‍, ഗുര്‍നൂര്‍ ബ്രാര്‍, ജസ്പ്രീത് ബുംറ, പ്രസിദ്ധ് കൃഷ്ണ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

