മതപരമായ ചടങ്ങുകളിലും ആഘോഷങ്ങളിലും പൊലീസ് ഉദ്യോഗസ്ഥർ ഔദ്യോഗിക യൂണിഫോം ധരിച്ച് പങ്കെടുക്കുന്നത് വിലക്കിക്കൊണ്ട് സംസ്ഥാന പൊലീസ് മേധാവി പുറപ്പെടുവിച്ച സർക്കുലർ നടപ്പിലാക്കുന്നത് ഹൈക്കോടതി തടഞ്ഞു. ഈ ഉത്തരവ് ഒരു മാസത്തേക്കാണ് കോടതി സ്റ്റേ ചെയ്തത്.
ഡിജിപി റവാഡ ചന്ദ്രശേഖർ പുറത്തിറക്കിയ സർക്കുലറിൽ നിയമപരമായി പരിശോധിക്കേണ്ട നിരവധി വിഷയങ്ങളുണ്ടെന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് നിരീക്ഷിച്ചു.
ജസ്റ്റിസുമാരായ രാജ വിജയരാഘവൻ, കെ വി ജയകുമാർ എന്നിവരടങ്ങുന്ന ബെഞ്ചാണ് ഈ നിർണായക ഉത്തരവ് പുറപ്പെടുവിച്ചത്. സർക്കുലർ ചോദ്യം ചെയ്തുകൊണ്ട് ഡോ.
പി എസ് മഹേന്ദ്ര കുമാർ സമർപ്പിച്ച ഹർജി പരിഗണിച്ചായിരുന്നു കോടതിയുടെ ഇടപെടൽ. പൊലീസ് ഉദ്യോഗസ്ഥർ ഔദ്യോഗിക വേഷത്തിൽ ഇത്തരം ചടങ്ങുകളിൽ പങ്കെടുക്കരുതെന്ന് നിർദേശിച്ചുകൊണ്ട് ഈ മാസം ഒന്നാം തീയതിയാണ് ഡിജിപി സർക്കുലർ പുറത്തിറക്കിയത്.
വിവിധ കോണുകളിൽ നിന്ന് ഉയർന്ന പരാതികളെത്തുടർന്നാണ് ഇത്തരമൊരു തീരുമാനം ഉണ്ടായതെന്ന് ഔദ്യോഗിക വൃത്തങ്ങൾ വ്യക്തമാക്കിയിരുന്നു. എങ്കിലും, തിരുവിതാംകൂർ, കൊച്ചി മേഖലകളിലെ പ്രശസ്തമായ പല ക്ഷേത്ര ചടങ്ങുകളിലും പൊലീസ് ഉദ്യോഗസ്ഥർ യൂണിഫോമിൽ പങ്കെടുക്കുന്നത് കാലങ്ങളായുള്ള കീഴ്വഴക്കമാണെന്ന് ഹർജിക്കാരന് വേണ്ടി ഹാജരായ അഭിഭാഷകൻ കോടതിയിൽ വാദിച്ചു.
ഇത്തരം പങ്കാളിത്തം ക്ഷേത്രങ്ങളിലെ ആചാരങ്ങളുടെ ഭാഗമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ വാദങ്ങൾ കൂടി പരിഗണിച്ചാണ് വിഷയത്തിൽ വിശദമായ വാദം കേൾക്കുന്നതുവരെ സർക്കുലർ നടപ്പാക്കുന്നത് തടഞ്ഞുകൊണ്ട് ഹൈക്കോടതി ഉത്തരവിട്ടത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

