പത്തനംതിട്ടയിൽ ദീർഘകാലമായി പോലീസ് സേനയ്ക്ക് നിസ്വാർത്ഥമായ സേവനം നൽകി വരുന്ന തിരുവല്ല സ്വദേശി സോമന്റെ ചികിത്സാ ചെലവുകൾ പൂർണ്ണമായും ഏറ്റെടുക്കാൻ തീരുമാനമായി. തിരുവല്ല എംഎൽഎയുടെ നേതൃത്വത്തിൽ വിവിധ സന്നദ്ധ സംഘടനകളെയും സുമനസ്സുകളെയും ഏകോപിപ്പിച്ചുകൊണ്ടാണ് ചികിത്സാ സഹായം ഉറപ്പാക്കുന്നത്.
ഔദ്യോഗികമായി പോലീസ് സേനയുടെ ഭാഗമല്ലെങ്കിലും, സംസ്ഥാനത്തെ പല നിർണ്ണായക കേസുകളിലും പോലീസിന് കരുത്തായി സോമൻ കൂടെയുണ്ടായിരുന്നു. ഇലന്തൂർ നരബലി കേസ് ഉൾപ്പെടെയുള്ള ഭയാനകമായ സാഹചര്യങ്ങളിൽ, ആരും തൊടാൻ മടിക്കുന്ന നിലയിലുള്ള മൃതദേഹങ്ങൾ പോലും പുറത്തെടുക്കാൻ അദ്ദേഹം സന്നദ്ധനായി മുന്നിട്ടിറങ്ങിയിട്ടുണ്ട്.
ജോലിക്കിടയിൽ ജൂൺ രണ്ടാം തീയതി പത്തനംതിട്ട ചന്ദനപ്പള്ളിയിൽ വെച്ചാണ് അദ്ദേഹത്തിന് അപകടം സംഭവിക്കുന്നത്.
അഴുകിയ നിലയിലുള്ള മൃതദേഹം പുറത്തെടുക്കുന്നതിനിടെ കാലിൽ മുള്ള് തറയ്ക്കുകയും, അത് പിന്നീട് ഗുരുതരമായ അണുബാധയിലേക്ക് വഴിവെക്കുകയുമായിരുന്നു. നിലവിൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന അദ്ദേഹത്തിന് ഇതിനകം നാല് തവണ ശസ്ത്രക്രിയകൾ നടത്തിക്കഴിഞ്ഞു.
അദ്ദേഹത്തിന്റെ ദയനീയാവസ്ഥ തിരിച്ചറിഞ്ഞ് സഹപ്രവർത്തകരായ പോലീസുദ്യോഗസ്ഥർ ഒന്നേകാൽ ലക്ഷം രൂപ സമാഹരിച്ച് നൽകിയിരുന്നു. കൂടാതെ, സുമനസ്സുകളുടെ സഹായത്തോടെയാണ് ഇതുവരെയുള്ള ചികിത്സകൾ പൂർത്തിയാക്കിയത്.
തുടർചികിത്സാ നടപടികൾ ഏകോപിപ്പിക്കാൻ ജനപ്രതിനിധികളുടെ നേതൃത്വത്തിൽ വിപുലമായ സംവിധാനങ്ങൾ ഒരുക്കിക്കഴിഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

