ഇരിട്ടി: മലയോര ഹൈവേയുടെ നിർമാണ പ്രവൃത്തികൾ അന്തിമഘട്ടത്തിലെത്തി നിൽക്കെ, ഗുണനിലവാരത്തെയും സുരക്ഷയെയും ചൊല്ലി വ്യാപക പരാതികൾ ഉയരുന്നു. വള്ളിത്തോട് – മണണത്ത റീച്ചിലെ എടൂർ – ആറളം ദൂരത്തിൽ നടന്ന പ്രവൃത്തികളിൽ വലിയ വീഴ്ചകൾ സംഭവിച്ചതായാണ് നാട്ടുകാരുടെ ആരോപണം.
നിർമാണം പൂർത്തിയാകും മുൻപേ പദ്ധതി കമ്മിഷൻ ചെയ്യാൻ നീക്കം നടത്തുന്നതിൽ പ്രതിഷേധം ശക്തമാണ്. വെള്ളരിവയൽ അയമുക്ക് മേഖലയിൽ ഓവുചാൽ നിർമാണം പാതിവഴിയിൽ ഉപേക്ഷിച്ചതാണ് വലിയ പ്രതിസന്ധിയായത്.
ഇതിനെത്തുടർന്ന് മഴവെള്ളം സമീപത്തെ വീടുകളിലേക്ക് കയറുന്ന സ്ഥിതിയുണ്ട്. കൂടാതെ സുരക്ഷാഭിത്തി നിർമാണം, റോഡരികിലെ കോൺക്രീറ്റിങ്, വൈദ്യുതിത്തൂണുകൾ മാറ്റിസ്ഥാപിക്കൽ തുടങ്ങിയ പ്രധാന കരാർ വ്യവസ്ഥകൾ പലതും പാലിക്കപ്പെട്ടിട്ടില്ല.
ചെലവ് ഉയർന്നു; ചോദ്യങ്ങൾ ബാക്കി മൂന്ന് വർഷം മുൻപ് ആരംഭിച്ച പ്രവൃത്തി കഴിഞ്ഞ വർഷം മെയ് 30-ന് കമ്മിഷൻ ചെയ്യാനായിരുന്നു ലക്ഷ്യമിട്ടത്. എന്നാൽ പല കാരണങ്ങൾ പറഞ്ഞ് പ്രവൃത്തി നീട്ടിക്കൊണ്ടുപോവുകയായിരുന്നു.
കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി 25.3 കിലോമീറ്റർ നീളമുള്ള റോഡിനായി ആദ്യം 50.47 കോടി രൂപയുടെ ഭരണാനുമതിയാണ് ലഭിച്ചത്. പിന്നീട് 2021 നവംബർ 12-ന് 52.91 കോടി രൂപയുടെ സാങ്കേതികാനുമതി ലഭിക്കുകയും 49.39 കോടി രൂപയ്ക്ക് കരാർ ഉറപ്പിക്കുകയും ചെയ്തു.
പദ്ധതിയിൽ മാറ്റങ്ങൾ വരുത്തി ഒടുവിൽ 83.17 കോടി രൂപയുടെ പുതുക്കിയ എസ്റ്റിമേറ്റിനും സർക്കാർ അംഗീകാരം നൽകി. പദ്ധതി ചെലവ് ഇത്രയധികം വർധിച്ചിട്ടും അടിസ്ഥാന സൗകര്യങ്ങൾ പോലും ഒരുക്കാത്തതാണ് നാട്ടുകാരുടെ അതൃപ്തിക്ക് കാരണം.
വീടുകളിലേക്ക് വെള്ളം കയറുന്നു വെള്ളരിവയൽ അയമുക്ക് – കൂട്ടക്കളം റോഡ് മലയോര ഹൈവേയുമായി ചേരുന്ന ഭാഗത്ത് ഓവുചാലുകൾ തമ്മിൽ ബന്ധിപ്പിക്കാത്തതാണ് വെള്ളക്കെട്ടിന് പ്രധാന കാരണം. ഓവുചാൽ പൂർണമായി നിർമിക്കുമെന്ന് നൽകിയ വാഗ്ദാനം അധികൃതർ ലംഘിച്ചു.
സമീപത്തെ 10 മീറ്ററോളം ഭാഗത്ത് ഓവുചാലിന്റെ ഭിത്തി പോലും നിർമിക്കാത്തതിനാൽ സ്ഥലമുടമയ്ക്ക് സ്വന്തം ചെലവിൽ ചെങ്കല്ല് ഉപയോഗിച്ച് സംരക്ഷണ ഭിത്തി കെട്ടേണ്ടി വന്നു. വാടക നൽകാതെയും മാലിന്യം നീക്കാതെയും കരാറുകാർ നിർമാണ സാമഗ്രികൾ സൂക്ഷിക്കാൻ ഒരു സ്വകാര്യ വ്യക്തിയുടെ സ്ഥലം പ്രതിമാസം 10,000 രൂപ വാടകയ്ക്ക് എടുത്തെങ്കിലും അത് ഇതുവരെ നൽകിയിട്ടില്ലെന്ന് പരാതിയുണ്ട്.
സ്ഥലം പഴയ പടിയാക്കി നൽകാമെന്ന ഉറപ്പ് ലംഘിച്ച് കോൺക്രീറ്റ് മാലിന്യങ്ങൾ ഉൾപ്പെടെയുള്ള അവശിഷ്ടങ്ങൾ അവിടെ തന്നെ ഉപേക്ഷിച്ചു. ഇത് സംബന്ധിച്ച് സ്ഥലമുടമയായ വെളുത്തേടത്തുപറമ്പിൽ ജോർജ് ആറളം പഞ്ചായത്ത് പ്രസിഡന്റിന് പരാതി നൽകി.
സുരക്ഷാ ഭീഷണിയായി അപാകതകൾ റോഡിന്റെ വശങ്ങളിൽ സുരക്ഷാഭിത്തി നിർമിക്കാത്തതും മാറ്റിസ്ഥാപിക്കാത്ത വൈദ്യുതിത്തൂണുകളും വലിയ അപകടസാധ്യതയാണ് സൃഷ്ടിക്കുന്നത്. 12 മീറ്റർ വീതിയുള്ള റോഡിൽ ടാറിങ്ങിന് ശേഷമുള്ള ഇരുവശങ്ങളും കോൺക്രീറ്റ് ചെയ്യണമെന്ന കരാർ വ്യവസ്ഥയും പൂർണമായും ലംഘിക്കപ്പെട്ടിരിക്കുകയാണ്.
ഇതിനകം പലതവണ പരാതികൾ ഉയർന്നിട്ടും നടപടിയുണ്ടാകാത്തത് പ്രദേശവാസികളിൽ ആശങ്ക വർധിപ്പിക്കുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

