തൃശൂർ: മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷവിമർശനവുമായി കെപിസിസി വക്താവ് അഡ്വ. വി ആർ അനൂപ് രംഗത്ത്.
ഹിന്ദു ഐക്യവേദി നേതാക്കളുമായി കൂടിക്കാഴ്ച നടത്താൻ സമയം അനുവദിച്ച മുഖ്യമന്ത്രി, സ്വന്തം പാർട്ടിയുടെ നേതാക്കൾക്ക് അതിനുള്ള അവസരം നിഷേധിച്ചുവെന്നാണ് അദ്ദേഹത്തിൻ്റെ ആരോപണം. സമൂഹമാധ്യമത്തിലൂടെയാണ് കോൺഗ്രസ് നേതാവ് ഇക്കാര്യം ഉന്നയിച്ചത്.
ഹിന്ദു ഐക്യവേദി നേതാവ് കെ പി ശശികലയോട് മുഖ്യമന്ത്രി കാണിച്ച അനുഭാവപൂർണമായ സമീപനം കോൺഗ്രസ്, കെഎസ്യു നേതാക്കളോടും ഉണ്ടാകേണ്ടതായിരുന്നു എന്ന് വി ആർ അനൂപ് കുറിച്ചു. കെപിസിസി ജനറൽ സെക്രട്ടറി പി എം നിയാസ്, കെഎസ്യു സംസ്ഥാന അധ്യക്ഷൻ അലോഷ്യസ് സേവ്യർ എന്നിവർക്ക് കൂടിക്കാഴ്ചയ്ക്ക് സമയം അനുവദിക്കാത്തതിനെ അദ്ദേഹം ചോദ്യം ചെയ്തു.
ഫേസ്ബുക്ക് കുറിപ്പിൽ അദ്ദേഹം വ്യക്തമാക്കിയത് ഇങ്ങനെ: “പി എം നിയാസ് എന്ന കെപിസിസിയുടെ ജനറൽ സെക്രട്ടറി, തെരഞ്ഞെടുപ്പ് കമ്മീഷണറായി നിയമിതനായ വ്യക്തിയുടെ സംഘപരിവാർ ബന്ധത്തെപ്പറ്റി അദ്ദേഹത്തിൻ്റെ ബോധ്യം അവതരിപ്പിക്കാൻ, കൂടിക്കാഴ്ചയ്ക്ക് സമയം ചോദിച്ചപ്പോൾ മുഖ്യമന്ത്രിയുടെ ഓഫീസിൽനിന്ന് അത് അനുവദിച്ച് കിട്ടിയിട്ടില്ല. മുഖ്യമന്ത്രിയോട് പ്ലീഡർ നിയമനത്തിൽ പരാതി ഉന്നയിച്ച അലോഷ്യസ് സേവ്യറിനും ഇതുവരെ കൂടിക്കാഴ്ചയ്ക്ക് സമയം അനുവദിക്കപ്പെട്ടിട്ടില്ല എന്നാണ് മനസ്സിലാക്കുന്നത്.
ഹിന്ദു ഐക്യവേദിയുടെ നേതാക്കളായ ശശികലയോടും ആർ വി ബാബുവിനോടും കാണിച്ച ആ അനുഭാവപൂർണമായ സമീപനമെങ്കിലും കെപിസിസിയുടെ ജനറൽ സെക്രട്ടറിയോടും കെഎസ്യുവിൻ്റെ സംസ്ഥാന പ്രസിഡൻ്റിനോടും കാണിക്കേണ്ടതായിരുന്നു എന്നാണ് ബഹുമാനപ്പെട്ട മുഖ്യമന്ത്രിയോട് പറയാനുള്ളത്.
അവർ അത് അർഹിക്കുന്നുണ്ട് സർ. അത് അവരുടെ അവകാശമാണ് സർ.
ഇത് അവരുടെ കൂടി സർക്കാർ ആണ് സർ. ഇത് ഞങ്ങളുടെ കൂടി സർക്കാർ ആണ് സർ”.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

