പത്തനംതിട്ട: സിബിഎസ്ഇ (CBSE), ഐസിഎസ്ഇ (ICSE) സിലബസുകളിൽ പഠിക്കുന്ന വിദ്യാർഥികളുടെ പത്താം ക്ലാസ് സർട്ടിഫിക്കറ്റുകളിൽ ജാതിയും മതവും രേഖപ്പെടുത്താത്ത രീതി ഭാവിയിൽ സംവരണ ആനുകൂല്യങ്ങൾ ലഭിക്കുന്നതിന് തടസ്സമായേക്കുമെന്ന് ആശങ്ക. സംസ്ഥാന സിലബസിലെ എസ്എസ്എൽസി സർട്ടിഫിക്കറ്റുകളിൽ ജാതിയും മതവും വ്യക്തമായി രേഖപ്പെടുത്തുമ്പോൾ, കേന്ദ്ര സിലബസ് പരീക്ഷകളിൽ ഇത് ഒഴിവാക്കുന്നതാണ് ആശങ്കയ്ക്ക് അടിസ്ഥാനം.
ഉന്നത വിദ്യാഭ്യാസ പ്രവേശനം, സ്കോളർഷിപ്പുകൾ, സർക്കാർ നിയമനങ്ങൾ തുടങ്ങിയവയ്ക്ക് അപേക്ഷിക്കുമ്പോൾ ജാതി തെളിയിക്കുന്ന രേഖകൾ നിർബന്ധമാണ്. നിലവിൽ സിബിഎസ്ഇ, ഐസിഎസ്ഇ സിലബസുകളിൽ പഠിച്ച വിദ്യാർഥികൾ ജാതി സംബന്ധമായ സർട്ടിഫിക്കറ്റുകൾക്കോ നോൺ-ക്രീമിലെയർ സർട്ടിഫിക്കറ്റുകൾക്കോ അപേക്ഷിക്കുമ്പോൾ, മാതാപിതാക്കളുടെ എസ്എസ്എൽസി സർട്ടിഫിക്കറ്റുകളാണ് പ്രധാന തെളിവായി സ്വീകരിക്കുന്നത്.
എങ്കിലും, വരും വർഷങ്ങളിൽ ഈ രീതിയിൽ മാറ്റമുണ്ടാകും. സിബിഎസ്ഇ, ഐസിഎസ്ഇ സിലബസുകളിൽ പഠിച്ച മാതാപിതാക്കളുടെ എണ്ണം വർധിക്കുന്നതോടെ, അവരുടെ പത്താം ക്ലാസ് സർട്ടിഫിക്കറ്റുകളിലും ജാതി രേഖപ്പെടുത്തിയിട്ടുണ്ടാകില്ല.
ഇത് അടുത്ത തലമുറയ്ക്ക് ജാതി തെളിയിക്കുന്നതിനുള്ള അടിസ്ഥാന രേഖകൾ ഹാജരാക്കുന്നതിൽ വലിയ പ്രായോഗിക ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ഈ പ്രതിസന്ധിക്ക് പരിഹാരമായി സർക്കാർ തലത്തിൽ കൃത്യമായ മാർഗനിർദേശങ്ങൾ ഉണ്ടാവണമെന്നും, ബദൽ രേഖാ സംവിധാനങ്ങൾ ഏർപ്പെടുത്തണമെന്നുമാണ് ആവശ്യം ഉയരുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

