സംസ്ഥാന മന്ത്രിസഭാ പുനഃസംഘടനയിൽ മന്ത്രി സ്ഥാനം വാഗ്ദാനം ചെയ്ത് എലത്തൂർ എംഎൽഎ വിദ്യാ ബാലകൃഷ്ണന് നേരെ സൈബർ തട്ടിപ്പ്. മൂന്നു കോടി രൂപ നൽകിയാൽ മന്ത്രിയാക്കാമെന്ന് വാട്സാപ് കോളിലൂടെയാണ് അജ്ഞാതൻ ആവശ്യപ്പെട്ടത്.
വയനാട് എംപി പ്രിയങ്ക ഗാന്ധിയുടെ ഓഫിസിൽ നിന്നാണെന്നു പരിചയപ്പെടുത്തിക്കൊണ്ടാണ് ഈ മാസം ആറിന് കോൾ വന്നത്. സംഭവത്തിൽ എംഎൽഎ നൽകിയ പരാതിയിൽ സൈബർ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
തന്നോട് സംസാരിച്ച വ്യക്തി താൻ രാജ് കുമാർ ആണെന്നും, ജില്ലയിലെ മറ്റൊരു എംപിയാണ് ഈ ഫോൺ നമ്പർ കൈമാറിയതെന്നും അവകാശപ്പെട്ടതായി വിദ്യാ ബാലകൃഷ്ണൻ വ്യക്തമാക്കി. പത്തുമിനിറ്റോളം നീണ്ടുനിന്ന ഇംഗ്ലീഷിലുള്ള സംഭാഷണത്തിൽ, മന്ത്രിയാകുന്നതിനുള്ള നടപടിക്രമങ്ങളെക്കുറിച്ച് തട്ടിപ്പുകാരൻ വിശദീകരിക്കുകയും ചെയ്തു.
സംശയം തോന്നിയ എംഎൽഎ പണം പിന്നീട് നൽകാമെന്ന് മറുപടി നൽകി. തുടർന്ന്, തന്നെ വിളിച്ച വ്യക്തി സൂചിപ്പിച്ച എംപിയുമായി സംസാരിച്ചപ്പോൾ, എഐസിസി ആസ്ഥാനത്തുനിന്നാണെന്ന് പറഞ്ഞ് ഒരാൾ തന്നെ വിളിച്ചിരുന്നതായും ജില്ലയിലെ രണ്ട് എംഎൽഎമാരുടെ ഫോൺ നമ്പർ ആവശ്യപ്പെട്ടതായും അദ്ദേഹം അറിയിച്ചു.
തുടർന്ന് നടത്തിയ പരിശോധനയിൽ പ്രിയങ്ക ഗാന്ധിയുടെ ഓഫിസുമായും പാർട്ടി ആസ്ഥാനമായും ബന്ധപ്പെട്ടപ്പോൾ ഇത്തരത്തിൽ ഒരു ഫോൺവിളി ഔദ്യോഗികമായി ഉണ്ടായിട്ടില്ലെന്ന് വ്യക്തമായി. ഇതോടെ പാർട്ടി നേതൃത്വത്തിന്റെ നിർദേശപ്രകാരം കഴിഞ്ഞ ശനിയാഴ്ച സൈബർ സെല്ലിൽ പരാതി നൽകുകയായിരുന്നു.
ഇതുസംബന്ധിച്ച് എംഎൽഎയുടെ പ്രതികരണം: “ഇത്തരത്തിൽ കോൾ വന്നിരുന്നതായും പാർട്ടി നേതൃത്വം പറഞ്ഞതു പ്രകാരമാണ് പൊലീസിൽ പരാതി നൽകിയതെന്നും വിദ്യാ ബാലകൃഷ്ണൻ പറഞ്ഞു. ഇത്തരം നിരവധി തട്ടിപ്പുകൾ സമൂഹത്തിൽ നടക്കുന്നുണ്ട്.
സാധാരണക്കാർ ഇത്തരം തട്ടിപ്പുകളിൽ വീണു പോകാൻ ഇടയുണ്ട്. അത്തരം ആളുകളെ നിയമത്തിനു മുന്നിൽ കൊണ്ടു വരാനാണ് പരാതി നൽകിയത്.
അന്വേഷണത്തിനിടെ കുറ്റവാളികൾക്ക് രക്ഷപ്പെടാൻ സാഹചര്യം ഒരുക്കും എന്നതിനാൽ ഇതൊരു വാർത്ത ആക്കാൻ താൽപര്യമില്ലായിരുന്നു. ഈ സംഭവത്തിൽ കൂടുതൽ പ്രതികരിക്കാനില്ല.
ഈ വിഷയത്തിൽ പ്രതികരിക്കേണ്ടതുണ്ടെങ്കിൽ അത് പാർട്ടി നേതൃത്വത്തിൽ നിന്നും ഉണ്ടാകുമെന്നും വിദ്യ പറഞ്ഞു.”
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

