പാലക്കാട് ഒറ്റപ്പാലം മേഖലയിൽ അലഞ്ഞുതിരിയുന്ന നിലയിൽ കണ്ടെത്തിയ യുവാവിനെ തെരുവോരം പ്രവർത്തകർ ഏറ്റെടുത്തു. സ്വന്തം വിവരങ്ങൾ കൃത്യമായി ഓർത്തെടുക്കാൻ സാധിക്കാത്ത അവസ്ഥയിലുള്ള യുവാവ്, തന്റെ സ്വദേശം ആലപ്പുഴ ആണെന്ന് സൂചന നൽകിയിട്ടുണ്ട്.
കഴിഞ്ഞ ഒരാഴ്ചയായി ഒറ്റപ്പാലം പാലപ്പുറം ഭാഗത്ത് യുവാവിനെ അലയുന്ന നിലയിൽ കണ്ടെത്തിയിരുന്നു. സെൻസസ് ഡ്യൂട്ടിയിലുണ്ടായിരുന്ന അധ്യാപികയായ ലൈജു ആണ് ഇദ്ദേഹത്തെ ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് നഗരസഭാ അധികൃതരെ വിവരം അറിയിച്ചത്.
തുടർന്ന് സാമൂഹ്യ മാധ്യമങ്ങളിലൂടെ ബന്ധുക്കളെ കണ്ടെത്താൻ ശ്രമം നടത്തിയെങ്കിലും ഫലം കണ്ടില്ല. ഒറ്റപ്പാലം പോലീസ് നടത്തിയ അന്വേഷണത്തിലും കൃത്യമായ വിവരം ലഭിച്ചില്ല.
നാട്ടുകാരുടെയും പോലീസിന്റെയും സഹായത്തോടെ യുവാവിനെ ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആശുപത്രിയിൽ വച്ചും താൻ ആലപ്പുഴ സ്വദേശിയാണെന്ന് ഇദ്ദേഹം ആവർത്തിക്കുകയായിരുന്നു.
ഇതിനെത്തുടർന്ന്, ചേർത്തല പട്ടണക്കാട് കേന്ദ്രമായി പ്രവർത്തിക്കുന്ന തെരുവോരം എൻജിഒയുടെ സെക്രട്ടറി മുരുകനുമായി അധികൃതർ ബന്ധപ്പെട്ടു. പോലീസ് അനുമതിയോടെ മുരുകൻ ആംബുലൻസുമായി എത്തി യുവാവിനെ ഏറ്റെടുക്കുകയായിരുന്നു.
യുവാവിനെ കൈമാറുന്ന നടപടികളിൽ കൗൺസിലർമാരായ ഗീതിക, സുനിത, സൂര്യ, ശ്രീജുല, ടി.പി.പ്രദീപ്കുമാർ, പൊതുപ്രവർത്തകൻ ഫ്രാൻസി എന്നിവർ നേതൃത്വം നൽകി. യുവാവിന്റെ ബന്ധുക്കളെക്കുറിച്ച് വിവരം ലഭിക്കുന്നവർ 9846051098 എന്ന നമ്പറിൽ ബന്ധപ്പെടണമെന്ന് അഭ്യർത്ഥിക്കുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

