സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദിലുണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന മലയാളി യുവാവ് അന്തരിച്ചു. എറണാകുളം മട്ടാഞ്ചേരി സ്വദേശിയായ വില്യംസ് (31) ആണ് മരണപ്പെട്ടത്.
കൊപ്പരമ്പിൽ തോമസ് – നെസി ദമ്പതികളുടെ മകനാണ് ഇദ്ദേഹം. ജൂൺ 29-ന് റിയാദിലെ സുലൈയിൽ വെച്ചായിരുന്നു ദാരുണമായ അപകടം സംഭവിച്ചത്.
ഡെലിവറി ജോലിക്കിടെ വില്യംസ് സഞ്ചരിച്ചിരുന്ന സ്കൂട്ടറിൽ കാറിടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ അദ്ദേഹത്തെ ഉടൻ തന്നെ റിയാദിലെ കിങ് സഊദ് മെഡിക്കൽ സിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും, ജൂലൈ 4-ന് ജീവൻ നഷ്ടമായി.
ഒരു വർഷം മുൻപാണ് തൊഴിൽ വിസയിൽ റിയാദിലെത്തിയ വില്യംസ് ഓൺലൈൻ ഷോപ്പിങ് കമ്പനിയിൽ ഡെലിവറി ജീവനക്കാരനായി ജോലി ചെയ്തുവരികയായിരുന്നു. ജിഷ്മയാണ് ഭാര്യ.
ജോസഫ് സഹോദരനാണ്. ഏഴും രണ്ടും വയസ്സുള്ള രണ്ട് മക്കളുമുണ്ട്.
അപകടസമയത്ത് ഇദ്ദേഹത്തെ തിരിച്ചറിയാൻ സാധിച്ചിരുന്നില്ല. പിന്നീട് ആശുപത്രിയിലെ നഴ്സായ ബിനീഷ് നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ, റിയാദ് ഒ.ഐ.സി.സി ഭാരവാഹി മാത്യൂ ജോസഫ് നടത്തിയ അന്വേഷണത്തിലാണ് മരിച്ചയാൾ വില്യംസാണെന്ന് സ്ഥിരീകരിച്ചത്.
ഷാജഹാൻ താജ് കോൾഡ് സ്റ്റോറേജിന്റെ നേതൃത്വത്തിലാണ് മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടികൾ പൂർത്തിയാക്കിയത്. നിലവിൽ സുലൈമാനിയ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം, നിയമനടപടികൾ പൂർത്തിയാക്കിയ ശേഷം ബുധനാഴ്ച രാവിലെ 8.20-ന് റിയാദിൽ നിന്നുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ നാട്ടിലേക്ക് കൊണ്ടുപോകും.
അന്ന് രാത്രി 10.20-ഓടെ നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിക്കുന്ന മൃതദേഹം, വ്യാഴാഴ്ച മട്ടാഞ്ചേരിയിലെ സെമിത്തേരിയിൽ സംസ്കരിക്കും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

