ലോകകപ്പ് ഫുട്ബോൾ സെമിഫൈനലിലെ തിരിച്ചടിക്ക് പിന്നാലെ ഫ്രഞ്ച് ടീമിന്റെ പരിശീലക സ്ഥാനത്ത് നിന്ന് ദിദിയർ ദെഷാംപ്സ് പടിയിറങ്ങുന്നു. പ്രമുഖ ഫുട്ബോൾ മാധ്യമ പ്രവർത്തകനായ ഫാബ്രിസിയോ റൊമാനോ ആണ് ഇതുസംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടത്.
ഫ്രഞ്ച് ഫുട്ബോൾ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച പരിശീലകരിൽ ഒരാളാണ് ദെഷാംപ്സ്. 2018-ൽ ഫ്രാൻസിനെ ലോകകപ്പ് ജേതാക്കളാക്കിയ അദ്ദേഹം, 2022-ൽ ടീമിനെ ഫൈനലിലും 2026-ൽ സെമിഫൈനലിലും എത്തിച്ചിരുന്നു.
ദെഷാംപ്സിന് പകരമായി ഫ്രഞ്ച് ഇതിഹാസതാരം സിനദീൻ സിദാൻ ചുമതലയേൽക്കുമെന്നാണ് സൂചനകൾ. റയൽ മാഡ്രിഡിനെ തുടർച്ചയായി മൂന്ന് തവണ ചാമ്പ്യൻസ് ലീഗ് കിരീടത്തിലേക്ക് നയിച്ച സിദാനു കീഴിൽ പുതിയൊരു തന്ത്രവുമായി ഫ്രാൻസ് എത്തുമെന്നാണ് ഫുട്ബോൾ ലോകം ഉറ്റുനോക്കുന്നത്.
അതേസമയം, ഡാളസിൽ നടന്ന വാശിയേറിയ സെമിഫൈനൽ പോരാട്ടത്തിൽ സ്പെയിനിനോട് എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് ഫ്രാൻസ് പരാജയപ്പെട്ടത്. സ്പെയിനിനായി മിക്കേൽ ഒയർസബാൽ, പെഡ്രോ പൊറോ എന്നിവർ ലക്ഷ്യം കണ്ടു.
2010-ന് ശേഷം ഇതാദ്യമായാണ് സ്പെയിൻ ലോകകപ്പ് ഫൈനലിൽ പ്രവേശിക്കുന്നത്. മത്സരത്തിന്റെ 20-ാം മിനിറ്റിൽ ലൂക്കാസ് ഡിഗ്നെ, ലമിൻ യമാലിനെ ഫൗൾ ചെയ്തതിനെ തുടർന്ന് ലഭിച്ച പെനാൽറ്റി ഒയർസബാൽ വലയിലാക്കി സ്പെയിനിന് മുൻതൂക്കം നൽകി.
രണ്ടാം പകുതിയിൽ പെഡ്രോ പൊറോയുടെ ഗോൾ ഫ്രാൻസിന്റെ പ്രതീക്ഷകൾ അസ്തമിപ്പിച്ചു. ആദ്യ പകുതിയിൽ തന്നെ പ്രതിരോധ താരം വില്യം സാലിബയ്ക്ക് പരിക്കേറ്റ് പുറത്തുപോകേണ്ടി വന്നത് ഫ്രാൻസിന് വലിയ തിരിച്ചടിയായി.
കിലിയൻ എംബാപ്പെ, ഉസ്മാൻ ഡെംബലെ, മൈക്കൽ ഒലീസെ എന്നിവരെ ഫലപ്രദമായി തടയാൻ സ്പെയിനിന് സാധിച്ചു. ടൂർണമെന്റിൽ ആദ്യമായാണ് ഫ്രാൻസ് ഒരു മത്സരത്തിൽ ഗോൾ നേടാനാവാതെ പുറത്താകുന്നത്.
ഫൈനലിൽ ഇംഗ്ലണ്ട്-അർജന്റീന മത്സരത്തിലെ വിജയികളെ സ്പെയിൻ നേരിടും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

