ഇന്ത്യയും ബ്രിട്ടനും തമ്മിൽ ഒപ്പുവെച്ച സുപ്രധാനമായ സ്വതന്ത്ര വ്യാപാര കരാർ നാളെ മുതൽ നിലവിൽ വരും. ഈ കരാറിന്റെ ഭാഗമായി ഇന്ത്യയിൽ നിന്ന് ബ്രിട്ടനിലേക്ക് കയറ്റുമതി ചെയ്യുന്ന 99 ശതമാനം ഉൽപ്പന്നങ്ങൾക്കും ഘട്ടംഘട്ടമായി തീരുവ ഒഴിവാക്കാൻ ബ്രിട്ടൻ തീരുമാനിച്ചു.
പകരമായി, ബ്രിട്ടനിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന 90 ശതമാനം ഉൽപ്പന്നങ്ങളുടെ തീരുവ ഇന്ത്യയും കുറയ്ക്കും. അടുത്ത പത്ത് വർഷത്തിനുള്ളിൽ ഇതിൽ 85 ശതമാനം ഉൽപ്പന്നങ്ങളും പൂർണ്ണമായും തീരുവ രഹിതമാകും.
വാഹന വിപണിയിൽ വലിയ മാറ്റങ്ങൾക്ക് കരാർ വഴിയൊരുക്കും. നിലവിൽ 110 ശതമാനം വരെയായിരുന്ന ആഡംബര വാഹനങ്ങളുടെ ഇറക്കുമതി തീരുവ, നിശ്ചിത ക്വോട്ട
അടിസ്ഥാനത്തിൽ അടുത്ത അഞ്ച് വർഷത്തിനുള്ളിൽ 10 ശതമാനമായി ഇന്ത്യ കുറയ്ക്കും. ഇതിലൂടെ ജാഗ്വർ ലാൻഡ് റോവർ, ആസ്റ്റൻ മാർട്ടിൻ, റോൾസ് റോയ്സ് തുടങ്ങിയ വാഹനങ്ങളുടെ വിലയിൽ വലിയ കുറവുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
കൂടാതെ, സ്കോച്ച് വിസ്കി, ജിൻ തുടങ്ങിയവയുടെ തീരുവ 150 ശതമാനത്തിൽ നിന്ന് 40 ശതമാനമായും, ബ്രാണ്ടി, റം, വോഡ്ക തുടങ്ങിയവയുടെ തീരുവ 75 ശതമാനമായും പത്തുവർഷത്തിനുള്ളിൽ കുറയും. തൊഴിൽ മേഖലയിലും കരാർ അനുകൂല മാറ്റങ്ങൾ കൊണ്ടുവരുന്നു.
1,800 ഇന്ത്യൻ ഷെഫുമാർക്കും, യോഗ അധ്യാപകർക്കും, ശാസ്ത്രീയ സംഗീതജ്ഞർക്കും താൽക്കാലികമായി ബ്രിട്ടനിലേക്ക് തൊഴിൽ ആവശ്യങ്ങൾക്കായി പോകാൻ അവസരം ലഭിക്കും. ഇന്ത്യൻ കമ്പനികളിൽ നിന്ന് ബ്രിട്ടീഷ് ശാഖകളിലേക്ക് ജീവനക്കാരെ മാറ്റുമ്പോൾ (ഇൻട്ര–കോർപറേറ്റ് ട്രാൻസഫറീസ്) മൂന്നു വർഷത്തെ വീസ ലഭിക്കും.
കൂടാതെ, ജീവനക്കാരുടെ ജീവിതപങ്കാളികൾക്കും തൊഴിൽ വീസ അനുവദിക്കും. സാമൂഹിക സുരക്ഷാ നികുതിയുടെ കാലാവധിയും ഇതിനൊപ്പം വർധിപ്പിച്ചിട്ടുണ്ട്.
അതേസമയം, കാർഷിക മേഖലയെ സംരക്ഷിക്കുന്നതിന്റെ ഭാഗമായി ക്ഷീരോത്പന്നങ്ങൾ, പച്ചക്കറികൾ, ആപ്പിൾ, ഭക്ഷ്യ എണ്ണ, അരി തുടങ്ങിയവയുടെ തീരുവയിൽ ഇന്ത്യ മാറ്റങ്ങൾ വരുത്തിയിട്ടില്ല. സമുദ്രോൽപന്നങ്ങളുടെ തീരുവ 20 ശതമാനത്തിൽ നിന്ന് പൂജ്യമായി കുറയുന്നതും, സുഗന്ധവ്യഞ്ജനങ്ങളുടെ തീരുവ ഒഴിവാക്കുന്നതും കേരളത്തിലെ കയറ്റുമതി മേഖലയ്ക്ക് വലിയ നേട്ടമാകും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

