വേമ്പനാട്ടുകായലിൽ കക്കയുടെ ലഭ്യതയിൽ ഉണ്ടായ ഗണ്യമായ കുറവ് നൂറുകണക്കിന് തൊഴിലാളികളെ വലിയ പ്രതിസന്ധിയിലാക്കിയിരിക്കുന്നു. കായലിലെ മലിനീകരണവും സ്വാഭാവിക പ്രജനന പ്രക്രിയ തടസ്സപ്പെട്ടതും ഉൽപാദനത്തെ പ്രതികൂലമായി ബാധിച്ചതായാണ് തൊഴിലാളികളുടെ പ്രധാന പരാതി.
പ്രജനനത്തെ ബാധിക്കുന്ന പ്രധാന ഘടകങ്ങളെക്കുറിച്ച് തൊഴിലാളികൾ വ്യക്തമാക്കുന്നത് ഇപ്രകാരമാണ്: “ഓരുവെള്ള സമയത്ത് ലാർവ പോലെ വെള്ളത്തിന് മുകളിൽ പാട വീഴും.
ഇത് അടിത്തട്ടിലേക്ക് വീഴുമ്പോഴാണു കക്കയായി രൂപാന്തരപ്പെടുന്നത്. നല്ല മണ്ണും ഒഴുക്കും കിട്ടുന്ന സ്ഥലത്ത് കക്കാ പെട്ടെന്നു വളരും.
ഇപ്പോൾ 2 വർഷത്തിലധികമായി കക്കാ വീഴാതെ ആയിട്ട്”. കൂടാതെ, വളർച്ചയെത്താത്ത ‘മല്ലി കക്ക’ (ചെറിയ കക്ക) അനധികൃതമായി വാരി വിപണനം ചെയ്യുന്നത് കക്കയുടെ വംശവർദ്ധനവിനെ ഗുരുതരമായി ബാധിക്കുന്നുണ്ട്.
തണ്ണീർമുക്കം ബണ്ടിന്റെ ഷട്ടറുകൾ കഴിഞ്ഞ 5 മാസത്തിലേറെയായി അടച്ചിട്ടിരിക്കുകയാണ്. ഇതുമൂലം ബണ്ടിന് തെക്കുഭാഗത്തുള്ള ഏകദേശം 6000 ഹെക്ടർ പ്രദേശത്ത് ഓരുജലത്തിന്റെ സാന്നിധ്യം ഇല്ലാതായത് കക്കയുടെ വളർച്ചയെ മന്ദഗതിയിലാക്കി.
മുൻകാലങ്ങളിൽ ദിവസേന 6 മണിക്കൂർ അധ്വാനിച്ചാൽ 15 പാട്ട കക്ക വരെ ലഭിച്ചിരുന്ന സ്ഥാനത്ത്, നിലവിൽ മൂന്നോ നാലോ പാട്ട
കക്ക മാത്രമേ ലഭിക്കുന്നുള്ളൂ. കുടുംബാംഗങ്ങളുടെ സഹായത്തോടെ കക്ക സംസ്കരിച്ച് വിപണിയിലെത്തിച്ചാണ് ഇവർ ഉപജീവനം നടത്തുന്നത്.
എന്നാൽ, ടിവിപുരം, വെച്ചൂർ, ചെമ്പ് തുടങ്ങിയ പ്രദേശങ്ങളിൽ പ്രവർത്തിക്കുന്ന കക്ക സഹകരണ സംഘങ്ങൾ വലിയ സാമ്പത്തിക പ്രതിസന്ധിയാണ് നേരിടുന്നത്. തൊഴിലാളികളിൽ നിന്ന് സംഭരിക്കുന്ന കക്കത്തോട് വിപണനം ചെയ്യാൻ സാധിക്കാത്തതും തിരിച്ചടിയായിട്ടുണ്ട്.
കോഴിത്തീറ്റ നിർമ്മാണ ആവശ്യങ്ങൾക്കായി മല്ലി കക്ക വ്യാപകമായി വാരിയെടുക്കുന്ന പ്രവണതയ്ക്ക് അറുതി വരുത്തണമെന്നും കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും തൊഴിലാളികൾ ആവശ്യപ്പെടുന്നു. ഈ മേഖലയിൽ നിന്ന് സർക്കാരിന് റോയൽറ്റി ഇനത്തിൽ വലിയ തുക ലഭിക്കുന്നുണ്ടെങ്കിലും, തൊഴിലാളികളുടെ ഉന്നമനത്തിനായി യാതൊരു പദ്ധതികളും ആവിഷ്കരിച്ചിട്ടില്ല.
ഇക്കാര്യത്തിൽ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ടുകൊണ്ട് കക്ക തൊഴിലാളിയായ എം.കെ.ശശി കോലോത്ത് പ്രതികരിച്ചു: “മുൻകാലത്തെ അപേക്ഷിച്ച് അധ്വാനം കൂടി വരുമാനം കുറഞ്ഞു. ഈ മേഖലയിലെ തൊഴിലാളികൾക്ക് സർക്കാരിന്റെയോ സർക്കാരിതര ഏജൻസികളുടെയോ സഹായം ലഭിക്കുന്നില്ല.
സർക്കാരിന് മുതൽ മുടക്കൊന്നും ഇല്ലാതെ ലക്ഷക്കണക്കിന് രൂപ റോയൽറ്റി ഇനത്തിൽ വരുമാനം ഉണ്ടാക്കുന്ന ഈ മേഖല സംരക്ഷിക്കുവാൻ അടിയന്തര നടപടി ഉണ്ടാകണം.”
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

