പൊന്മുടി ചുരം പാതയിലെ ഹെയർപിൻ വളവുകളിൽ കെഎസ്ആർടിസി ബസുകൾ അമിതഭാരവുമായി സർവീസ് നടത്തുന്നത് വലിയ സുരക്ഷാ ഭീഷണിയാകുന്നു. ഈ റൂട്ടിൽ യാത്രക്കാരുടെ എണ്ണം കർശനമായി നിയന്ത്രിക്കണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്.
കഴിഞ്ഞ ശനിയാഴ്ച വൈകിട്ട് പൊന്മുടിയിൽ നിന്നും തിരുവനന്തപുരത്തേക്ക് വരികയായിരുന്ന പ്രിയദർശിനി ബസിന്റെ ബ്രേക്ക് തകരാറിലായതിനെ തുടർന്ന് ആറാം വളവിൽ വെച്ച് നിയന്ത്രണം നഷ്ടപ്പെട്ടിരുന്നു. ഡ്രൈവറുടെ സമയോചിതമായ ഇടപെടലിനെത്തുടർന്ന് ബസ് റോഡരികിലെ കോൺക്രീറ്റ് ഭിത്തിയിൽ ഇടിച്ച് നിർത്തിയതിനാൽ വൻ ദുരന്തമാണ് ഒഴിവായത്.
35 സീറ്റുകൾ മാത്രമുള്ള ഈ ബസിൽ സംഭവസമയത്ത് 80-ലധികം യാത്രക്കാർ ഉണ്ടായിരുന്നു. ഇത് അപകടസാധ്യത വർദ്ധിപ്പിക്കുന്നതായി ചൂണ്ടിക്കാണിക്കപ്പെടുന്നു.
വനപാതയായതിനാൽ ഈ മേഖലയിലെ പല ഭാഗങ്ങളിലും മൊബൈൽ റേഞ്ച് ഉൾപ്പെടെയുള്ള വാർത്താവിനിമയ സൗകര്യങ്ങൾ ലഭ്യമല്ല. കൂടാതെ, കാട്ടാനകൾ ഉൾപ്പെടെയുള്ള വന്യമൃഗങ്ങളുടെ സാന്നിധ്യം ഇവിടെ പതിവായതിനാൽ ബസ് തകരാറിലാകുന്നത് യാത്രക്കാരെ വലിയ പ്രതിസന്ധിയിലാക്കുന്നു.
നേരത്തെ പത്തനംതിട്ട ഗവി റൂട്ടിലും സമാനമായ രീതിയിൽ ബസുകളിൽ അമിതമായി യാത്രക്കാരെ കയറ്റുന്നതിനെതിരെ വ്യാപക പരാതി ഉയർന്നിരുന്നു.
ഇതിനെത്തുടർന്ന് ഗവിയിലേക്കുള്ള കെഎസ്ആർടിസി ബസുകളിൽ യാത്രക്കാരുടെ എണ്ണം 55 ആയി പരിമിതപ്പെടുത്താൻ അധികൃതർ തീരുമാനിച്ചിരുന്നു. ഇതേ മാതൃകയിൽ പൊന്മുടി റൂട്ടിലും സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കണമെന്നാണ് തദ്ദേശവാസികളുടെ ആവശ്യം.
അവധി ദിവസങ്ങളിൽ കൂടുതൽ സർവീസുകൾ നടത്തുന്നുണ്ടെങ്കിലും വിനോദസഞ്ചാരികളുടെ തിരക്ക് നിയന്ത്രിക്കാൻ അവ പര്യാപ്തമല്ല. പൊന്മുടിയിലേക്ക് ഫാസ്റ്റ് പാസഞ്ചർ സർവീസ് ആരംഭിക്കുന്ന കാര്യത്തിൽ ഇതുവരെ അന്തിമ തീരുമാനം കൈക്കൊണ്ടിട്ടില്ല.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

