കോഴിക്കോട് നഗരത്തിന്റെ സുരക്ഷാ ഭൂപടത്തിൽ നിർണായക സ്ഥാനമുള്ള ബീച്ച് ഫയർ സ്റ്റേഷൻ പൂർണമായും പ്രവർത്തനം അവസാനിപ്പിക്കാനൊരുങ്ങുന്നു. സ്റ്റേഷനിലെ അവസാന യൂണിറ്റും മീഞ്ചന്ത ഫയർ സ്റ്റേഷനിലേക്ക് മാറ്റാനുള്ള നടപടികൾ അന്തിമഘട്ടത്തിലാണ്.
കെട്ടിടം മാറുന്നതിന്റെ ഭാഗമായി സ്റ്റേഷൻ വളപ്പിലെ തകർന്നുകിടക്കുന്ന മതിലിന്റെ ഭാഗങ്ങൾ ഷീറ്റുകൾ ഉപയോഗിച്ച് മറയ്ക്കുന്ന തിരക്കിലാണ് ഉദ്യോഗസ്ഥർ. കംപ്യൂട്ടറുകളും അനുബന്ധ ഉപകരണങ്ങളും വരുംദിവസങ്ങളിൽ പൂർണമായും മാറ്റും.
നിലവിൽ ഫയർ ടെൻഡർ വാഹനങ്ങൾ മാത്രമാണ് ഇവിടെ അവശേഷിക്കുന്നത്. ഒരു യൂണിറ്റ് എങ്കിലും ഇവിടെ നിലനിർത്താൻ ആലോചനയുണ്ടായിരുന്നെങ്കിലും, അത് പ്രായോഗികമാകില്ലെന്നാണ് ഉദ്യോഗസ്ഥർ നൽകുന്ന സൂചന.
പുതിയ കെട്ടിടത്തിനായുള്ള ശ്രമങ്ങൾ പരാജയപ്പെട്ടതാണ് സേനയ്ക്ക് തിരിച്ചടിയായത്. കല്ലുത്താൻ കടവ് വ്യാപാര സമുച്ചയത്തിൽ സൗകര്യം ഒരുക്കണമെന്ന് അഗ്നിരക്ഷാ സേന കോർപറേഷൻ അധികൃതരോട് അഭ്യർഥിച്ചിരുന്നെങ്കിലും, അവിടെയുള്ള മുറികൾ വ്യാപാരികൾക്ക് നൽകിക്കഴിഞ്ഞു എന്നായിരുന്നു മറുപടി.
എന്നാൽ, സമുച്ചയം ഇതുവരെ പ്രവർത്തനം തുടങ്ങിയിട്ടില്ലാത്തതും വ്യാപാരികളിൽ ചിലർ മാറാൻ വിസമ്മതിക്കുന്നതും പ്രതിസന്ധി സൃഷ്ടിക്കുന്നു. സ്റ്റേഡിയത്തിൽ മുറി അനുവദിച്ചെങ്കിലും ഫുട്ബോൾ അസോസിയേഷൻ (കെഎഫ്എ) ശക്തമായ എതിർപ്പുമായി രംഗത്തെത്തിയതോടെ ആ നീക്കവും പരാജയപ്പെട്ടു.
പഴയതും ദ്രവിച്ചതുമായ കെട്ടിടത്തിൽ ഏറെക്കാലമായി ദുരിതമനുഭവിച്ചാണ് സേനാംഗങ്ങൾ പ്രവർത്തിച്ചുപോന്നത്. 52 പേർ ഉണ്ടായിരുന്ന സ്റ്റേഷനിൽ നിലവിൽ 25 പേരാണുള്ളത്.
ഇവരെ മീഞ്ചന്തയിലേക്കും മറ്റ് ഫയർ സ്റ്റേഷനുകളിലേക്കുമായി വിന്യസിക്കും. പ്രതിസന്ധിയാകുന്നത് സമയനഷ്ടം
മിഠായിത്തെരുവ് ഉൾപ്പെടെ ജനസാന്ദ്രതയേറിയതും പഴയ കെട്ടിടങ്ങൾ ഏറെയുള്ളതുമായ കോഴിക്കോട് നഗരത്തിൽ ബീച്ച് ഫയർ സ്റ്റേഷന്റെ സേവനം അത്യന്താപേക്ഷിതമായിരുന്നു.
അപകടങ്ങൾ ഉണ്ടായാൽ നിമിഷങ്ങൾക്കുള്ളിൽ സംഭവസ്ഥലത്തെത്താൻ ബീച്ച് സ്റ്റേഷന് സാധിച്ചിരുന്നു. എന്നാൽ ഇനി സേനയ്ക്ക് മീഞ്ചന്തയിൽ നിന്ന് നഗരത്തിലെത്താൻ ഇരട്ടിയിലധികം സമയമെടുക്കും.
ഗതാഗതക്കുരുക്ക് ഏറെയുള്ള നഗരപാതകളിലൂടെ അഗ്നിരക്ഷാ വാഹനങ്ങൾക്ക് വേഗത്തിൽ എത്താനാകില്ല എന്നത് വലിയ സുരക്ഷാ വെല്ലുവിളിയാണ്. സ്റ്റേഷൻ ഒഴിഞ്ഞു പോകുന്നതോടെ കെട്ടിടം സാമൂഹിക വിരുദ്ധരുടെ താവളമായി മാറുമോ എന്ന ആശങ്കയും ശക്തമാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

