ദേശീയപാത 66 നിർമാണത്തിലെ അപാകതകൾ വീണ്ടും ചർച്ചയാകുന്നു. മണ്ണ് നീക്കി ഉയർത്തി നിർമിച്ച പാതയുടെ വശങ്ങളിൽ സ്ഥാപിച്ചിട്ടുള്ള റീ ഇൻഫോഴ്സ്ഡ് എർത്ത് പാനലുകൾ (ആർഇ പാനൽ) പലയിടത്തും പുറത്തേക്ക് തള്ളി നിൽക്കുന്നതായി കണ്ടെത്തി.
ഇത് നിർമാണത്തിന്റെ ബലക്ഷയത്തിലേക്ക് വിരൽ ചൂണ്ടുന്നതാണെന്ന ആശങ്ക ശക്തമാണ്. പാരിപ്പള്ളിയിൽ നേരത്തേ നടത്തിയിരുന്നതുപോലെ, സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി ചാത്തന്നൂരിൽ സോയിൽ നെയ്ലിങ് നടപടികൾക്ക് തുടക്കമിട്ടു.
സോയിൽ നെയ്ലിങ് – പ്രവർത്തന രീതി
മണ്ണിടിച്ചിൽ ഒഴിവാക്കാനും ചരിവുകൾക്ക് ബലമേകാനും ഉപയോഗിക്കുന്ന സാങ്കേതിക വിദ്യയാണിത്. കുത്തനെ നിൽക്കുന്ന മണ്ണിലേക്ക് നീളമേറിയ ഇരുമ്പുകമ്പികൾ തുളച്ചുകയറ്റി കോൺക്രീറ്റ് മിശ്രിതം ഉപയോഗിച്ച് ഉറപ്പിക്കുന്ന രീതിയാണിത്.
എന്നാൽ, കനത്ത ഭാരമുള്ള വാഹനങ്ങൾ കടന്നുപോകുന്ന പാതകളിലും മഴവെള്ളം ഇറങ്ങുന്ന സാഹചര്യം നിലനിൽക്കുമ്പോഴും ഈ സാങ്കേതിക വിദ്യ എത്രത്തോളം സുരക്ഷിതമാണെന്നതിൽ വിദഗ്ധർക്കിടയിൽ ഭിന്നാഭിപ്രായമുണ്ട്. കേരളത്തിന്റെ പ്രത്യേക ഭൂപ്രകൃതിയിൽ സോയിൽ നെയ്ലിങ് പൂർണമായും ഗുണകരമല്ലെന്ന മുന്നറിയിപ്പാണ് റോഡ് സുരക്ഷാ വിദഗ്ധർ നൽകുന്നത്.
ചാത്തന്നൂരിലെ ആശങ്കകൾ
നേരത്തേ തന്നെ ചാത്തന്നൂർ ഉയരപ്പാത നിർമാണത്തിൽ ഗുരുതരമായ പിഴവുകൾ സംഭവിച്ചിട്ടുണ്ടെന്ന പരാതി ഉയർന്നിരുന്നു. ഈ മേഖലയിൽ വലിയ അപകടഭീഷണിയുണ്ടെന്ന് ചൂണ്ടിക്കാട്ടി നേരത്തേ പൊലീസ് അധികൃതർക്ക് റിപ്പോർട്ട് നൽകിയിരുന്നു.
സ്കൂൾ വിദ്യാർഥികൾ ഉൾപ്പെടെ നൂറുകണക്കിന് ആളുകൾ കടന്നുപോകുന്ന തിരക്കേറിയ മേഖലയായതിനാൽ പാതയുടെ ബലക്ഷയം വലിയ ദുരന്തങ്ങൾക്ക് വഴിവെക്കുമെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ചാത്തന്നൂർ വികസന സമിതി വിവിധ ഉദ്യോഗസ്ഥർക്കും ജനപ്രതിനിധികൾക്കും പരാതി നൽകിയെങ്കിലും, മണ്ണ് പരിശോധനാ ഫലം അനുകൂലമാണെന്ന മറുപടിയാണ് അധികൃതർ നൽകിയത്.
കൂടാതെ, പാരിപ്പള്ളിയിലെ നിർമാണവുമായി ബന്ധപ്പെട്ട് ഐഐടി നടത്തിയ പഠന റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടും കല്ലുവാതുക്കൽ പഞ്ചായത്തിന് നൽകാൻ അധികൃതർ തയാറായില്ലെന്നും ആക്ഷേപമുണ്ട്. ഇത്തിക്കര പാലം നിർമാണത്തിലെ പാളിച്ച
ഇത്തിക്കര പാലം നിർമാണവുമായി ബന്ധപ്പെട്ടും പരാതികൾ ഉയരുകയാണ്.
നിലവിലുള്ള പാലത്തെക്കാൾ താഴ്ന്ന നിലയിലാണ് പുതിയ പാലത്തിന്റെ നിർമാണം നടക്കുന്നത്. ഇത് ഇത്തിക്കര പള്ളിക്ക് സമീപത്തെ അടിപ്പാത നിർമാണത്തിന് വലിയ വെല്ലുവിളിയാകുമെന്നാണ് വിലയിരുത്തൽ.
ശക്തികുളങ്ങര ഉൾപ്പെടെയുള്ള മറ്റ് മേഖലകളിൽ പാലങ്ങൾ ഉയർത്തി നിർമിക്കുമ്പോൾ ഇത്തിക്കരയിൽ മാത്രം ഉയരം കുറയ്ക്കുന്നത് വെള്ളപ്പൊക്ക സാഹചര്യങ്ങളിൽ റോഡിന്റെ കിഴക്കൻ മേഖലകളിലെ നീരൊഴുക്കിനെ തടസ്സപ്പെടുത്തുമെന്ന ആശങ്കയും പ്രദേശവാസികൾ പങ്കുവെക്കുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

