കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ ആരോഗ്യ മന്ത്രി കെ.മുരളീധരൻ ഇന്ന് സന്ദർശനം നടത്താനിരിക്കെ, ആശുപത്രിക്കെതിരായ പരാതികളുടെ നീണ്ട നിരയാണ് അധികൃതർക്ക് മുന്നിലുള്ളത്.
പ്രതിദിനം ഏകദേശം രണ്ടായിരത്തോളം രോഗികളാണ് ചികിത്സ തേടി ഇവിടെ എത്തുന്നത്. എന്നാൽ, പുതിയ കെട്ടിട
നിർമ്മാണത്തിനായി പഴയ ബ്ലോക്ക് പൊളിച്ചു മാറ്റിയത് ആശുപത്രിയുടെ ദൈനംദിന പ്രവർത്തനങ്ങളെ സാരമായി ബാധിച്ചിരിക്കുകയാണ്. പ്രത്യേകിച്ച്, പോസ്റ്റ്മോർട്ടം സൗകര്യം പുനസ്ഥാപിക്കാതെ കെട്ടിടം പൊളിച്ച നടപടിക്കെതിരെ വലിയ പ്രതിഷേധമാണ് ഉയരുന്നത്.
നിലവിൽ മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടം ചെയ്യാനായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോകണമെങ്കിൽ വലിയ തുക ആംബുലൻസ് വാടക ഇനത്തിൽ രോഗികളുടെ ബന്ധുക്കൾക്ക് ചിലവാക്കേണ്ടി വരുന്നു. 2500 രൂപയോളം ഇതിനായി ചിലവാകുന്നുണ്ടെന്നാണ് പരാതി.
അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തത
ദീർഘകാലമായി ആവശ്യമുയരുന്ന 24 മണിക്കൂർ ട്രോമാ കെയർ സംവിധാനം ഇന്നും വെറും വാഗ്ദാനമായി തുടരുന്നു. ആശുപത്രിയിൽ സൂപ്രണ്ടടക്കം 28 ഡോക്ടർമാർ ഉണ്ടെങ്കിലും, ഡ്യൂട്ടി ക്രമീകരണങ്ങളിലെ പോരായ്മകൾ മൂലം പലപ്പോഴും ചികിത്സ തടസ്സപ്പെടുന്നു.
അത്യാഹിത വിഭാഗത്തിൽ നിലവിലുള്ള നാല് ഡോക്ടർമാർക്ക് പുറമെ അടിയന്തരമായി നാല് പേരെക്കൂടി നിയമിക്കേണ്ടതുണ്ട്. ഗൈനക്കോളജി, പീഡിയാട്രിക്സ്, അനസ്തീസിയ, ഓർത്തോ വിഭാഗങ്ങളിലും ജീവനക്കാരുടെ വലിയ കുറവുണ്ട്.
ദേശീയപാതയും ചികിത്സാ പ്രതിസന്ധിയും
വാഹനാപകടങ്ങൾ പതിവായ കൊയിലാണ്ടിയിൽ, വടകര മൂരാട് പാലം കഴിഞ്ഞാൽ അപകടത്തിൽപ്പെടുന്നവർക്ക് ആശ്രയിക്കാൻ മെഡിക്കൽ കോളേജ് മാത്രമേയുള്ളൂ. 42 കോടി രൂപ ചെലവിൽ നിർമ്മിക്കുന്ന പുതിയ കെട്ടിടത്തിലെങ്കിലും അത്യാധുനിക ട്രോമാ കെയർ യൂണിറ്റ് സജ്ജമാക്കണമെന്ന ആവശ്യം ശക്തമാണ്.
ഒപ്പം ജനറൽ സർജൻ, കാർഡിയോളജി, ന്യൂറോസർജറി തുടങ്ങി വിവിധ വിഭാഗങ്ങളിലെ വിദഗ്ധ സേവനവും ഉറപ്പാക്കണം. ചികിത്സാ വീഴ്ചകളും വിവാദങ്ങളും
ആശുപത്രിയിലെ ഡോക്ടർമാരുടെ സേവനം ലഭിക്കുന്നതിലുണ്ടായ പരിമിതികളും രോഗികൾ ചൂണ്ടിക്കാട്ടുന്നു.
ഒപിയിൽ പ്രതിദിനം 25 രോഗികളെ മാത്രമേ പരിശോധിക്കുകയുള്ളൂ എന്ന നിബന്ധന സാധാരണക്കാർക്ക് വലിയ ബുദ്ധിമുട്ടാണ് ഉണ്ടാക്കുന്നത്. ഇതിനിടെ, ഏപ്രിൽ 27-ന് മേപ്പയൂരിലെ മേലാട്ട് ബാലകൃഷ്ണൻ എന്ന രോഗിക്ക് ചികിത്സ നിഷേധിച്ചതുമായി ബന്ധപ്പെട്ട
സംഭവം വലിയ വിവാദമായിരുന്നു. അഡ്മിറ്റ് ചെയ്യാനോ വിദഗ്ധ ചികിത്സയ്ക്കായി റഫർ ചെയ്യാനോ ഡ്യൂട്ടി ഡോക്ടർ തയ്യാറായില്ലെന്ന് ആരോപിച്ച് കുടുംബം സമരം നടത്തിയിരുന്നു.
ഈ സംഭവത്തിൽ നിലവിൽ ഡിഎച്ച്എസിന് അന്വേഷണം കൈമാറിയിരിക്കുകയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

