ആറന്മുള വിമാനത്താവള പദ്ധതിയുമായി ബന്ധപ്പെട്ട് മുൻ മന്ത്രിയും സിപിഐ നേതാവുമായ പി പ്രസാദ് ഉന്നയിച്ച വിമർശനങ്ങൾക്ക് മറുപടിയുമായി പത്തനംതിട്ട എംപി ആന്റോ ആന്റണി രംഗത്തെത്തി.
പത്തനംതിട്ടയിലെ ജനങ്ങളെ പരിസ്ഥിതിവാദം പഠിപ്പിക്കാൻ പ്രസാദ് തുനിയേണ്ടതില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. കണ്ണൂർ വിമാനത്താവള പദ്ധതിയുടെ സമയത്ത് അവിടേക്ക് പോയി വിരുദ്ധ നിലപാട് സ്വീകരിക്കാത്തത് എന്തുകൊണ്ടാണെന്ന് ചോദിച്ച ആന്റോ ആന്റണി, കണ്ണൂരിൽ പറഞ്ഞാൽ വിവരമറിയുമെന്ന് അറിയാവുന്നത് കൊണ്ടാണ് പ്രസാദ് അവിടെ മൗനം പാലിച്ചതെന്നും പരിഹസിച്ചു.
ആറന്മുള വിമാനത്താവള കാര്യത്തിൽ നിലവിൽ നയപരമായ തീരുമാനങ്ങളൊന്നും എടുത്തിട്ടില്ലെങ്കിലും ജില്ലയിൽ ഒരു വിമാനത്താവളം അനിവാര്യമാണെന്ന നിലപാടാണ് അദ്ദേഹം ആവർത്തിച്ചത്. പദ്ധതിക്കുള്ള അനുയോജ്യമായ പ്രദേശം സർക്കാർ തീരുമാനിക്കട്ടെ എന്ന് പറഞ്ഞ എംപി, ഡ്രോൺ പരിശോധന നടന്നതിനെക്കുറിച്ച് തനിക്ക് അറിവില്ലെന്നും കൂട്ടിച്ചേർത്തു.
പത്തനംതിട്ടയിൽ തൊഴിലവസരങ്ങൾ കുറവായതിനാൽ യുവജനങ്ങൾ കൂട്ടത്തോടെ വിദേശത്തേക്ക് ചേക്കേറുകയാണെന്നും, ജില്ലയുടെ സമഗ്ര വികസനത്തിന് ഇത്തരം പദ്ധതികൾ ആവശ്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. നേരത്തെ, ആറന്മുള വിമാനത്താവള നീക്കങ്ങൾക്കെതിരെ പി പ്രസാദ് ശക്തമായ ഭാഷയിലാണ് പ്രതികരിച്ചത്.
അനധികൃതമായി സർവേ നടത്താനും പദ്ധതി പ്രഖ്യാപിക്കാനും ഭൂ ഉടമ എബ്രഹാം കലമണ്ണിലിന് ആരാണ് അധികാരം നൽകിയതെന്ന് അദ്ദേഹം ചോദിച്ചിരുന്നു. വിഷയം കൈകാര്യം ചെയ്യുന്നതിൽ ജില്ലാ ഭരണകൂടവും ജനപ്രതിനിധികളും പുലർത്തുന്ന മൗനം ദുരൂഹമാണെന്നും അദ്ദേഹം ആരോപിച്ചു.
ആറന്മുളയിലേത് സർക്കാർ ഭൂമിയാണെന്നും കോടതിയിൽ തർക്കങ്ങൾ നിലനിൽക്കുന്നുണ്ടെങ്കിലും അത് മിച്ചഭൂമി തന്നെയാണെന്നും പ്രസാദ് വ്യക്തമാക്കി. കഴിഞ്ഞ എൽഡിഎഫ് സർക്കാരിന്റെ കാലത്ത് ഇലക്ട്രോണിക് പാർക്ക് പദ്ധതിയുമായി ഇവർ സമീപിച്ചിരുന്നെങ്കിലും യാതൊരു അനുമതിയും നൽകിയിരുന്നില്ലെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.
കഴിഞ്ഞ പത്ത് വർഷമായി കച്ചവട സാധ്യതകളൊന്നും അനുവദിച്ചിരുന്നില്ലെന്നും, ഇപ്പോൾ വിഷയം വീണ്ടും ഉയർത്തിക്കൊണ്ടുവരികയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ഈ പദ്ധതിക്കെതിരെ ആറന്മുളയിൽ ശക്തമായ സമരം ഉണ്ടാകുമെന്നും ഏതെങ്കിലും എംഎൽഎയോ എംപിയോ പിന്തുണച്ചാൽ മാത്രം വിമാനത്താവളം നടപ്പിലാകില്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. നാട്ടുകാർ ജയിപ്പിച്ചത് കച്ചവടക്കാരനാകാനല്ലെന്ന് ആറന്മുള എംഎൽഎ അബിൻ വർക്കിയെ പരിഹസിക്കാനും അദ്ദേഹം മടിച്ചില്ല.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

