അരി, ഇറച്ചി, സുഗന്ധവ്യഞ്ജനങ്ങൾ തുടങ്ങി പാചകത്തിന് അത്യാവശ്യമായ എല്ലാ അസംസ്കൃത വസ്തുക്കളുടെയും വില കുതിച്ചുയർന്നതോടെ സംസ്ഥാനത്തെ ബിരിയാണി വിപണി കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക്. കഴിഞ്ഞ വർഷം മുതൽ ആരംഭിച്ച വിലക്കയറ്റം ഹോട്ടൽ ഉടമകളെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.
ബിരിയാണി അരിയുടെ വിലയിൽ വലിയ വർധനവാണുണ്ടായിരിക്കുന്നത്. നേരത്തെ കിലോയ്ക്ക് 95 മുതൽ 100 രൂപ വരെ ലഭിച്ചിരുന്ന മികച്ച ബ്രാൻഡുകളുടെ അരിക്ക് ഇപ്പോൾ 150 രൂപ മുതലാണ് വിപണിയിൽ വില.
ഇതിനുപുറമെ കോഴിത്തീറ്റയുടെ വിലയിലുണ്ടായ വർധനവ് ഇറച്ചിക്കോഴിയുടെ വിലയെയും ബാധിച്ചു. തമിഴ്നാട്ടിൽ നിന്ന് വ്യാപകമായി ഇറച്ചിക്കോഴികൾ എത്തുന്ന പാലക്കാട് ജില്ലയിൽ പോലും ജീവനുള്ള കോഴിക്ക് കിലോയ്ക്ക് 175 രൂപ മുതലാണ് വില ഈടാക്കുന്നത്.
ബീഫിന്റെ വില കിലോയ്ക്ക് 400 രൂപ എന്ന നിലയിലേക്ക് ഉയർന്നു. മുട്ട, സവാള (കിലോയ്ക്ക് 38 രൂപ), ഇഞ്ചി (220 രൂപ) എന്നിവയുടെ വിലക്കയറ്റവും ഹോട്ടലുകളുടെ പ്രവർത്തനച്ചെലവ് വർധിപ്പിച്ചു.
കൂടാതെ പാലിന്റെ വില വർധിച്ചതോടെ നെയ്യിന്റെയും തൈരിന്റെയും വിലയിലുണ്ടായ മാറ്റം ഹോട്ടൽ മേഖലയ്ക്ക് അമിതഭാരമായി മാറി. ഇന്ധനവിലയിലുണ്ടായ വർധനവും പാചകവാതകക്ഷാമവും വിറകിന്റെ വിലക്കയറ്റവും സ്ഥിതി കൂടുതൽ സങ്കീർണ്ണമാക്കി.
നിലവിൽ വിറകിനായി ഉപയോഗിക്കുന്ന ചിരട്ടയ്ക്ക് പോലും കിലോയ്ക്ക് 30 രൂപ വരെ നൽകേണ്ട സ്ഥിതിയാണ്.
ഈ സാഹചര്യത്തെക്കുറിച്ച് കേരള ഹോട്ടൽ ആൻഡ് റസ്റ്ററന്റ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി എൻ.എം.ആർ.റസാഖ് പ്രതികരിച്ചത് ഇങ്ങനെയാണ്: “നിർമിക്കാനുപയോഗിക്കുന്ന ഉൽപന്നങ്ങളുടെ ഗുണമേന്മയാണു ബിരിയാണിയുടെ രുചി. അതിൽ വിട്ടുവീഴ്ച ചെയ്താൽ ഹോട്ടലിൽ ആളു കുറയും.
കട പൂട്ടേണ്ടി വരും.
എല്ലാ പ്രതിസന്ധികളും ഒരുമിച്ചു വന്നതോടെ സംസ്ഥാനത്തെ ഹോട്ടൽ വ്യവസായികൾ കഷ്ടപ്പാടിലാണ്.” ഗുണനിലവാരത്തിൽ വിട്ടുവീഴ്ച ചെയ്യാതെ ബിരിയാണി വിൽക്കുന്നത് നിലവിൽ വലിയ സാമ്പത്തിക നഷ്ടത്തിന് വഴിവെക്കുന്നുണ്ടെന്നും, ഹോട്ടൽ ഉടമകൾ കടുത്ത പ്രതിസന്ധിയിലാണെന്നും അദ്ദേഹം വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

