കൊട്ടാരക്കരയുടെ അഭിമാനമായിരുന്ന പ്രതിഭാധനനായ നടൻ മുരളിയുടെ സ്മരണാർത്ഥം ജന്മനാടായ കുടവട്ടൂരിൽ വിഭാവനം ചെയ്ത കലാപഠന കേന്ദ്രം അവഗണനയുടെ പടുകുഴിയിൽ. പന്ത്രണ്ട് വർഷങ്ങൾക്ക് മുൻപ് ആരംഭിച്ച പദ്ധതിയുടെ നിർമ്മാണ പ്രവർത്തനങ്ങൾ ഇപ്പോൾ പൂർണ്ണമായും സ്തംഭിച്ച അവസ്ഥയിലാണ്.
2013 ഓഗസ്റ്റ് 6-നാണ് ഈ സാംസ്കാരിക നിലയത്തിന്റെ നിർമ്മാണ ഉദ്ഘാടനം അന്നത്തെ മന്ത്രി കെ.സി.ജോസഫ് നിർവഹിച്ചത്. ചടങ്ങിൽ പി.അയിഷപോറ്റി എംഎൽഎ അധ്യക്ഷത വഹിച്ചിരുന്നു.
നടൻ മുരളിയുടെ ഓർമ്മയ്ക്കായി ഒരു അഭിനയ പഠന കേന്ദ്രവും സാംസ്കാരിക സമുച്ചയവും എന്ന ലക്ഷ്യത്തോടെയാണ് ഈ പദ്ധതി ആസൂത്രണം ചെയ്തത്. കെട്ടിടത്തിന്റെ അസ്ഥികൂടം (സ്ട്രക്ചർ) മാത്രമാണ് നിലവിൽ പൂർത്തിയായിട്ടുള്ളത്.
70 ലക്ഷം രൂപ ചെലവിൽ നിർമ്മാണം പൂർത്തിയാക്കുമെന്നായിരുന്നു പ്രഖ്യാപനമെങ്കിലും, 10 ലക്ഷം രൂപ മാത്രമാണ് ലഭിച്ചതെന്ന് സംഘാടകസമിതി വ്യക്തമാക്കുന്നു. നിലവിൽ കെട്ടിടത്തിൽ വൈദ്യുതിയോ വെള്ളമോ ലഭ്യമാക്കിയിട്ടില്ല.
കെട്ടിടത്തിന് മുകളിൽ മറ്റൊരു നില കൂടി നിർമ്മിക്കേണ്ടതുണ്ട്. എന്നാൽ വർഷങ്ങളായി യാതൊരുവിധ നടപടികളും ഇക്കാര്യത്തിൽ ഉണ്ടായിട്ടില്ല.
തുടർനിർമ്മാണ പ്രവർത്തനങ്ങൾക്കായി വെളിയം ഗ്രാമപ്പഞ്ചായത്ത് അടിയന്തരമായി ഫണ്ട് അനുവദിക്കുമെന്ന പ്രതീക്ഷയിലാണ് സംഘാടകർ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

