ഇന്ന് ലോക ജനസംഖ്യാ ദിനം. ആഗോളതലത്തിൽ നേരിടുന്ന ജനസംഖ്യാ വെല്ലുവിളികളെക്കുറിച്ചും, മാനവരാശിക്ക് ആരോഗ്യകരവും സുസ്ഥിരവുമായ ഒരു ഭാവി ഉറപ്പാക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും ഈ ദിനം നമ്മെ ഓർമ്മിപ്പിക്കുന്നു.
നിലവിലെ കണക്കുകൾ പ്രകാരം ആഗോള ജനസംഖ്യ 800 കോടി പിന്നിട്ടിരിക്കുകയാണ്. ഇതിൽ 140 കോടി ജനങ്ങൾ വസിക്കുന്നത് നമ്മുടെ രാജ്യമായ ഇന്ത്യയിലാണ്.
വിദ്യാഭ്യാസം, ലിംഗസമത്വം, ഗുണനിലവാരമുള്ള ആരോഗ്യ പരിപാലനം എന്നിവയിലൂടെ ജനങ്ങളെ ശാക്തീകരിക്കേണ്ടതിന്റെ പ്രാധാന്യമാണ് ഈ ദിനം മുന്നോട്ട് വെക്കുന്നത്. ജനസംഖ്യാ വർധനവ് ആഗോളതലത്തിൽ പല മേഖലകളിലും പുരോഗതി കൊണ്ടുവന്നിട്ടുണ്ടെങ്കിലും, ഒപ്പം വലിയ പ്രതിസന്ധികളും ഉയർത്തുന്നുണ്ട്.
ജീവിത നിലവാരത്തിലുണ്ടായ മാറ്റങ്ങൾ ആയുർദൈർഘ്യം വർധിപ്പിച്ചെങ്കിലും, അടിസ്ഥാന ആവശ്യങ്ങളായ വിദ്യാഭ്യാസം, തൊഴിൽ, പാർപ്പിടം, ആരോഗ്യം എന്നിവ ലഭ്യമാക്കുന്നതിൽ പല രാജ്യങ്ങളും ഇന്നും വലിയ വെല്ലുവിളികൾ നേരിടുന്നു. ജനങ്ങളുടെ പ്രാഥമിക ആവശ്യങ്ങൾ നിറവേറ്റുന്നതിൽ വീഴ്ച സംഭവിച്ചാൽ അത് ദാരിദ്ര്യത്തിലേക്കും അസമത്വത്തിലേക്കുമാണ് നയിക്കുക.
എല്ലാ മനുഷ്യർക്കും തുല്യത ഉറപ്പാക്കുക എന്നത് തന്നെയാണ് ഈ ദിനത്തിന്റെ പ്രധാന ലക്ഷ്യം. 1987 ജൂലൈ 11-ന് ലോക ജനസംഖ്യ 500 കോടി തികഞ്ഞ സാഹചര്യത്തിലാണ്, ഇതിന്റെ പ്രാധാന്യം കണക്കിലെടുത്ത് 1989-ൽ ഐക്യരാഷ്ട്രസഭയുടെ വികസന പരിപാടിയുടെ ഗവേണിംഗ് കൗൺസിൽ ഈ ദിനം ആചരിക്കാൻ തീരുമാനിച്ചത്.
വരുംതലമുറകൾക്കായി ആരോഗ്യകരവും സുസ്ഥിരവുമായ ഒരു ലോകം കെട്ടിപ്പടുക്കുന്നതിന് വ്യക്തികളും സമൂഹവും സർക്കാരുകളും ഒറ്റക്കെട്ടായി പ്രവർത്തിക്കേണ്ടതിന്റെ അനിവാര്യതയാണ് ഈ ദിനം ഓർമ്മിപ്പിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

