മലപ്പുറം കൽപകഞ്ചേരിയിലെ **എംഎസ്എം ഹയർ സെക്കൻഡറി സ്കൂളിൽ** അഞ്ചാം ക്ലാസ് വിദ്യാർഥിനിക്ക് നേരെ അധ്യാപകന്റെ ക്രൂരമായ മർദനം. **കല്ലിങ്ങൽ വല്ലകത്ത് സുരേഷ് ബാബുവിന്റെ** മകൾ **ശ്രിയയ്ക്കാണ് (10)** അധ്യാപകന്റെ അടിയേറ്റ് പരുക്കേറ്റത്.
സംഭവത്തിൽ കുട്ടിയുടെ വലതു കൈപ്പത്തിയിലെ എല്ല് പൊട്ടിയ നിലയിലാണ്. **ജൂലൈ 9-ാം തീയതി** രാവിലെയാണ് സംഭവം നടന്നത്.
പനി കാരണം മൂന്ന് ദിവസത്തെ അവധിക്ക് ശേഷം സ്കൂളിലെത്തിയ കുട്ടി, സഹപാഠിയുടെ നോട്ട്ബുക്കിൽ നിന്ന് പാഠഭാഗങ്ങൾ പകർത്തുന്നതിനിടെ ഗണിതാധ്യാപകനായ **ബെൽരാജ്** ചൂരൽ ഉപയോഗിച്ച് മർദിക്കുകയായിരുന്നു. ക്ലാസിൽ ശ്രദ്ധിക്കുന്നില്ലെന്ന് ആരോപിച്ചായിരുന്നു അധ്യാപകന്റെ നടപടി.
മർദനത്തെ തുടർന്ന് കയ്യിൽ നീര് വെക്കുകയും വേദന കൊണ്ട് കുട്ടി കരയുകയും ചെയ്തതോടെ ക്ലാസ് ടീച്ചർ വീട്ടിൽ വിവരം അറിയിക്കുകയായിരുന്നു. എന്നാൽ, ആശുപത്രിയിൽ കൊണ്ടുപോകാൻ തയ്യാറാകാതെ അധ്യാപകർ തന്നെ കുട്ടിയെ വീട്ടിലെത്തിക്കുകയായിരുന്നു.
പിന്നീട് വീട്ടുകാർ കുട്ടിയെ പുത്തനത്താണിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ച് പരിശോധന നടത്തിയപ്പോഴാണ് എല്ലിന് പൊട്ടലുള്ളതായി കണ്ടെത്തിയത്. ഈ സംഭവത്തിൽ നാട്ടുകാർക്കിടയിൽ വലിയ പ്രതിഷേധമാണ് ഉയർന്നിരിക്കുന്നത്.
വിഷയത്തിൽ കുട്ടിയുടെ കുടുംബം ചൈൽഡ് ലൈനിലും പൊലീസിലും പരാതി നൽകി. പരാതി ലഭിച്ചാൽ അധ്യാപകനെതിരെ കർശന നടപടിയെടുക്കുമെന്ന് സ്കൂൾ അധികൃതർ അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

