ഛത്തീസ്ഗഢിലെ ഭിലായിൽ ഹോട്ടൽ മുറിയിൽ യുവാവിനെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവം വലിയ വിവാദങ്ങൾക്ക് വഴിവെക്കുന്നു. കലാകാരനും ഡ്രമ്മറുമായ 19-കാരനാണ് ഹോട്ടൽ മുറിയിൽ ദാരുണമായി മരിച്ചത്.
സംഭവത്തിൽ സമഗ്രമായ അന്വേഷണം വേണമെന്നും ഇത് കൊലപാതകമാണെന്നും യുവാവിന്റെ ബന്ധുക്കൾ ശക്തമായി ആവശ്യപ്പെടുന്നു. പൊലീസ് നൽകുന്ന വിവരപ്രകാരം, ചൊവ്വാഴ്ച രാത്രിയാണ് 23-കാരിയായ കാമുകിയുമൊത്ത് യുവാവ് ഹോട്ടലിൽ മുറിയെടുത്തത്.
ഇരുവരും ഹോട്ടലിൽ വെച്ച് മദ്യപിച്ചിരുന്നതായി യുവതി മൊഴി നൽകിയിട്ടുണ്ട്. ഇതിനിടയിൽ യുവാവിനെ തേടിവന്ന ഒരു ഫോൺകോളിനെ ചൊല്ലി ഇരുവരും തമ്മിൽ കടുത്ത തർക്കമുണ്ടായി.
വാക്കേറ്റത്തിനിടെ യുവതി ബ്ലേഡ് ഉപയോഗിച്ച് സ്വന്തം കൈയിൽ മുറിവേൽപ്പിച്ചു. മദ്യലഹരിയിലായിരുന്ന താൻ പിന്നീട് ബോധരഹിതയായെന്നും, ബുധനാഴ്ച രാവിലെ ഉണർന്നപ്പോഴാണ് യുവാവിനെ ഫാനിൽ തൂങ്ങിയ നിലയിൽ കണ്ടതെന്നും യുവതി പോലീസിനോട് വ്യക്തമാക്കി.
തൂങ്ങിയ നിലയിൽ കണ്ട യുവാവിനെ യുവതി തന്നെ കെട്ടഴിച്ച് താഴെയിറക്കുകയും സുഹൃത്തുക്കളുടെ സഹായത്തോടെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു.
എന്നാൽ അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. അതേസമയം, സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് ചൂണ്ടിക്കാട്ടി യുവാവിന്റെ ബന്ധുക്കൾ രംഗത്തെത്തി.
ആറുമാസം മുൻപാണ് ഇരുവരും തമ്മിലുള്ള അടുപ്പം തുടങ്ങിയത്. ഇവർ നേരത്തെയും പലതവണ ഹോട്ടലുകളിൽ ഒരുമിച്ച് താമസിച്ചിട്ടുണ്ടെന്നും, മുൻപ് യുവതി യുവാവിനെ മർദിച്ച സംഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്നും ബന്ധുക്കൾ ആരോപിക്കുന്നു.
യുവാവിന്റെ ശരീരത്തിൽ പലയിടത്തും പരിക്കേറ്റ പാടുകളുണ്ടെന്നും, അദ്ദേഹം ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്നും ബന്ധുക്കൾ ആവർത്തിച്ചു. സംഭവത്തിൽ എല്ലാ വശങ്ങളും പരിശോധിച്ചുവരികയാണെന്ന് പൊലീസ് സൂപ്രണ്ട് വിജയ് അഗർവാൾ മാധ്യമങ്ങളോട് പ്രതികരിച്ചു.
ചൊവ്വാഴ്ച രാത്രി ഇരുവരും മദ്യപിച്ചിരുന്നുവെന്നും, യുവാവ് തൂങ്ങിമരിച്ചതാണെന്നാണ് പ്രാഥമിക നിഗമനമെന്നും അദ്ദേഹം അറിയിച്ചു. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിക്കുന്നതോടെ മരണകാരണത്തിൽ കൂടുതൽ വ്യക്തത വരുമെന്നും, ഫൊറൻസിക് തെളിവുകൾ ശേഖരിച്ചിട്ടുണ്ടെന്നും ആരോപണങ്ങളിൽ കഴമ്പുണ്ടെന്ന് കണ്ടാൽ കർശന നടപടി സ്വീകരിക്കുമെന്നും പോലീസ് വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

