ശബരിമലയുമായി ബന്ധപ്പെട്ട കാണിപ്പൊന്ന് പരിശോധനാ നടപടികൾ വേഗത്തിലാക്കാൻ തിരുവിതാംകൂർ ദേവസ്വം ബോർഡിന് ഹൈക്കോടതിയുടെ കർശന നിർദേശം.
ആറന്മുളയിലെ സ്ട്രോങ് റൂമിൽ സൂക്ഷിച്ചിരിക്കുന്ന 80 ചാക്കുകളിലായുള്ള കാണിപ്പൊന്ന് പരിശോധിച്ച് തിട്ടപ്പെടുത്താൻ ജസ്റ്റിസ് കെ.ടി.ശങ്കരന് ആവശ്യമായ എല്ലാവിധ സഹായങ്ങളും ലഭ്യമാക്കണമെന്ന് കോടതി ഉത്തരവിട്ടു. ജസ്റ്റിസ് വി.രാജ വിജയരാഘവൻ, ജസ്റ്റിസ് കെ.വി.ജയകുമാർ എന്നിവരടങ്ങുന്ന ദേവസ്വം ബെഞ്ചിന്റേതാണ് നടപടി.
ശബരിമല സ്പെഷൽ കമ്മിഷണറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് വിഷയം കോടതി പരിഗണിച്ചത്. സ്വർണം, വെള്ളി, മറ്റ് ലോഹങ്ങൾ തുടങ്ങിയവ അടങ്ങിയ ഈ ശേഖരം പ്രത്യേകം വേർതിരിച്ച് കൃത്യമായ കണക്കെടുപ്പ് നടത്തേണ്ടതുണ്ടെന്ന് കോടതി വ്യക്തമാക്കി.
ശബരിമലയിലെ സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട സാഹചര്യത്തിലാണ് കഴിഞ്ഞവർഷം സെപ്റ്റംബർ 29-ന് റിട്ട.
ജഡ്ജി ജസ്റ്റിസ് കെ.ടി.ശങ്കരനെ മൂല്യനിർണയത്തിനായി ഹൈക്കോടതി ചുമതലപ്പെടുത്തിയത്. നിലവിൽ സ്പെഷൽ കമ്മിഷണറുടെ റിപ്പോർട്ട് പ്രകാരം മൂല്യനിർണയ പ്രവർത്തനങ്ങൾ അവസാന ഘട്ടത്തിലാണ്.
കഴിഞ്ഞ മാസം നാലിന് സ്ട്രോങ് റൂം തുറന്നപ്പോൾ കണ്ടെത്തിയ 80 ചാക്കുകളിൽ സ്വർണത്തിനും വെള്ളിക്കും പുറമെ മറ്റ് വസ്തുക്കളും ഉണ്ടെന്ന് വ്യക്തമായിരുന്നു. ഈ വസ്തുക്കൾ തരംതിരിക്കാതെ മൂല്യനിർണയം അസാധ്യമാണെന്ന് സ്പെഷൽ കമ്മിഷണർ കോടതിയെ അറിയിച്ചു.
ഇതുകൂടാതെ, ഭക്തർ സമർപ്പിക്കുന്ന വിലപിടിപ്പുള്ള വഴിപാടുകൾ കൂടുതൽ സുരക്ഷിതമായി സൂക്ഷിക്കുന്നതിനായി സ്വീകരിക്കാൻ ഉദ്ദേശിക്കുന്ന നടപടികൾ സംബന്ധിച്ച് ദേവസ്വം ബോർഡ് റിപ്പോർട്ട് നൽകാനും കോടതി നിർദേശിച്ചിട്ടുണ്ട്. ഹർജി ഓഗസ്റ്റ് 4-ന് വീണ്ടും പരിഗണിക്കും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

