ഹരിയാണയിലെ ഗുരുഗ്രാമിൽ പൊലീസും ഗുണ്ടാസംഘവും തമ്മിലുണ്ടായ രൂക്ഷമായ വെടിവെപ്പിൽ നാല് ഗുണ്ടാസംഘാംഗങ്ങൾ കൊല്ലപ്പെട്ടു. വ്യാഴാഴ്ച രാത്രി ഒൻപതരയോടെ ഗുരുഗ്രാമിലെ സുശാന്ത് ലോക് ഫേസ്-2 മേഖലയിലായിരുന്നു സംഭവം.
ഏറ്റുമുട്ടലിൽ മൂന്ന് പൊലീസുകാർക്ക് പരിക്കേൽക്കുകയും ചെയ്തു. വിദേശത്ത് ഒളിവിൽ കഴിയുന്ന കുപ്രസിദ്ധ ഗുണ്ടാത്തലവൻ ദീപക് നന്ദാളിന്റെ സംഘവും പൊലീസുമായാണ് ഏറ്റുമുട്ടിയത്.
ആയുധധാരികളായ സംഘം സ്കോർപിയോ കാറിൽ നഗരത്തിലെ ഒരു വ്യവസായിയുടെ വസതിയിലേക്ക് എത്തുന്നതായി പൊലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു. തുടർന്ന് പൊലീസ് സ്ഥലത്തെത്തിയപ്പോൾ, വ്യവസായിയുടെ വീടിന് നേരെ സംഘം വെടിയുതിർക്കുന്നത് ശ്രദ്ധയിൽപ്പെട്ടു.
പൊലീസ് ഉദ്യോഗസ്ഥർ ഇവരെ വളയുകയും കീഴടങ്ങാൻ ആവശ്യപ്പെടുകയും ചെയ്തെങ്കിലും സംഘം തിരിച്ചും വെടിയുതിർക്കുകയായിരുന്നു. ഇതിനെത്തുടർന്ന് ഇരുപക്ഷവും തമ്മിൽ നടന്ന കനത്ത വെടിവെപ്പിൽ ഏകദേശം 60 റൗണ്ടോളം വെടിയുതിർത്തതായാണ് റിപ്പോർട്ടുകൾ.
പൊലീസിന്റെ തിരിച്ചടിയിൽ അഞ്ച് ഗുണ്ടകൾക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയിൽ എത്തിച്ചെങ്കിലും നാല് പേരുടെ മരണം സ്ഥിരീകരിച്ചു.
പരിക്കേറ്റ മൂന്ന് പൊലീസുകാരെയും വിദഗ്ധ ചികിത്സയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വ്യവസായിയെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ചവരാണ് ഈ സംഘമെന്ന് പൊലീസ് വ്യക്തമാക്കി.
നേരത്തെ തന്നെ ദീപക് നന്ദാൾ വ്യവസായിയെ പലതവണ ഭീഷണിപ്പെടുത്തിയിരുന്നു. സംഭവസ്ഥലത്ത് നിന്നും ഗുണ്ടാസംഘം ഉപയോഗിച്ചിരുന്ന വാഹനവും വിദേശനിർമിത തോക്കുകളും പൊലീസ് കസ്റ്റഡിയിലെടുത്തു.
ഫൊറൻസിക് സംഘം സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചിട്ടുണ്ട്. കൊല്ലപ്പെട്ടവരെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമാക്കാൻ അന്വേഷണം ഊർജ്ജിതമാക്കിയതായി മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

