വയനാട് കള്ളാടിയിലുണ്ടായ മണ്ണിടിച്ചിൽ ദുരന്തത്തിൽ മരണപ്പെട്ടവരുടെ എണ്ണം ഏഴായി ഉയർന്നു. ദുരന്തത്തിന്റെ മൂന്നാം ദിവസമായ ഇന്ന് രാവിലെ നടത്തിയ വിപുലമായ തിരച്ചിലിൽ നാല് മൃതദേഹങ്ങൾ കൂടി കണ്ടെടുത്തു.
ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ടവരിൽ ഇതര സംസ്ഥാന തൊഴിലാളികളും ഉൾപ്പെടുന്നു. ബിഹാർ സ്വദേശിയായ എക്സ്കവേറ്റർ ഓപ്പറേറ്റർ മുഹമ്മദ് ഇമ്രാൻ, ഹിമാചൽപ്രദേശ് സ്വദേശിയായ എൻജിനീയർ രാഹുൽ ശർമ്മ, ഉത്തർപ്രദേശ് സ്വദേശി അസറുദ്ദീൻ അൻസാരി എന്നിവരുടെ മൃതദേഹങ്ങളാണ് തിരിച്ചറിഞ്ഞത്.
ദുരന്തമേഖലയിലെ ഒന്നാമത്തെ സോണിൽ നടത്തിയ പരിശോധനയിലാണ് മുഹമ്മദ് ഇമ്രാന്റെ മൃതദേഹം കണ്ടെത്താനായത്. മീനാക്ഷിപുഴയിൽ നടത്തിയ തിരച്ചിലിലാണ് രാഹുൽ ശർമ്മയുടെ മൃതദേഹം കണ്ടെടുത്തത്.
ദുരന്തബാധിത പ്രദേശങ്ങളിൽ രക്ഷാപ്രവർത്തകരുടെ നേതൃത്വത്തിൽ പരിശോധന ഇപ്പോഴും തുടരുകയാണ്.

