ഫ്രാൻസിനെതിരായ നിർണായക ക്വാർട്ടർ ഫൈനൽ പോരാട്ടത്തിന് തൊട്ടുമുമ്പ് മൊറോക്കൻ ഫുട്ബോൾ ടീമിന് കനത്ത തിരിച്ചടി. പരിക്കിനെത്തുടർന്ന് ടീമിലെ പ്രധാന സ്ട്രൈക്കർ ഇസ്മായിൽ സായിബാരി ടൂർണമെന്റിൽ നിന്ന് പുറത്തായി.
കാനഡയ്ക്കെതിരായ മത്സരത്തിനിടെ ഹാംസ്ട്രിങ് ഇഞ്ചുറി ബാധിച്ചതിനെത്തുടർന്ന് ഇരുപത്തിരണ്ടാം മിനിറ്റിൽ തന്നെ താരത്തിന് കളം വിടേണ്ടി വന്നിരുന്നു. തുടർന്ന് നടന്ന മത്സരങ്ങളിൽ സായിബാരിയ്ക്ക് പകരക്കാരനായി ഇറങ്ങാൻ കഴിയുമെന്നായിരുന്നു മൊറോക്കൻ ടീം മാനേജ്മെന്റ് പ്രതീക്ഷിച്ചിരുന്നത്.
എന്നാൽ ഫ്രാൻസിനെതിരായ മത്സരത്തിൽ വിജയിക്കുകയാണെങ്കിൽ ടൂർണമെന്റിലെ ശേഷിക്കുന്ന മത്സരങ്ങളിൽ താരത്തിന് കളിക്കാൻ സാധിക്കുമെന്ന് മൊറോക്കൻ കോച്ച് മുഹമ്മദ് ഒഹാബി വ്യക്തമാക്കി. ടൂർണമെന്റിൽ ഇതുവരെ മൂന്ന് ഗോളുകൾ നേടി മൊറോക്കൻ മുന്നേറ്റനിരയുടെ കരുത്തായി നിലകൊണ്ടത് സായിബാരിയായിരുന്നു.
ലോകകപ്പിന്റെ ഗ്രൂപ്പ് ഘട്ടത്തിൽ ബ്രസീലിനെതിരെ അദ്ദേഹം നേടിയ തകർപ്പൻ ഗോൾ വലിയ ശ്രദ്ധ നേടിയിരുന്നു. കാനഡയ്ക്കെതിരായ മത്സരത്തിൽ ഔനാഹി നേടിയ ഇരട്ട
ഗോളുകൾ മൊറോക്കോയ്ക്ക് അനായാസ വിജയം സമ്മാനിച്ചു. വരും മത്സരങ്ങളിൽ അയ്യൂബ് ബുവാദി, ബിലാൽ എൽ കനൗസ്, ബ്രാഹിം ഡിയാസ്, ഇസ ദിയോപ്, നായകൻ അഷ്റഫ് ഹക്കിമി എന്നിവരിലാണ് ടീമിന്റെ പ്രതീക്ഷകൾ മുഴുവൻ.
തുടർച്ചയായി രണ്ടാം തവണയാണ് മൊറോക്കോ ലോകകപ്പ് ക്വാർട്ടറിൽ ഇടംപിടിക്കുന്നത്. കഴിഞ്ഞ തവണ സെമിയിൽ തങ്ങളെ പരാജയപ്പെടുത്തിയ ഫ്രാൻസിനോട് പകരം വീട്ടാനുള്ള അവസരം കൂടിയായാണ് ഈ പോരാട്ടത്തെ മൊറോക്കോ നോക്കിക്കാണുന്നത്.
മറുഭാഗത്ത്, ടൂർണമെന്റിൽ അപരാജിത കുതിപ്പ് തുടരുന്ന ഫ്രാൻസ് മികച്ച ഫോമിലാണ്. കിലിയൻ എംബാപെ, ഡംബെലെ, ഒലീസെ തുടങ്ങിയ പ്രമുഖ താരങ്ങളുടെ മികവിൽ പടുകൂറ്റൻ കുതിപ്പാണ് ഫ്രഞ്ച് ടീം നടത്തുന്നത്.
നിലവിൽ ഏഴ് ഗോളുകളുമായി ഗോൾഡൻ ബൂട്ട് പോരാട്ടത്തിൽ കിലിയൻ എംബാപെ മുന്നിട്ടുനിൽക്കുമ്പോൾ, അഞ്ച് അസിസ്റ്റുകളുമായി മൈക്കിൾ ഒലീസെയും നാല് ഗോളുകളും രണ്ട് അസിസ്റ്റുകളുമായി ഡംബെലെയും പട്ടികയിൽ ഇടംപിടിച്ചിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

