പുണെയിലെ ലോഹഗഡ് കോട്ടയിൽ വെച്ച് കേതൻ അഗർവാൾ കൊല്ലപ്പെട്ട സംഭവത്തിൽ നിർണായക വിവരങ്ങൾ പുറത്തുവരുന്നു.
പ്രതികളായ സിയ ഗോയലും കാമുകൻ ചേതൻ ചൗധരിയും തമ്മിൽ നേരത്തേ വിവാഹിതരായിരുന്നുവെന്നാണ് പൊലീസ് കണ്ടെത്തൽ. കേതൻ അഗർവാളുമായുള്ള വിവാഹനിശ്ചയത്തിന് ശേഷമാണ് ഇരുവരും രഹസ്യമായി വിവാഹം ചെയ്തത്.
കേതനും സിയയും തമ്മിലുള്ള വിവാഹം ഈ വർഷം നവംബറിൽ നടത്താനാണ് തീരുമാനിച്ചിരുന്നത്. ഉദയ്പൂരിൽ വെച്ച് നടത്താൻ ഉദ്ദേശിച്ചിരുന്ന ഡെസ്റ്റിനേഷൻ വിവാഹത്തിന് മുന്നോടിയായി സിയയുടെ രേഖകൾ കേതന്റെ കുടുംബം ആവശ്യപ്പെട്ടു.
ഇതോടെ രഹസ്യവിവാഹത്തിന്റെ വിവരം പുറത്താകുമെന്ന ഭീതിയിലാണ് സിയയും ചേതനും ചേർന്ന് കൊലപാതകം ആസൂത്രണം ചെയ്തതെന്ന് അന്വേഷണസംഘം വ്യക്തമാക്കുന്നു. ജൂൺ 18-നാണ് ലോഹഗഡ് കോട്ടയിൽ വെച്ച് കേതൻ കൊല്ലപ്പെട്ടത്.
കേസ് അന്വേഷിക്കുന്ന പുണെ റൂറൽ പൊലീസ് പറയുന്നത് പ്രകാരം, വിവാഹനിശ്ചയത്തിന് ശേഷം നാല് മാസം മുൻപാണ് സിയയും ചേതനും ചേർന്ന് പ്രാദേശിക രജിസ്ട്രാർ ഓഫീസിൽ വെച്ച് വിവാഹം രജിസ്റ്റർ ചെയ്തത്. വിവാഹമാലയണിഞ്ഞുള്ള ഇവരുടെ ചിത്രം സിയയുടെ സുഹൃത്തുക്കളിലൊരാൾ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരുന്നു.
എന്നാൽ, കൊലപാതകത്തിന് പിന്നാലെ ഈ ചിത്രം ഡിലീറ്റ് ചെയ്യുകയായിരുന്നു. നിലവിൽ ഈ വിവാഹ സർട്ടിഫിക്കറ്റ് കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.
കൂടാതെ, രജിസ്റ്റർ വിവാഹത്തിന് നിർബന്ധമായ പൊതു അറിയിപ്പ് ഒഴിവാക്കുന്നതിനായി ഇവർ ഏതെങ്കിലും ഇടനിലക്കാർക്ക് പണം നൽകിയിട്ടുണ്ടോ എന്ന് പരിശോധിക്കാൻ ചേതൻ ചൗധരിയുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ പൊലീസ് പരിശോധിച്ചുവരികയാണ്. സിയ നടത്തുന്ന ബേക്കറിയിലേക്ക് സാധനങ്ങൾ വിതരണം ചെയ്തിരുന്ന ചേതനുമായി സിയ പ്രണയത്തിലാവുകയായിരുന്നു.
പിന്നീട് കുടുംബം ഉറപ്പിച്ച വിവാഹത്തിൽ നിന്നും പിന്മാറാൻ സാധിക്കാതെ വന്നതോടെയാണ് കൊലപാതകത്തിലേക്ക് നീങ്ങിയതെന്ന് പ്രതികൾ മൊഴി നൽകി. നേരത്തേയും ഇവർ കൊലപാതകത്തിന് പദ്ധതിയിട്ടിരുന്നതായി ചോദ്യം ചെയ്യലിൽ സിയ സമ്മതിച്ചിട്ടുണ്ട്.
നിലവിൽ പ്രതികൾ ഇരുവരും ജുഡീഷ്യൽ കസ്റ്റഡിയിലാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

