ലോകമെമ്പാടുമുള്ള സഞ്ചാരികൾക്ക് ഒഴിച്ചുകൂടാനാവാത്ത ഡിജിറ്റൽ ഉപകരണമാണ് ഗൂഗിൾ ട്രാൻസ്ലേറ്റ്. ഭാഷാപരമായ തടസ്സങ്ങൾ മറികടക്കാനും വിദേശ രാജ്യങ്ങളിൽ എളുപ്പത്തിൽ ആശയവിനിമയം നടത്താനും ഈ ആപ്ലിക്കേഷൻ ഏറെ സഹായിക്കാറുണ്ട്.
എന്നാൽ, കാലങ്ങളായി ആപ്ലിക്കേഷന്റെ ഉപയോക്തൃ ഇന്റർഫേസിൽ (UI) വലിയ മാറ്റങ്ങളൊന്നും സംഭവിച്ചിരുന്നില്ല. ഈ അവസ്ഥയ്ക്ക് മാറ്റം വരുത്താൻ ഗൂഗിൾ തയ്യാറെടുക്കുന്നതായാണ് സൂചനകൾ.
ഗൂഗിൾ ട്രാൻസ്ലേറ്റ് ആപ്പിന്റെ 10.25 പതിപ്പിലെ കോഡുകൾ പരിശോധിച്ചതിൽ നിന്ന് ആപ്ലിക്കേഷന്റെ രൂപകൽപ്പനയിൽ വരുത്താൻ പോകുന്ന പ്രമുഖ മാറ്റങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവന്നിട്ടുണ്ട്. പ്രധാനപ്പെട്ട
ഫീച്ചറുകൾ എല്ലാം ഉൾക്കൊള്ളിച്ചുകൊണ്ട് സ്ക്രീനിന്റെ താഴെയായി ഒരു ഏകീകൃത ബാർ (Bottom bar) ക്രമീകരിക്കാനാണ് സാധ്യത. ഇതിലൂടെ ട്രാൻസ്ലേറ്റ് ബട്ടൺ, ലൈവ് ട്രാൻസ്ലേഷൻ, ക്യാമറ ട്രാൻസ്ലേഷൻ, പ്രാക്ടീസ് ഫീച്ചർ എന്നിവ കൂടുതൽ എളുപ്പത്തിൽ ഉപയോക്താക്കൾക്ക് ലഭ്യമാകും.
ഭാഷ തിരഞ്ഞെടുക്കുന്നതിനുള്ള സൗകര്യം നിലവിൽ സ്ക്രീനിന്റെ താഴെയാണുള്ളത്. ഇത് സ്ക്രീനിന്റെ മുകൾ ഭാഗത്തേക്ക് മാറ്റാൻ പുതിയ പരിഷ്കാരത്തിലൂടെ സാധിക്കും.
ഈ മാറ്റം വഴി ടെക്സ്റ്റ് കോപ്പി ചെയ്ത് പേസ്റ്റ് ചെയ്യുന്നതടക്കമുള്ള കാര്യങ്ങൾ കൂടുതൽ വേഗത്തിലാക്കാൻ ഉപയോക്താക്കൾക്ക് സാധിക്കും. കൂടാതെ, പ്രധാന സ്ക്രീനിൽ നിന്ന് തന്നെ നേരത്തെ തുടങ്ങിയ പ്രാക്ടീസ് സെഷനുകളിലേക്കും ലൈവ് ട്രാൻസ്ലേഷൻ സംഭാഷണങ്ങളിലേക്കും നേരിട്ട് പ്രവേശിക്കാൻ സാധിക്കുന്ന രീതിയിൽ മാറ്റങ്ങൾ കൊണ്ടുവരുന്നുണ്ട്.
പുതിയ ഹാംബർഗർ മെനു ഉൾപ്പെടുത്തിയിട്ടുള്ളതിനാൽ ആപ്പിന്റെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാകും. ഇതിൽ “Your activity” എന്ന വിഭാഗത്തിൽ സേവ് ചെയ്ത വിവരങ്ങളും ട്രാൻസ്ക്രിപ്റ്റുകളും ലഭ്യമാകും.
നിലവിൽ ഈ ഫീച്ചറുകൾ പരീക്ഷണാടിസ്ഥാനത്തിൽ ആപ്പിന്റെ കോഡുകളിൽ മാത്രമാണുള്ളത്. എങ്കിലും, ദശലക്ഷക്കണക്കിന് ആളുകൾ ഉപയോഗിക്കുന്ന ഈ ആപ്ലിക്കേഷനിൽ ഉടൻ തന്നെ വലിയൊരു മാറ്റം പ്രതീക്ഷിക്കാം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

