സംസ്ഥാനത്ത് കാലവർഷം ശക്തിപ്രാപിക്കുന്ന സാഹചര്യത്തിൽ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അതീവ ജാഗ്രത നിർദേശം പുറപ്പെടുവിച്ചു. കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.
ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴ ലഭിക്കാൻ സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ അതീവ ശ്രദ്ധ പുലർത്തണമെന്ന് അധികൃതർ അറിയിച്ചു. ഇന്ന് എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിൽ യെല്ലോ അലർട്ടും നിലവിലുണ്ട്.
കൂടാതെ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ നാളെയും (ജൂലൈ 7) യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ പ്രദേശങ്ങളിൽ ഒറ്റപ്പെട്ട
ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വിഭാഗത്തിന്റെ മുന്നറിയിപ്പ്. കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ വിലയിരുത്തലുകൾ പ്രകാരം, തെക്കൻ ഗുജറാത്ത് തീരം മുതൽ വടക്കൻ കേരളതീരം വരെ സമുദ്രനിരപ്പിൽ തീരദേശ ന്യൂനമർദ പാത്തി സജീവമാണ്.
ഇതിനുപുറമെ, തെക്കൻ ജാർഖണ്ഡിനും അതിനോട് ചേർന്നുള്ള വടക്കൻ ഒഡീഷയുടെ ഉൾപ്രദേശങ്ങൾക്കും മുകളിലായി തീവ്ര ന്യൂനമർദം നിലനിൽക്കുന്നുണ്ട്. ഇത് അടുത്ത 24 മണിക്കൂറിനുള്ളിൽ ജാർഖണ്ഡ്, വടക്കൻ ഛത്തീസ്ഗഡ്, കിഴക്കൻ മധ്യപ്രദേശ് എന്നീ പ്രദേശങ്ങളിലൂടെ വടക്ക്-പടിഞ്ഞാറ് ദിശയിലേക്ക് നീങ്ങാൻ സാധ്യതയുണ്ടെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
ജൂലൈ 6 മുതൽ ജൂലൈ 10 വരെയുള്ള ദിവസങ്ങളിൽ കേരളത്തിലും മാഹിയിലും മിതമായ തോതിലുള്ള മഴ തുടരുമെന്നാണ് പ്രവചനം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

