2022-ൽ രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയെ അഭിമുഖീകരിച്ച ശ്രീലങ്ക, അവിശ്വസനീയമായ തിരിച്ചുവരവിലൂടെ ലോകബാങ്കിന്റെ സാമ്പത്തിക പട്ടികയിൽ നിർണായക നേട്ടം കൈവരിച്ചു. രാജ്യത്തെ ‘അപ്പർ മിഡിൽ ഇൻകം’ അഥവാ ഉയർന്ന മധ്യവർഗ സമ്പദ്വ്യവസ്ഥയുടെ ഗണത്തിലേക്കാണ് ലോകബാങ്ക് ഉയർത്തിയത്.
വെറും മൂന്ന് വർഷത്തിനുള്ളിൽ രാജ്യം കൈവരിച്ച ഈ മുന്നേറ്റം ആഗോളതലത്തിൽ തന്നെ ശ്രദ്ധേയമായിരിക്കുകയാണ്. ശ്രീലങ്കയുടെ നേട്ടങ്ങൾ വ്യവസായം, ടൂറിസം, ഫിനാൻഷ്യൽ മേഖലകൾ എന്നിവയിലുണ്ടായ പുരോഗതിയാണ് ശ്രീലങ്കയുടെ ഈ നേട്ടത്തിന് അടിത്തറയൊരുക്കിയത്.
2025-ൽ ശ്രീലങ്കൻ സമ്പദ്വ്യവസ്ഥ 5 ശതമാനം വളർച്ച രേഖപ്പെടുത്തി. 2019-ൽ ആദ്യമായി ഈ വിഭാഗത്തിൽ ഇടംപിടിച്ചെങ്കിലും, പിന്നീട് ഉണ്ടായ വിദേശനാണ്യ പ്രതിസന്ധിയും ബാലൻസ് ഓഫ് പേയ്മെന്റ് പ്രശ്നങ്ങളും രാജ്യത്തെ തളർത്തിയിരുന്നു.
എന്നാൽ, അന്താരാഷ്ട്ര നാണയ നിധിയുടെ കർശനമായ സാമ്പത്തിക അച്ചടക്ക നടപടികളും ചെലവ് ചുരുക്കൽ നയങ്ങളും സ്വീകരിച്ചത് രാജ്യത്തിന് തുണയായി. ഇതോടൊപ്പം ടൂറിസം മേഖലയിലുണ്ടായ ഉണർവ് സാമ്പത്തിക സ്ഥിരത കൈവരിക്കാൻ സഹായിച്ചു.
വിയറ്റ്നാം, ഫിലിപ്പീൻസ് തുടങ്ങിയ ഏഷ്യൻ രാജ്യങ്ങളും ഇത്തവണ ഇതേ പട്ടികയിൽ ഇടംപിടിച്ചിട്ടുണ്ട്. ഇന്ത്യയുടെ നിലവിലെ സാമ്പത്തിക സ്ഥിതി മറുഭാഗത്ത്, 2007 മുതൽ ഇന്ത്യ ഇപ്പോഴും ‘ലോവർ മിഡിൽ ഇൻകം’ അഥവാ താഴ്ന്ന മധ്യവർഗ സമ്പദ്വ്യവസ്ഥയിലാണ് തുടരുന്നത്.
ഇത് സാമ്പത്തിക പരാജയമായി കാണേണ്ടതില്ലെന്ന് വിദഗ്ധർ വിലയിരുത്തുന്നു. ലോകബാങ്ക് മാനദണ്ഡങ്ങൾ പ്രകാരം, രാജ്യത്തിന്റെ ആകെ വളർച്ചയേക്കാൾ ഉപരിയായി ‘ഗ്രോസ് നാഷനൽ ഇൻകം പെർ ക്യാപിറ്റ’ (പ്രതിശീർഷ ദേശീയ വരുമാനം) ആണ് ഇത്തരത്തിൽ തരംതിരിക്കുന്നതിന് അടിസ്ഥാനമായി എടുക്കുന്നത്.
പ്രതിശീർഷ വരുമാനവും കണക്കുകളും ലോകബാങ്കിന്റെ കണക്കുകൾ പ്രകാരം 1136 മുതൽ 4495 ഡോളർ വരെ പ്രതിശീർഷ വരുമാനമുള്ള രാജ്യങ്ങളാണ് ലോവർ മിഡിൽ ഇൻകം വിഭാഗത്തിൽ വരുന്നത്. 4496 മുതൽ 13,935 ഡോളർ വരെ വരുമാനമുള്ള രാജ്യങ്ങളെയാണ് അപ്പർ മിഡിൽ ഇൻകം വിഭാഗത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
ഇന്ത്യയുടെ നിലവിലെ പ്രതിശീർഷ വരുമാനം 2500 ഡോളറിനും 2700 ഡോളറിനും ഇടയിലാണ്. 140 കോടിയിലധികം വരുന്ന ജനസംഖ്യയാണ് ഇതിന് പ്രധാന കാരണമായി ചൂണ്ടിക്കാണിക്കുന്നത്.
ഇന്ത്യ നിലവിൽ കൈവരിക്കുന്ന സാമ്പത്തിക വളർച്ചാ നിരക്ക് തുടരുകയാണെങ്കിൽ, അടുത്ത പത്തു വർഷത്തിനുള്ളിൽ രാജ്യം ‘അപ്പർ മിഡിൽ ഇൻകം’ ഗണത്തിലേക്ക് മാറുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ പ്രവചനം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

