കൊല്ലം വെളിയം സ്വദേശിയായ സഹോദരീ ഭർത്താവിനെ കൊലപ്പെടുത്തിയ കേസിൽ നാല് പതിറ്റാണ്ടിന് ശേഷം പ്രതി പിടിയിലായി. പടിഞ്ഞാറ്റിൻകര സ്വദേശിയായ മോഹനൻ പിള്ള ആണ് പൂയപ്പള്ളി പൊലീസിന്റെ പിടിയിലായത്.
1987 ജനുവരി 11-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. മദ്യപിച്ച് വീട്ടിലെത്തി ബഹളമുണ്ടാക്കിയെന്നാരോപിച്ച് സഹോദരീ ഭർത്താവ് ചന്ദ്രശേഖരൻ പിള്ളയെ ഇയാൾ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.
സംഭവത്തിന് ശേഷം ഒളിവിൽ പോയ അന്ന് 25 വയസ്സുണ്ടായിരുന്ന പ്രതിക്കായി ദീർഘകാലം അന്വേഷണം നടന്നെങ്കിലും കണ്ടെത്താനായിരുന്നില്ല. ഒളിജീവിതത്തിന്റെ തുടക്കത്തിൽ വേളാങ്കണ്ണിയിലേക്ക് കടന്ന ഇയാൾ പിന്നീട് കോട്ടയം ജില്ലയിലെ കല്ലറയിലേക്ക് താമസം മാറി.
അവിടെ രാജൻ എന്ന വ്യാജ നാമത്തിൽ തോട്ടം തൊഴിലാളിയായി ജോലി ചെയ്തു വരികയായിരുന്നു. പുതിയ മേൽവിലാസത്തിൽ ജീവിതം ആരംഭിച്ച പ്രതി ഈ കാലയളവിൽ വിവാഹിതനായി.
ഇയാൾക്ക് ഇപ്പോൾ 35-ഉം 37-ഉം വയസ്സുള്ള രണ്ട് മക്കളുണ്ട്. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയ്ക്കായി എത്തിയപ്പോൾ വെളിയം സ്വദേശിയായ ഒരാളെ കണ്ടുമുട്ടിയതാണ് പ്രതിക്ക് വിനയായത്.
നാട്ടിലെ വിവരങ്ങൾ ഇയാളോട് ചോദിച്ചറിഞ്ഞ വിവരം പൊലീസിന് ലഭിക്കുകയായിരുന്നു. ഇതിനെത്തുടർന്ന് പൂയപ്പള്ളി പൊലീസ് കോട്ടയം കേന്ദ്രീകരിച്ച് രഹസ്യാന്വേഷണം ഊർജിതമാക്കി.
സമൂഹമാധ്യമങ്ങളെയും രഹസ്യവിവരങ്ങൾ നൽകുന്നവരെയും പ്രയോജനപ്പെടുത്തി നടത്തിയ നിരീക്ഷണത്തിനൊടുവിലാണ് കള്ളുഷാപ്പിൽ ജോലി ചെയ്യുകയായിരുന്ന പ്രതിയെ പിടികൂടിയത്. അറസ്റ്റിലായ പ്രതിയെ നാട്ടുകാരും ബന്ധുക്കളും തിരിച്ചറിഞ്ഞു.
പിടികിട്ടാപ്പുള്ളിയായി മാറിയ പ്രതിയെ 40 വർഷത്തിന് ശേഷം നിയമത്തിന് മുന്നിലെത്തിച്ചത് കൊല്ലം റൂറൽ പൊലീസിന്റെ നേട്ടമായി വിലയിരുത്തപ്പെടുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

