വൈപ്പിൻ മേഖലയിൽ കടലിലും കായലിലും മീൻ ലഭ്യത ഗണ്യമായി കുറഞ്ഞതോടെ പ്രാദേശിക വിപണി കടുത്ത പ്രതിസന്ധിയിൽ. ട്രോളിങ് നിരോധന കാലയളവിൽ പരമ്പരാഗത വള്ളങ്ങളെ ആശ്രയിച്ചിരുന്ന ഉപഭോക്താക്കൾക്ക് ഇക്കുറി വേണ്ടത്ര മീൻ ലഭിക്കാത്തതാണ് പ്രധാന വെല്ലുവിളിയായിരിക്കുന്നത്.
കടലിലെ പ്രതികൂല സാഹചര്യങ്ങൾ കാരണം മത്സ്യബന്ധന വള്ളങ്ങൾ തീരത്ത് നിന്ന് വിട്ടുനിൽക്കുന്നതാണ് ലഭ്യത കുറയാൻ കാരണം. ഇടക്കാലത്ത് ചെറിയ തോതിൽ ലഭിച്ചുകൊണ്ടിരുന്ന ചാള ഇപ്പോൾ വിപണിയിൽ ദൗർലഭ്യമാണ്.
മറ്റ് ജില്ലകളിൽ നിന്നുള്ള ചാളയെയാണ് നിലവിൽ വിപണി ആശ്രയിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ വെള്ള കൊഴുവ കിലോഗ്രാമിന് 130 രൂപയ്ക്കും നത്തോലി 80 രൂപയ്ക്കും ആണ് വിറ്റഴിച്ചത്.
മോശം കാലാവസ്ഥ തുടരുന്ന സാഹചര്യത്തിൽ വരുംദിവസങ്ങളിൽ മത്സ്യലഭ്യത കൂടുതൽ കുറയാനാണ് സാധ്യത. കായൽ മത്സ്യങ്ങളുടെ ലഭ്യതയും പരിമിതമാണ്.
കരിമീൻ മാത്രമാണ് വിപണിയിൽ സ്ഥിരമായി എത്തുന്നത്, എന്നാൽ ഇതിന് വില അമിതവുമാണ്. നാടൻ തിലാപ്പിയ ഇടയ്ക്കിടെ എത്തുന്നുണ്ടെങ്കിലും ആവശ്യകതയ്ക്ക് അനുസരിച്ചുള്ള ലഭ്യതയില്ല.
ഇതര സംസ്ഥാനങ്ങളിൽ നിന്ന് മീൻ എത്തുന്നുണ്ടെങ്കിലും ഗുണനിലവാരത്തിലുള്ള അനിശ്ചിതത്വം ഉപഭോക്താക്കളെ പിന്തിരിപ്പിക്കുന്നുണ്ട്. അതേസമയം, തമിഴ്നാട്ടിൽ നിന്ന് എത്തുന്ന കേര മീനിന് ഭേദപ്പെട്ട
ഗുണനിലവാരമുണ്ടെന്ന് വ്യാപാരികൾ വ്യക്തമാക്കുന്നു. ഈ പ്രതിസന്ധിക്കിടയിൽ ഫാമുകളിൽ നിന്ന് എത്തുന്ന വളർത്തു മീനുകൾക്ക് ആവശ്യക്കാർ വർധിച്ചിരിക്കുകയാണ്.
ഗുണനിലവാരം ഉറപ്പുള്ളതിനാൽ സാധാരണക്കാർ ഇതിനെ ആശ്രയിക്കുന്നു. ഗിഫ്റ്റ് തിലാപ്പിയയ്ക്ക് കിലോഗ്രാമിന് 240 രൂപയും, പിരാന വിഭാഗത്തിൽപ്പെട്ട
മീനുകൾക്ക് 220 രൂപയുമാണ് നിലവിലെ വില. ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള പിരാന 130 രൂപ നിരക്കിലും ലഭ്യമാണ്.
നാടൻ തിരുതയ്ക്ക് 800 രൂപയാണ് വിലയെങ്കിലും, വിലക്കുറവും ലഭ്യതയും കാരണം തിലാപ്പിയയും പിരാനയുമാണ് വിപണിയിൽ കൂടുതൽ വിറ്റഴിക്കപ്പെടുന്നത്. ഫാമുകളിൽ നിന്ന് നേരിട്ട് എത്തുന്നതിനാൽ മീനുകളുടെ ഗുണനിലവാരത്തിൽ സംശയം വേണ്ടെന്നതും ഉപഭോക്താക്കൾക്ക് ആശ്വാസമാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

