ഇന്ധനവിലയിലെ അമിതമായ വർധനവും യാത്രക്കാരുടെ എണ്ണത്തിലുണ്ടായ ഗണ്യമായ കുറവും പാലക്കാട് ജില്ലയിലെ സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കിയിരിക്കുന്നു. വരുമാനം നിലച്ചതോടെ പല ഉടമകളും ഈ മേഖല ഉപേക്ഷിക്കാനൊരുങ്ങുകയാണ്.
നിലവിൽ ജില്ലയിൽ നാലായിരത്തോളം പേരാണ് ബസ് സർവീസുകളെ ആശ്രയിച്ച് ഉപജീവനം നടത്തുന്നത്. ഒരു ബസ് സർവീസ് നിർത്തുമ്പോൾ ഏകദേശം അഞ്ചോ ആറോ പേരുടെ തൊഴിലാണ് നഷ്ടപ്പെടുന്നത്.
പ്രതിസന്ധിയുടെ ആഴം
ജില്ലയിലെ വിവിധ റൂട്ടുകളിലായി ആയിരത്തോളം സ്വകാര്യ ബസുകളാണ് സർവീസ് നടത്തുന്നത്. എന്നാൽ, വർധിച്ചുവരുന്ന പ്രവർത്തനച്ചെലവ് താങ്ങാനാവാതെ പല ഉടമകളും ട്രിപ്പുകൾ വെട്ടിക്കുറയ്ക്കുകയോ സർവീസുകൾ കുറയ്ക്കുകയോ ചെയ്തു.
നഗരപരിധിയിൽ സർവീസ് നടത്തുന്ന ബസുകൾക്ക് പ്രതിദിനം ശരാശരി 60 ലീറ്റർ ഡീസൽ ആവശ്യമാണ്, ഇതിനായി ഏകദേശം 6000 രൂപയോളം ചെലവാകുന്നു. രണ്ടാഴ്ച മുൻപ് വരെ 6000 മുതൽ 8000 രൂപ വരെ ലഭിച്ചിരുന്ന കലക്ഷൻ ഇപ്പോൾ 4500 മുതൽ 5000 രൂപ വരെയായി ഇടിഞ്ഞു.
ലാഭം ലഭിക്കാത്ത സാഹചര്യത്തിൽ, ബസിലെ ജീവനക്കാരുടെ എണ്ണം വെട്ടിക്കുറയ്ക്കാൻ ഉടമകൾ നിർബന്ധിതരായി. നിലവിൽ ഡ്രൈവറും കണ്ടക്ടറും മാത്രമുള്ള സർവീസുകളാണ് ഭൂരിഭാഗവും.
യാത്രക്കാരുടെ കുറവ്
നഗരത്തിലെ പ്രധാന റൂട്ടുകളായ ധോണി, ഒലവക്കോട്, റെയിൽവേ സ്റ്റേഷൻ, മുണ്ടൂർ എന്നിവിടങ്ങളിൽ സർവീസ് നടത്തുന്ന ബസുകളിൽ യാത്രക്കാരുടെ എണ്ണത്തിൽ വലിയ കുറവാണ് ഉണ്ടായിരിക്കുന്നത്. സ്ത്രീ യാത്രക്കാരുടെ എണ്ണത്തിലുണ്ടായ ഇടിവ് സർവീസുകളെ സാരമായി ബാധിച്ചിട്ടുണ്ട്.
ഒലവക്കോട്– റെയിൽവേ കോളനി റൂട്ടിലെ സ്ഥിതിയെക്കുറിച്ച് ബസ് ഡ്രൈവർ എം.സുരേഷ് പറയുന്നത് ഇങ്ങനെ: “2 ആഴ്ചയായി പീക്ക് ടൈമിൽ പോലും പത്തുപേരെയൊക്കെ വച്ച് സർവീസ് നടത്തേണ്ട അവസ്ഥയാണ്.
ട്രെയിൻ വരുന്ന ഇടവേളകളിൽ സർവീസ് നടത്തിയിട്ടുപോലും ആളുകൾ കയറുന്നില്ല. ദിവസവും 6500 രൂപ ഡീസലിനു വേണം.
കിട്ടുന്ന തുകയിൽ നിന്നു വേതനം വീതിച്ചെടുത്താൽ ഉടമയ്ക്ക് 500 രൂപ പോലും നൽകാൻ കഴിയുന്നില്ല.”
ബാധ്യതകൾ ഏറുന്നു
പാലക്കാട്– കൊഴിഞ്ഞാമ്പാറ– പൊള്ളാച്ചി, വടക്കഞ്ചേരി– ഗോവിന്ദാപുരം, പാലക്കാട്– കോഴിക്കോട്, പാലക്കാട്– മണ്ണാർക്കാട്, പാലക്കാട്– പട്ടാമ്പി– ഗുരുവായൂർ, പാലക്കാട്– തൃശൂർ തുടങ്ങിയ റൂട്ടുകളിലെ സ്വകാര്യ ബസുകൾ അതീവ ഗുരുതരമായ പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. ഒരു കിലോമീറ്റർ ഓടുന്നതിന് ഇന്ധനച്ചെലവായി മാത്രം ഏകദേശം 30 രൂപയോളം ചെലവാകുന്നുണ്ട്.
38 സീറ്റുള്ള ബസിന് മൂന്നു മാസം കൂടുമ്പോൾ 19,170 രൂപ നികുതിയായി അടയ്ക്കുകയും വേണം. വരുമാനത്തിലെ കുറവ് കാരണം ജില്ലയിലെ മുപ്പതോളം ബസുകൾ സർവീസ് നിർത്തിവയ്ക്കുന്നതിനായി മോട്ടോർ വാഹനവകുപ്പിന് അപേക്ഷ നൽകിക്കഴിഞ്ഞു.
പുതിയ ബജറ്റിൽ നികുതിയിൽ നൽകിയ ഇളവ് മാത്രമാണ് നിലവിൽ ഉടമകൾക്ക് അല്പമെങ്കിലും ആശ്വാസമാകുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

