ഇടുക്കി മെഡിക്കൽ കോളജിൽ മെഡിക്കൽ വിദ്യാർഥികളുടെ പഠനത്തിന് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളും അധ്യാപകരും ലഭ്യമാണെങ്കിലും, ചികിത്സാ രംഗത്ത് രോഗികൾ ഇന്നും വലിയ പ്രതിസന്ധിയാണ് നേരിടുന്നത്. കോടിക്കണക്കിനു രൂപ കഴിഞ്ഞ പത്ത് വർഷത്തിനിടയിൽ സർക്കാർ ചെലവഴിച്ചിട്ടും, മെച്ചപ്പെട്ട
ചികിത്സയ്ക്കായി രോഗികൾ മറ്റ് ആശുപത്രികളെ ആശ്രയിക്കേണ്ട ഗതികേടിലാണ്.
പ്രധാന ചികിത്സാ വിഭാഗങ്ങളിലെ ഒഴിവുകൾ
മെഡിക്കൽ കോളജിൽ സ്പെഷ്യൽറ്റി വിഭാഗങ്ങളുടെ പ്രവർത്തനം നാമമാത്രമാണ്. എൻഡോക്രൈനോളജി, ഗാസ്ട്രോ എൻട്രോളജി, ഓങ്കോളജി, റൂമറ്റോളജി, യൂറോളജി, റേഡിയോളജി, മെഡിസിൻ, നെഫ്രോളജി എന്നീ വിഭാഗങ്ങളിൽ നിലവിൽ ചികിത്സാ സൗകര്യങ്ങൾ ലഭ്യമല്ല.
കൂടാതെ, ഗൈനക്കോളജി, പീഡിയാട്രിക്സ് വിഭാഗങ്ങളിൽ എച്ച്ഒഡിമാരുടെ സേവനം ലഭ്യമല്ല. ഓർത്തോപീഡിക്സ്, ഇഎൻടി വിഭാഗങ്ങളിൽ തസ്തികകൾ പോലും ഇതുവരെ സൃഷ്ടിച്ചിട്ടില്ല.
ഈ വിഭാഗങ്ങളിലായി 6 അസിസ്റ്റന്റ് പ്രഫസർമാരുടെയും 4 അസോസിയറ്റ് പ്രഫസർമാരുടെയും ഒഴിവുകൾ ഇപ്പോഴും നികത്തപ്പെടാതെ കിടക്കുകയാണ്. ജീവനക്കാരുടെ കുറവ്
നഴ്സിങ്, പാരാമെഡിക്കൽ ജീവനക്കാരുടെ എണ്ണത്തിലുള്ള കുറവ് ആശുപത്രിയുടെ പ്രവർത്തനത്തെ കാര്യമായി ബാധിക്കുന്നുണ്ട്.
നിലവിൽ നഴ്സിങ് ഓഫിസർ ഗ്രേഡ് 1 തസ്തികയിൽ 7 പേരും ഗ്രേഡ് 2-ൽ 3 പേരും ഉൾപ്പെടെ ആകെ 10 പേർ മാത്രമാണുള്ളത്. നഴ്സിങ് അസിസ്റ്റന്റ് ഗ്രേഡ് 1, 2 തസ്തികകൾ ഇതുവരെ അനുവദിച്ചിട്ടുമില്ല.
ലാബ് ടെക്നിഷ്യൻമാർ, റേഡിയോളജിസ്റ്റ്, അനസ്തെറ്റിസ്റ്റ് ടെക്നിഷ്യൻ, ഫാർമസിസ്റ്റ്, കാത് ലാബ് ടെക്നിഷ്യൻ തുടങ്ങി നിരവധി തസ്തികകളിൽ നിയമനം നടത്തേണ്ടത് അത്യാവശ്യമാണ്. ലാബ് ടെക്നിഷ്യൻമാരുടെ അപര്യാപ്തത കാരണം, ആധുനിക ഉപകരണങ്ങൾ ഉണ്ടായിട്ടും രോഗികൾക്ക് അവയുടെ പ്രയോജനം ലഭിക്കുന്നില്ല.
കാത് ലാബ് പ്രവർത്തനങ്ങൾ
കാർഡിയോളജി വിഭാഗത്തിൽ അസിസ്റ്റന്റ് പ്രഫസറുടെ തസ്തിക സൃഷ്ടിച്ചിട്ടുണ്ടെങ്കിലും, കാത് ലാബ് പ്രവർത്തനസജ്ജമാകാത്തതിനാൽ നിയമനം ലഭിച്ചയാൾ ഇതുവരെ ജോയിൻ ചെയ്തിട്ടില്ല. കാത് ലാബ് നിർമാണം സെപ്റ്റംബർ ആദ്യവാരത്തോടെ പൂർത്തിയാകുമെന്നാണ് അധികൃതരുടെ അവകാശവാദം.
ഓഗസ്റ്റിൽ നിർമാണ ജോലികൾ പൂർത്തിയാക്കാൻ ലക്ഷ്യമിടുമ്പോഴും, പ്രവർത്തനങ്ങൾ ഇഴയുന്നതായി വ്യാപക പരാതിയുണ്ട്. വൈദ്യുതി ലഭ്യതക്കുറവ് പരിഹരിക്കാൻ ലോ വോൾട്ടേജ് ട്രാൻസ്ഫോമർ സ്ഥാപിക്കാൻ ആശുപത്രി വികസന സമിതി തുക കെഎസ്ഇബിക്ക് കൈമാറും.
മെഡിക്കൽ കോളജിന്റെ ബ്ലോക്ക് നമ്പർ രണ്ടിലെ നിർമാണം 80 ശതമാനത്തോളം പൂർത്തിയായിട്ടുണ്ട്. എന്നാൽ 6 തിയറ്ററുകൾ ഉൾപ്പെടുന്ന കോംപ്ലക്സ് തുറന്നു പ്രവർത്തിക്കണമെങ്കിൽ റിങ് റോഡുകളുടെ നിർമാണം പൂർത്തിയാകുകയും, 11 കെവി വൈദ്യുതി ലൈൻ വലിക്കുകയും വേണം.
കൂടാതെ, ഫയർ ആൻഡ് സേഫ്റ്റി സർട്ടിഫിക്കറ്റ് ലഭ്യമാക്കുന്ന നടപടികളും അനിവാര്യമാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

