പാലാ നഗരസഭയിൽ ഭരണമുന്നണിയിൽ വീണ്ടും രാഷ്ട്രീയ അനിശ്ചിതത്വം ഉടലെടുക്കുന്നു. യുഡിഎഫും സ്വതന്ത്രമുന്നണി കൂട്ടായ്മയും ചേർന്ന് ഭരിക്കുന്ന നഗരസഭയിൽ, നഗരസഭാധ്യക്ഷയ്ക്കുള്ള പിന്തുണ കോൺഗ്രസ് കൗൺസിലർമാർ പിൻവലിച്ചതായി പ്രഖ്യാപിച്ചത് ഭരണപക്ഷത്ത് വലിയ പ്രതിസന്ധിക്ക് വഴിവെച്ചിരിക്കുകയാണ്.
കൊട്ടാരമറ്റം ബസ് സ്റ്റാൻഡ് ഡി വൈ എഫ് ഐ ജില്ലാ സമ്മേളനത്തിനായി വിട്ടുനൽകാൻ കൗൺസിൽ യോഗത്തിൽ തീരുമാനമെടുത്തതാണ് പുതിയ വിവാദങ്ങൾക്ക് തുടക്കമിട്ടത്. സ്വതന്ത്രമുന്നണി അംഗങ്ങൾ എൽ ഡി എഫിന് അനുകൂലമായ നിലപാടാണ് സ്വീകരിക്കുന്നതെന്ന് ആരോപിച്ചാണ് കോൺഗ്രസ് പാർലമെന്ററി പാർട്ടി ലീഡർ ടോണി തൈപ്പറമ്പിൽ നേതൃത്വത്തിലുള്ള കൗൺസിലർമാർ യോഗത്തിൽ നിന്ന് ഇറങ്ങിപ്പോയത്.
ഭരണസമവാക്യവും കക്ഷിനിലയും ആകെ 26 സീറ്റുകളുള്ള നഗരസഭയിൽ എൽ ഡി എഫ്-12, യു ഡി എഫ്-10, സ്വതന്ത്ര കൂട്ടായ്മ-3, സ്വതന്ത്ര-1 എന്നിങ്ങനെയാണ് നിലവിലെ കക്ഷിനില. നഗരസഭാധ്യക്ഷ ദിയ ബിനു, ബിനു പുളിക്കക്കണ്ടം, ബിജു പുളിക്കക്കണ്ടം എന്നിവരടങ്ങുന്നതാണ് സ്വതന്ത്രകൂട്ടായ്മ.
ഇവരും ഒരു സ്വതന്ത്ര അംഗവും ഉൾപ്പെടുന്ന പിന്തുണയിലാണ് യു ഡി എഫ് ഭരണം നിലനിർത്തുന്നത്. അതിനാൽ തന്നെ ഏതെങ്കിലും കക്ഷി പിന്തുണ പിൻവലിച്ചാൽ ഭരണം നിലംപൊത്തും.
എന്നാൽ, കോൺഗ്രസ് കൗൺസിലർമാരുടെ തീരുമാനത്തെക്കുറിച്ച് ഔദ്യോഗികമായി അറിയില്ലെന്നാണ് ജില്ലാ കോൺഗ്രസ് നേതൃത്വത്തിന്റെ നിലപാട്. യോഗത്തിലെ നാടകീയ സംഭവങ്ങൾ ബസ് സ്റ്റാൻഡ് വിട്ടുനൽകുന്നതുമായി ബന്ധപ്പെട്ട
ചർച്ച നടന്ന കൗൺസിൽ യോഗത്തിൽ റിയ ചീരാംകുഴി, സോണിയ ചിറ്റേട്ട്, ബിനു പുളിക്കക്കണ്ടം, ബിജു പുളിക്കക്കണ്ടം എന്നിവർ പങ്കെടുത്തിരുന്നില്ല. ബിജു മാത്യൂസ് വിഷയം ചർച്ച ചെയ്ത ശേഷമാണ് യോഗത്തിൽ എത്തിയത്.
വോട്ടെടുപ്പിലൂടെ തീരുമാനം എടുക്കണമെന്ന പ്രതിപക്ഷ ആവശ്യം നഗരസഭാധ്യക്ഷ അംഗീകരിച്ചു. യു ഡി എഫ് അംഗങ്ങളിൽ അഞ്ച് പേർ വിട്ടുനിന്നതിനാൽ ബസ് സ്റ്റാൻഡ് വിട്ടുനൽകാനുള്ള തീരുമാനം പാസാവുകയായിരുന്നു.
സ്വതന്ത്ര അംഗവും ഉപാധ്യക്ഷയുമായ മായാ രാഹുൽ യോഗം ബഹിഷ്കരിച്ചു. പ്രതിപക്ഷ നേതാവ് ബിജു പാലൂപ്പടവൻ ബസ് സ്റ്റാൻഡ് വിട്ടുനൽകുന്നതിനെതിരെ നിലപാട് സ്വീകരിച്ചെങ്കിലും, മറ്റൊരു കൗൺസിൽ യോഗത്തിൽ വിഷയം ചർച്ച ചെയ്യാമെന്ന് ദിയ ബിനു വ്യക്തമാക്കി.
തുടരുന്ന തർക്കങ്ങൾ കൊട്ടാരമറ്റം ബസ് സ്റ്റാൻഡിലെ ഓട്ടോറിക്ഷ പാർക്കിങ്ങിനെ ചൊല്ലി നേരത്തെയും ഭരണമുന്നണിയിൽ തർക്കങ്ങൾ ഉണ്ടായിരുന്നു. ബിജു മാത്യൂസും ബിനു പുളിക്കക്കണ്ടവും തമ്മിൽ ഇതുമായി ബന്ധപ്പെട്ട് രണ്ട് പോലീസ് കേസുകൾ നിലവിലുണ്ട്.
തർക്കങ്ങൾ ഒത്തുതീർപ്പാക്കാൻ കോൺഗ്രസ് നേതൃത്വം മുൻപ് നടത്തിയ ശ്രമങ്ങൾ പരാജയപ്പെട്ട സാഹചര്യമാണ് ഇപ്പോഴുമുള്ളത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

