തൃശൂർ ജില്ലയിലെ കൊരട്ടി ജംക്ഷനിൽ വെച്ച് വെസ്റ്റ് കൊരട്ടി സ്വദേശി സിദ്ധാർഥ് ഉദയകുമാറിനെ (22) ക്രൂരമായി മർദിച്ച സംഭവത്തിൽ ഉദ്യോഗസ്ഥനെതിരെ പ്രതിഷേധം ശക്തമാകുന്നു. കൊരട്ടി പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫിസർ ബി.വിനുകുമാർ (40) ആണ് യുവാവിനെ മർദിച്ചത്.
കേസിൽ പ്രതിയായ ഉദ്യോഗസ്ഥനെതിരെ ജാമ്യം ലഭിക്കാവുന്ന വകുപ്പുകൾ മാത്രമാണ് ചുമത്തിയിരിക്കുന്നത്. എഫ്ഐആറിൽ പ്രതിയുടെ പേരുപോലും ഉൾപ്പെടുത്താൻ അധികൃതർ തയാറായില്ലെന്ന് പരാതി ഉയർന്നിട്ടുണ്ട്.
സംഭവത്തെക്കുറിച്ച് സിദ്ധാർഥ് ഉദയകുമാർ പറയുന്നതിങ്ങനെ: “കോട്ടയം കുറവിലങ്ങാടുള്ള ജോലിസ്ഥലത്തു നിന്നു വീട്ടിലേക്കു പോകാനായി ബസ് ഇറങ്ങിയപ്പോൾ മഴയായിരുന്നതു കാരണം മെഡിക്കൽ ഷോപ്പിനു സമീപം കയറി നിൽക്കുകയായിരുന്നു. ട്രാഫിക് ഡ്യൂട്ടിയിലുണ്ടായിരുന്ന യൂണിഫോമിട്ട
പൊലീസ് ഉദ്യോഗസ്ഥൻ അവിടെ ഉണ്ടായിരുന്നു. കൂട്ടുകാരൻ വീട്ടിലേക്കു കൊണ്ടുപോകാനായി വാഹനവുമായി എത്തിച്ചേരുമെന്നറിയിച്ചതിനാൽ കാത്തുനിൽക്കുമ്പോഴാണു മഫ്ടിയിൽ വിനുകുമാർ എത്തിയത്.” തുടർന്ന് യാതൊരു പ്രകോപനവുമില്ലാതെ ബാഗ് പിടിച്ചുവാങ്ങുകയും അസഭ്യം പറയുകയും ചെയ്തതായി സിദ്ധാർഥ് വ്യക്തമാക്കി.
“ഞാൻ പൊലീസാടാ എന്നു പറഞ്ഞാണു അതിക്രൂരമായി തലയിലും മുഖത്തും ഇടിച്ചത്. ഒരു തവണ അടിച്ചപ്പോൾ താൻ കുറ്റമൊന്നും ചെയ്തിട്ടില്ലെന്നും തന്നെ മർദിക്കരുതെന്നും ആവശ്യമെങ്കിൽ പൊലീസ് സ്റ്റേഷനിലേക്കു വരാമെന്നും അറിയിച്ചെങ്കിലും വീണ്ടും മർദിക്കുകയായിരുന്നു.
ഓപ്പറേഷൻ തൂഫാനിൽ കുടുക്കും എന്നു പറഞ്ഞായിരുന്നു മർദനം.” സിദ്ധാർഥ് കൂട്ടിച്ചേർത്തു. ആക്രമണത്തിൽ സിദ്ധാർഥിന്റെ നെറ്റിയിൽ മുഴകൾ രൂപപ്പെടുകയും കവിളിന് ഗുരുതര പരിക്കേൽക്കുകയും ചെയ്തു.
ചാലക്കുടി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയ സിദ്ധാർഥിന് വിദഗ്ധ ചികിത്സയ്ക്കായി തിങ്കളാഴ്ച വീണ്ടും ആശുപത്രിയിൽ എത്താൻ നിർദേശമുണ്ട്. മദ്യപിച്ച് ലക്കുകെട്ട
നിലയിലായിരുന്നു ഉദ്യോഗസ്ഥനെന്ന് ദൃക്സാക്ഷികൾ സാക്ഷ്യപ്പെടുത്തുന്നു. ബാറിൽ നിന്നാണ് ഇയാൾ എത്തിയതെന്നും ആരോപണമുണ്ട്.
ഇതിനിടെ, സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതിനെ തുടർന്ന് ബി.വിനുകുമാറിനെ സസ്പെൻഡ് ചെയ്തിട്ടുണ്ട്. നേരത്തെ വിവിധ സ്റ്റേഷനുകളിൽ അച്ചടക്ക നടപടി നേരിട്ട് സ്ഥലംമാറ്റം ലഭിച്ച ഉദ്യോഗസ്ഥനാണ് ഇദ്ദേഹം.
സംഭവത്തിൽ എസ്എച്ച്ഒ എ.ഹബീബുള്ള കേസ് റജിസ്റ്റർ ചെയ്തെങ്കിലും, ശക്തമായ നടപടികൾ സ്വീകരിക്കാൻ തയാറാകാത്ത പൊലീസിന്റെ നിലപാടിനെതിരെ നാട്ടുകാർ അമർഷം രേഖപ്പെടുത്തുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

